ഇറാഖിലെ ഇന്ത്യാക്കാരുടെ കൂട്ടക്കൊല; കേന്ദ്രസര്‍ക്കാരിന്‍റെ മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി

ഇറാഖില്‍ മൂന്നര വര്‍ഷം മുമ്പ് ഐ.എസ്. ഭീകരരുടെ പിടിയിലായ 39 ഇന്ത്യാക്കാരെ കൊലപ്പെടുത്തിയ സംഭവത്തെ നിയമസഭ ഒന്നടങ്കം അപലപിക്കുന്നു. കുടുംബാംഗങ്ങളോട് നിയമസഭയുടെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

2014 ജൂണില്‍ ഇറാഖിലെ മുസോളില്‍ ഭീകരര്‍ ബന്ദികളാക്കിയ നിര്‍മ്മാണ തൊഴിലാളികളെയാണ് ഇത്തരത്തില്‍ കൂട്ടക്കൊല ചെയ്തിട്ടുള്ളത്. പഞ്ചാബില്‍ നിന്നുള്ള 27 പേരും ബീഹാറില്‍ നിന്നുള്ള 6 പേരും ഹിമാചല്‍പ്രദേശില്‍ നിന്നുള്ള 4 പേരും ബംഗാളില്‍ നിന്നുള്ള 2 പേരുമാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത് എന്ന വിവരം പാര്‍ലമെന്റില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ഇത്തരം ദാരുണമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യമായി ബന്ധുക്കളെ അറിയിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി പാര്‍ലമെന്റില്‍ നേരിട്ട് അറിയിക്കുന്ന രീതിയാണ് ഉണ്ടായിട്ടുള്ളത്. ബന്ദികളാക്കപ്പെട്ടവര്‍ കൊല്ലപ്പെട്ടുവെന്ന്, രക്ഷപ്പെട്ട് ഇന്ത്യയില്‍ മടങ്ങിയെത്തിയ ദൃക്‌സാക്ഷി ഹര്‍ജിത്ത് മാസിയുടെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാര്‍ ഇത്രകാലവും അവഗണിക്കുകയായിരുന്നു.

മാത്രമല്ല, മാസി നുണ പറയുകയാണെന്ന് ആരോപിച്ചും കള്ളക്കേസ് ചാര്‍ജ്ജ് ചെയ്തും അദ്ദേഹത്തെ ജയിലിലടക്കുകയും ചെയ്തു. ഈ പ്രശ്‌നം സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തേണ്ടിവന്ന സന്ദര്‍ഭങ്ങളിലെല്ലാം വസ്തുത സഭയില്‍ നിന്ന് മറച്ചുവെയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഇത് അങ്ങേയറ്റം ഖേദകരമാണ്. മനുഷ്യത്വരഹിതമായ നടപടിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here