സംഘപരിവാറിന്‍റെ കൊലക്കത്തിക്ക് കോടതിയുടെ ശിക്ഷ; ഗോരക്ഷാ കൊലപാതകങ്ങളില്‍ ആദ്യ വിധി; ബിജെപി നേതാവടക്കം 11പേര്‍ക്ക് ജീവപര്യന്തം

ബീഫ് കൈവശം വെച്ചുവെന്ന പേരില്‍ യൂവാവിനെ കൊലപ്പെടുത്തിയതിന് ബിജെപി നേതാവടക്കം 11 പ്രതികള്‍ക്ക് ജീവപര്യന്തം.രാജ്യത്ത് ബീഫിന്റെ പേരിലുള്ള കൊലപാതകത്തില്‍ ആദ്യമായാണ് കോടതി ശിക്ഷ വിധിക്കുന്നത്. ജാര്‍ഖണ്ഡിലെ രാംഘഡില്‍ വെച്ച് അലിമുദ്ദീന്‍ എന്ന വ്യക്തിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്.

ജാര്‍ഖണ്ഡില്‍ അലിമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ 11 പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഗോരക്ഷകര്‍ നടത്തിയ കൊലപാതകങ്ങളില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നത് രാജ്യത്ത് ആദ്യമായാണ്.

ജാര്‍ഖണ്ഡിലെ പ്രത്യേക അതിവേഗ കോടതിയാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്.അന്‍സാരിയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിയില്‍ പറയുന്നു. അന്‍സാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് മാര്‍ച്ച് 16ന് കോടതി കണ്ടെത്തി.

എന്നാല്‍ ശിക്ഷ വിധിക്കാന്‍ കോടതി ഇന്നത്തേക്ക് കേസ് മാറ്റി വെക്കുകയായിരുന്നു. 11 പ്രതികളുടെ പേരില്‍ കൊലക്കുറ്റവും 3പേര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റവുമാണുള്ളത്. പ്രതികളില്‍ ഒരാളായ നിത്യനാഥ് മെഹാതോ ബിജെപിയുടെ രാംഘഡിലെ യൂണിറ്റ് മീഡിയാ ഇന്‍ ചാര്‍ജറാണ്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 29നാണ് രാംഘഡില്‍ വെച്ച് മുപ്പതോളം വരുന്ന ഗോരക്ഷാ പ്രവര്‍ത്തകര്‍ അന്‍സാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. 200 കിലോ ഇറച്ചിയുമായി വാനില്‍ പോകുമ്പാഴായിരുന്നു ആക്രമം. തുടര്‍ന്ന് വാഹനം കത്തിക്കുകയും ചെയ്തു. നീണ്ട 9മാസത്തെ വാദ പ്രതിവാദങ്ങള്‍ക്കു ശേഷമാണ് കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നത്.

കേസില്‍ വിസ്താരം നടക്കുന്ന ദിവസം സാക്ഷിയുടെ ഭാര്യ കൊല്ലപ്പെട്ടതില്‍ ദുരൂഹതയൂുണ്ടെന്ന് അന്‍സാരിയുടെ കുടുംബം ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി കശാപ്പു നിരോധിച്ചതിനു പിന്നാലെയുണ്ടായ സംഭവം ദേശീയ തലത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു.

ബിജെപി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ഇന്ത്യയില്‍ ബീഫിന്റെ വിഷയവുമായി ബന്ധപ്പെട്ട് 29 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തൊടാകെ 293 ആക്രമങ്ങളും അരങ്ങേറി. കൊല്ലപ്പെട്ട 29 പേരില്‍ 25 പേരും മുസ്ലീം മത വിശ്വാസികളാണ്.

ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കു നേരെയുള്ള അതിക്രമങ്ങളാണ് ബിജെപി സര്‍ക്കാര്‍ രാജ്യത്ത് അഴിച്ചു വിടുന്നതെന്ന് ഇടതുപക്ഷ സംഘടനകള്‍ അന്നു മുതലെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News