ബ്രസീലിന്‍റെ അധികാരവ‍ഴികള്‍ പിടിച്ചെടുക്കാന്‍ കരിയിലകിക്കുകളുടെ രാജകുമാരന്‍; പുതിയ വേഷത്തില്‍ ആരാധകരെ ഞെട്ടിച്ച് റൊണാള്‍ഡീഞ്ഞ്യോ

ഫുട്ബോളില്‍ നിന്ന് വിരമിച്ച ബ്രസീലിന്‍റെ ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ ഇനി രാഷ്ട്രീയ കളിക്ക്. ബ്രസീലിലെ തീവ്ര വലതുപക്ഷ കക്ഷിയായ ബ്രസീലിയന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി (പാർട്ടീ ഡോ റിപ്പബ്ലിക്കാനോ ബ്രസീലേറിയോ)യില്‍ ചേര്‍ന്നു.

ഒക്ടോബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സെനറ്റിലേക്കോ ചേംബര്‍ ഓഫ് ഡപ്യൂട്ടി സ്ഥാനത്തേക്കോ റൊണാള്‍ഡീഞ്ഞോ മത്സരിക്കും. തലസ്ഥാനമായ ബ്രസീലിയയില്‍ നടന്ന ചടങ്ങില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപന രേഖകളില്‍ റൊണാള്‍ഡീഞ്ഞോ ഒപ്പുവെച്ചു.

തന്നെ താരമാക്കിയ രാജ്യത്തോടുള്ള കടപ്പാട് വീട്ടുന്നതിനാണ് രാഷ്ട്രീയത്തിലിറങ്ങുന്നതെന്ന് റൊണാള്‍ഡീഞ്ഞോ പറഞ്ഞു.കരിയില കിക്കിന്‍റെ രാജകുമാരനെന്നറിയപ്പെടുന്ന റൊണാള്‍ഡീഞ്ഞോ പ്രഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് കഴിഞ്ഞ ജനുവരിയിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

മായാത്ത ചിരിയും അപാരമായ ഡ്രിബിളിങ്ങുമായിരുന്നു മൂന്ന് പതിറ്റാണ്ട് കാലം മൈതാനങ്ങളില്‍ നിറസാന്നിധ്യമായ റൊണാള്‍ഡീഞ്ഞോയുടെ പ്രത്യേകത. ബ്രസീലിന്‍റെ 2002 ലോകകപ്പ് നേട്ടത്തിൽ പ്രധാന പങ്കാണ് റൊണാള്‍ഡീഞ്ഞോയ്ക്കുള്ളത്.

ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ കരിയില കിക്കിലൂടെ നേടിയ ഗോൾ ലോകകപ്പ് ചരിത്രത്തിലെ തന്നെ മികച്ച ഗോളുകളിലൊന്നാണ്.

ബ്രസീലിനായി 101 മൽസരങ്ങളിൽ 35 ഗോളുകൾ നേടിയിട്ടുണ്ട്. സ്പാനിഷ് ക്‌ളബ്ബ് ബാഴ്‌സലോണയ്‌ക്കൊപ്പം ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും രണ്ടു സ്പാനിഷ് കിരീടങ്ങളും നേടിയ റൊണാള്‍ഡീഞ്ഞോ 2004 ലും 2005 ലും ലോകഫുട്‌ബോളര്‍ പുരസ്‌ക്കാരം നേടുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News