തൊഴിലാളി പ്രശ്‌നങ്ങള്‍ക്കൊപ്പം സാമൂഹ്യ പ്രശ്‌നങ്ങളും സിഐടിയുവിന്റെ ഉത്തരവാദിത്യം: ഡോ. കെ ഹേമലത

തൊഴിലാളി പ്രശ്‌നങ്ങള്‍ക്കൊപ്പം സാമൂഹ്യ പ്രശ്‌നങ്ങള്‍ കൂടി, സി ഐ ടി യു ഏറ്റെടുക്കുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് ഡോ. കെ ഹേമലത. നാളെ കോഴിക്കോട് ആരംഭിക്കുന്ന സി ഐ ടി യു ദേശീയ ജനറല്‍ കൗണ്‍സില്‍ ഇതിനുള്ള കര്‍മ്മ പരിപാടിക്ക് രൂപം നല്‍കും. ട്രേഡ് യൂണിയന്‍ ഐക്യ സമ്മേളനം ഇന്ന് വൈകീട്ട് ചേരും.

സി ഐ ടി യു ദേശീയ ജനറല്‍ കൗണ്‍സിലിന്റെ ഭാഗമായി കോഴിക്കോട് മുതലക്കുളത്ത് നടന്ന ജന്‍ ഏകത, ജന്‍ അധികാര്‍, ജന്‍ ആന്തോളന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വിശാലമായ പ്രക്ഷോഭത്തിന് സി ഐ ടി യു മുന്‍കൈ എടുക്കുമെന്ന് ഡോ. കെ ഹേമലത വ്യക്തമാക്കിയത്.

രാജ്യത്ത് എല്ലാ മേഖലയിലും പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട, എന്നാല്‍ ജനവിരുദ്ധ നയങ്ങളുമായി മോഡി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. ദളിത് പ്രശ്നങ്ങള്‍ ദളിതരും സ്ത്രി വിഷയങ്ങള്‍ വനിതാ സംഘടനകളും എന്ന നിലയില്‍ ഓരോ വിഭാഗത്തിന്റെയും പ്രശ്‌നങ്ങള്‍ അതാത് മേഖലയിലുളളവര്‍ ഏറ്റെടുക്കുന്ന സാഹചര്യം മാറണം. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എല്ലാ പ്രക്ഷോഭങ്ങളേയും കൂട്ടിയോജിപ്പിച്ചാല്‍ ബി ജെ പി യെ പരാജയപ്പെടുത്താനാവുമെന്ന് ഹേമലത പറഞ്ഞു.

രാജ്യത്ത് മുമ്പൊന്നുമില്ലാത വിധം കര്‍ഷക പ്രക്ഷോഭം കരുത്താര്‍ജിക്കുകയാണെന്ന് മഹാരാഷ്ട്രയിലെ ലോങ് മാര്‍ച്ചിന് നേതൃത്വം നല്‍കിയ കിസാന്‍സഭാ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ദാവ്ളെ പറഞ്ഞു. കര്‍ഷകത്തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സെക്രട്ടറി എ വിജയരാഘവന്‍, ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി സതീദേവി എന്നിവരും സംസാരിച്ചു. ഇന്ന് വൈകീട്ട് നടക്കുന്ന ട്രേഡ് യൂണിയന്‍ ഐക്യസമ്മേളനത്തില്‍ വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News