എകെജിയുടെ ഓര്‍മയില്‍ കേരളം; പാവങ്ങളുടെ പടത്തലവന്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് 41 വര്‍ഷം

നാലു പതിറ്റാണ്ടുകള്‍ക്കിപ്പുറവും അധസ്ഥിതന്റെയും പോരാളികളുടെയും ഉള്ളില്‍ തെളിമ മങ്ങാത്ത ഊര്‍ജ്ജ പ്രവാഹമായി നിലകൊള്ളുന്ന മഹാ മനീഷി. ജാതിയുടെയും മതത്തിന്റെയും ചങ്ങലക്കെട്ടുകളില്‍ കുടുങ്ങിക്കിടന്ന കേരളത്തിന് ദിശാബോധം നല്‍കി പുരോഗമന പാതയില്‍ നടത്തിയ ദാര്‍ശനികന്റെ പേര് എകെജി. പാവങ്ങളുടെ പടത്തലവന്‍ ആയില്യത്ത് കുറ്റിയേരി ഗോപാലന്‍ എന്ന എകെജി വിട പറഞ്ഞിട്ട് ഇന്നേക്ക് 41 വര്‍ഷം.

പ്രക്ഷോഭങ്ങളെ ജീവവായു കണക്കെ സ്വാംശീകരിച്ച മഹാനായ വിപ്ലകാരി., ജനങ്ങള്‍ക്കൊപ്പം നിന്ന് ജനങ്ങളില്‍ നിന്ന് പഠിച്ച് അവരെ നയിച്ച കമ്മ്യൂണിസ്റ്റ്കാരന്‍. അധ്വാനിക്കുന്നവരും ചൂഷിതരുമായ ജനവിഭാഗങ്ങളുടെ മോചനത്തോടു കൂടി മാത്രമെ യാഥാര്‍ത്ഥ രാഷ്ടീയ സ്വാതന്ത്ര്യം സാര്‍ത്ഥമാകൂ എന്ന വീക്ഷണത്തോടെ സമൂഹ വീഥികളില്‍ പട നയിച്ച ധീരനായ പോരാളി വിട പറഞ്ഞത് 1977 മാര്‍ച്ച് 22 നായിരുന്നു.

അയാള്‍ പറഞ്ഞത് മുറിഞ്ഞ വാക്കുകളായിരിക്കാം പക്ഷേ അതൊരിക്കലും മുറിഞ്ഞ സത്യങ്ങളല്ല നെഹറു എകെജിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ഇന്ത്യയുടെ ഹൃദയഭാഗങ്ങളൊക്കെയും സഞ്ചരിച്ച് അനുഭവിച്ചും കണ്ടും ഇന്ത്യന്‍ രാഷ്ട്രീയത്തെ അത്രമേല്‍ അറിഞ്ഞ ആ പോരാളിയെ അടുത്തറിഞ്ഞവര്‍ക്കെല്ലാം ഇത് തന്നെയാവും പറയാനുണ്ടാവുക. അവഗണിക്കപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന സമരമുഖങ്ങളില്‍ ശാരീരിക അവശതകളും അദ്ദേഹത്തെ തളര്‍ത്തിയിരുന്നില്ല.

നിലനില്‍പിനു വേണ്ടി വേരില്ലാത്ത ആക്ഷേപങ്ങളുയര്‍ത്തിവിടുന്ന അമൂല്‍ ബേബി മാര്‍ക്ക് കേരളം നല്‍കിയ മറുപടി ആ രാഷ്ട്രീയ ശരിമ അനുഭവിച്ചറിഞ്ഞ നാടിന്റെ സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു.

സ്വന്തം രാജ്യത്ത് സ്വാതന്ത്ര്യം പുലരുമ്പോള്‍ കണ്ണൂര്‍ ജയിലില്‍ തടവുകാരനായിരുന്ന വിപ്ലവകാരി. 1948 ല്‍ കമ്മൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചപ്പോള്‍ ഈ നടപടി ഭരണഘടന വിരുദ്ധമാണെന്ന് കോടതിയില്‍ സ്വയം വാദിച്ച് ജയിച്ച ധീര പോരാളി.

1952ല്‍ ഇന്ത്യയുടെ പ്രഥമ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട എകെജി അടിസ്ഥാന വര്‍ഗങ്ങളോട് പുലര്‍ത്തിയ അചഞ്ചലമായ അടുപ്പമാണ് അദ്ദേഹത്തെ പാവങ്ങളുടെ പടത്തലവനാക്കിയത്. ഗുരുവായൂര്‍ സത്യാഗ്രഹത്തിലെ പ്രധാന പോരാളി, പാലിയം സമരത്തെ ജ്വലിപ്പിച്ച് നിര്‍ത്തിയ മഹാനായ വിപ്ലവകാരി…

ചരിത്രത്താളുകളില്‍ എഴുതപ്പെട്ട, കര്‍ഷക-കര്‍ഷകേതര സമരങ്ങളാല്‍ അടയാളപ്പെടുത്തപ്പെട്ട ഈ നാട്ടില്‍ പുതിയ പോരാട്ടങ്ങള്‍ക്കും പോരാളികള്‍ക്കും എകെജി എന്നും ഒരു ആവേശ ഓര്‍മ്മപ്പെടുത്തലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here