ഇംഗ്ലണ്ടിന് നാണക്കേടിന്റെ ഇന്നിങ്ങ്‌സ്; ന്യൂസിലന്‍ഡിനെതിരെ 58ന് പുറത്ത്

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് നാണക്കേട്. ആദ്യ ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20.4 ഓവറില്‍ 58 റണ്‍സിന് എല്ലാവരും പുറത്തായി. ടെസ്റ്റ് കരിയറില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണിത്. 1887ല്‍ സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് 45 റണ്‍സിന് ഓളൗട്ടായിരുന്നു.

ആറ് റണ്‍സെടുക്കുന്നതിനിടെ ആദ്യ രണ്ട് വിക്കറ്റുകളും നഷ്ടപ്പെട്ട ഇംഗ്‌ളണ്ട് ഒരു ഘട്ടത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയിലായിരുന്നു. അവസാന വിക്കറ്റില്‍ ജെയിംസ് ആന്‍ഡേഴ്സനുമൊരുമിച്ച് ക്രെയ്ഗ് ഒവര്‍ട്ടനുണ്ടാക്കിയ 31 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇംഗ്‌ളണ്ടിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.

25 പന്തില്‍ നിന്ന് ഒവര്‍ട്ടന്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ജോ റൂട്ടടക്കം അഞ്ച് പേര്‍ സംപൂജ്യരായി മടങ്ങി. ഒവര്‍ട്ടനെ കൂടാതെ ഓപ്പണര്‍ മാര്‍ക്ക് സ്റ്റോണ്‍മാന്‍ മാത്രമാണ് സ്‌കോര്‍ ബോര്‍ഡില്‍ രണ്ടക്കം കുറിച്ചത്.

32 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ട്രന്റ് ബൗള്‍ട്ടിന്റെ കരിയറിലെ മികച്ച ബൗളിങ് പ്രകടനമാണ് ഇംഗ്‌ളണ്ടിനെ ചെറിയ സ്‌കോറിലൊതുക്കിയത്.

ആദ്യ ആറ് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ബൗള്‍ട്ട് വീഴ്ത്തിയത്. പത്തോവറില്‍ 25 റണ്‍സ് വഴങ്ങി ടിം സൗത്തി നാല് വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെന്ന നിലയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News