കുപ്പിവെള്ളത്തിന് വിലകുറയും

കുപ്പിവെള്ളത്തിന് വിലകുറയ്ക്കാൻ കുപ്പിവെള്ള കമ്പനികൾ തീരുമാനിച്ചു. ലിറ്ററിന് 20 രൂപയായിരുന്നത് 12 രൂപയായാണ് കുറഞ്ഞത് . സംസ്ഥാന സർക്കാരിന്റെ അഭ്യർഥന മാനിച്ചും , വരൾച്ചയും കുടിവെള്ളക്ഷാമവും പരിഗണിച്ചുമാണ് നടപടിയെന്ന് കുപ്പിവെള്ളക്കമ്പനി ഉടമകളുടെ സംഘടന വ്യക്തമാക്കി. വിലക്കുറവ് ഏപ്രിൽ രണ്ടിനു നിലവിൽവരും .

കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കൊച്ചിയിൽ യോഗം ചേർന്നാണ് കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാൻ തീരുമാനിച്ചത്. ജി എസ് ടി നിലവിൽ വന്നതിന് ശേഷം സർക്കാർ തുടർച്ചയായി ഉന്നയിച്ചു കൊണ്ടിരുന്ന ആവശ്യങ്ങളിലൊന്നാണ് ഇതോടെ യാഥാർഥ്യമാകുന്നത്. വിലക്കുറവ് ഏപ്രിൽ രണ്ടിനു നിലവിൽവരും. സർക്കാരിൻറെ അഭ്യർഥന മാനിച്ചാണ് തീരുമാനമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്ന് അവർ വ്യക്തമാക്കി.

മുൻപ് 10 രൂപയായിരുന്ന ഒരു ലിറ്റർ കുപ്പിവെള്ളത്തിന് നാലു തവണകളായി 20ലേക്ക് വർധിപ്പിച്ചത് ഈ മേഖലയിലെ ബഹുരാഷ്ട്ര കമ്പനികളുടെ സമ്മർദ്ദത്തെ തുടർന്നായിരുന്നു എന്ന് ഭാരവാഹികൾ പറഞ്ഞു. ഇത്തരം കമ്പനികളുടെ കുപ്പിവെള്ളത്തിന് ഇക്കുറിയും വില കുറയില്ല. വില കുറയ്ക്കുന്ന കമ്പനികൾക്കെതിരെ വ്യാജ പ്രചരണത്തിന് സാധ്യത ഉണ്ടെന്നും ഭാരവാഹികൾ പറഞ്ഞു .

ഏപ്രിൽ രണ്ടിന് ശേഷം, രേഖപ്പെടുത്തിയിരിക്കുന്ന വില എത്രയാണെങ്കിലും ലിറ്ററിന് 12 രൂപ മാത്രം കടകളിൽ നൽകിയാൽ മതിയാകും എന്നും കമ്പനി ഉടമകൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here