വെള്ളിത്തിരയുടെ വെളിച്ചത്തില്‍ മിന്നിത്തിളങ്ങുകയും പിന്നീട് ദുരന്തം വേട്ടയാടുകയും ചെയ്യ്തിട്ടുള്ള ഒരുപാട് താരങ്ങളെ നമ്മള്‍ കണ്ടിട്ടുണ്ട്. കലാകാരന്റെ ജീവിതം തന്നെ അങ്ങനെയാണെന്ന് പറയുന്നവരും കുറവല്ല.

ഇപ്പോഴിതാ അത്തരം സാഹചര്യത്തിലൂടെയാണ് ബോളിവുഡിനെ ഒരു കാലത്ത് പുളകമണിയിച്ച നായിക കടന്നുപോകുന്നത്. സല്‍മാന്‍ ഖാന്റെ നായികയായി മിന്നിതിളങ്ങിയ പൂജ ദഡ്‌വാളിന്റെ അവസ്ഥ ദയനീയമാണ്.

മാരകമായ ക്ഷയ രോഗമാണ് പൂജയെ പിടികൂടിയിരിക്കുന്നത്. മുംബൈയിലെ ശിവദി ആശുപത്രിയില്‍ ചികില്‍സയിലാണവര്‍. പണവും പ്രതാപവും നഷ്ടമായപ്പോള്‍ സഹായത്തിനായി പല വാതിലുകളിലും മുട്ടി.

സല്‍മാന്‍ഖാനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. കഴിഞ്ഞ ദിവസം രോഗവിവരങ്ങളും ഇപ്പോഴത്തെ അവസ്ഥയും അറിയിച്ചുകൊണ്ടുളള ഒരു വീഡിയോ സല്‍മാന്‍ ഖാന് അയച്ചിരുന്നു. എന്നാല്‍ സല്ലുഭായിയില്‍ നിന്ന് പ്രതികരണമൊന്നുമുണ്ടായിട്ടില്ല.

ദേശീയ മാധ്യമങ്ങളിലടക്കം അത് വാര്‍ത്തയായിരുന്നു. സല്‍മാന്‍ വീഡിയോ കണ്ടുകാണില്ലെന്നും അറിഞ്ഞാല്‍ ഉറപ്പായും സഹായവുമായെത്തുമെന്നുമുള്ള വിശ്വാസമാണ് പൂജ പങ്കുവയ്ക്കുന്നത്.

സല്‍മാന്‍ ഖാന്റെ സഹായം ലഭിച്ചില്ലെങ്കിലും മറ്റൊരു സൂപ്പര്‍ നായകന്‍ പൂജയ്ക്ക് സഹായഹസ്തവുമായി എത്തി. ഭോജ്പുരി സൂപ്പര്‍ സ്റ്റാര്‍ രവി കിഷനാണ് പൂജയ്ക്ക് സഹായം നല്‍കിയത്.

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൂജയുടെ അവസ്ഥയെക്കുറിച്ച് രവി കിഷന്‍ അറിഞ്ഞത്. ഉടന്‍തന്നെ പൂജയ്ക്ക് പണവും മറ്റ് സഹായങ്ങളും എത്തിക്കാനായി അനുയായിയെ രവി ആശുപത്രിയിലേക്കയച്ചു.

എന്തായാലും കരുണ തേടി കിടന്ന പൂജയ്ക്ക് ആശ്വാസമാകുകയാണ് രവി കിഷന്‍. താരത്തിന്റെ മാതൃക മറ്റുള്ളവര്‍ തുടരുമെന്ന പ്രതീക്ഷ പൂജ പങ്കുവെച്ചു.

ഒരു കപ്പ് ചായയ്ക്കുപോലും മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ട അവസ്ഥയിലാണവര്‍. രോഗം ബാധിച്ചതോടെയാണ് ഭര്‍ത്താവും മറ്റും കുടുംബാംഗങ്ങളും ഉപേക്ഷിച്ചു പോയത്.