വീല്‍ച്ചെയറില്‍ ജീവിക്കുന്ന അമ്മയ്ക്ക്; ഏറെ സ്നേഹത്തോടെ മോഹന്‍ലാല്‍ എ‍ഴുതി; വികാരഭരിതമായ കുറിപ്പ് ഏറ്റെടുത്ത് മലയാളക്കര

മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാലിന്‍റെ ബ്ലോഗെ‍ഴുത്തുകള്‍ പലപ്പോ‍ഴും വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ കുറച്ച് മാസങ്ങളായി താരം ബ്ലോഗെഴുത്ത് നിര്‍ത്തിയിരിക്കുകയായിരുന്നു.  തിരക്കുകളായിരുന്നു കാരണം.

ഏറെക്കാലത്തിന് ശേഷം ഏറെ വൈകാരികമായ എഴുത്തുമായി രംഗത്തെത്തിയിരിക്കുകയാണ് ലാലേട്ടന്‍.

ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ മരണത്തിന്റെ കഥ പറയുന്ന എഴുത്താണ് ഇത്തവണ അദ്ദേഹം ആരാധകര്‍ക്കായി പങ്കുവച്ചത്. വീല്‍ചെയറിയില്‍ ജീവിതം തുടരുന്നവരുടെ വേദനയും സ്വപ്‌നങ്ങളും പങ്കുവയ്ക്കുന്ന ബ്ലോഗില്‍ താരം ഏതാനും നാളുകളായി വീല്‍ചെയറില്‍ കഴിയുന്ന തന്റെ അമ്മയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

ഇത് മോഹന്‍ലാല്‍ എന്ന നടനല്ല എഴുതുന്നത് വീല്‍ചെയറിയിലിരുന്ന അമ്മയുടെ വിഷമതകള്‍ കണ്ട ഒരു മകന്റെ കുറിപ്പാണ് എന്നു കൂടി പറഞ്ഞാണ് മോഹന്‍ലാല്‍ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.

മോഹന്‍ലാലിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

അവരും കാണട്ടേ ലോകത്തിന്റെ ഭംഗി

കുറച്ച് മാസങ്ങളായി ഞാൻ ബ്ലോഗ് എഴുതിയിട്ട്. എനിക്ക് പോലും നിയന്ത്രിക്കാൻ പറ്റാത്ത തരത്തിലുള്ളതായിരുന്നു എന്റെ ഓട്ടം. തിരക്കുകൾ തലയിൽ കുമിയുമ്പോൾ പ്രിയപ്പെട്ട പലകാര്യങ്ങളും സങ്കടത്തോടെ മാറ്റി വെയ്ക്കേണ്ടി വരും. എഴുതിയോ തീരൂ എന്ന് തോന്നുമ്പോൾ മാത്രമേ എപ്പോഴും ഞാൻ ബ്ലോഗ് എഴുതിയിട്ടുള്ളൂ. കാരണം ഇത് എനിക്ക് ആരെയും ബോധിപ്പിക്കാനുള്ളതല്ല. എന്റെ തന്നെ ഉള്ളിലെ ചില ആനന്ദങ്ങളും ആകുലതകളും സങ്കടങ്ങളുമെല്ലാമാണ്. അവയുടെ പങ്കുവെയ്ക്കലാണ്.

മഹാനായ ശാസ്ത്രഞ്ജൻ സ്റ്റീഫൻ ഹോക്കിങ് മരിച്ചത് എല്ലാവരെയും പോലെ ഏറ്റവും സങ്കടത്തോടെയാണ് ഞാനും കേട്ടത്. പിന്നീട് വായിച്ചത്. വെറും ഒരു വീൽചെയറിലിരുന്ന് ക്ഷീരപഥങ്ങൾക്കപ്പുറത്തേക്ക് ചിന്ത കൊണ്ട് യാത്രപോയി പല രഹസ്യങ്ങളുടെയും ചുരുളഴിച്ച ഈ മനുഷ്യൻ എനിക്ക് ശാസ്ത്ര പ്രതിഭ എന്നതിലുപരി മനുഷ്യന്റെ ഇച്ഛാശക്തിയുടെ വെട്ടിത്തിളങ്ങുന്ന ഉദാഹരണമായിരുന്നു. ഒന്നിനും മനുഷ്യനെ തളർത്താൻ സാധിക്കില്ല എന്നതിന്റെ പ്രതീകം. താരാപഥങ്ങൾക്കപ്പുറത്തേക്ക് പോയ സ്റ്റീഫന്‍ ഹോക്കിങിന് പ്രണാമം. വിട.

ഹോക്കിങ് മരിക്കുന്നതിന് കുറച്ചുദിവസങ്ങൾക്ക് മുമ്പ് ഞാൻ എന്റെ ഒരു ഡോക്ടർ സുഹൃത്തിനെ കാണാൻ പോയിരുന്നു. അടുത്തകാലത്ത് പരിചയപ്പെട്ടവരാണ് ഞങ്ങൾ. വീൽ ചെ‌യറിലാണ് അദ്ദേഹത്തിന്റെ ജീവിതം. അതിലിരുന്നാണ് അദ്ദേഹം രോഗികളെ പരിശോധിക്കുന്നത്. അന്ന് രാത്രി സംസാരിച്ചിരിക്കുമ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു. ‘വീൽചെയറിൽ ജീവിക്കുന്നവരുടെ പ്രശ്നങ്ങൾ അറിയുമോ ലാലിന്’. പെട്ടന്നുള്ള ചോദ്യമായിരുന്നു. ‘കുറച്ചൊക്കെ അറിയാം’ എന്ന് ഞാൻ മറുപടി പറഞ്ഞു.

അത് സത്യമാണ് കാരണം, ഞാൻ വീൽചെയറിൽ ജീവിക്കുന്നയാളായി ‘പ്രണയം’ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അത്തരം ഒരു വ്യക്തിയുടെ മനോവ്യാപാരങ്ങളിലൂടെ ഞാൻ കടന്ന് പോയിട്ടുണ്ട്.

ഷോട്ട് എടുക്കന്നതിന് മുമ്പ് ആ അവസ്ഥയുടെ, അസ്വസ്ഥതകൾ ആലോചിച്ച് വീൽചെയറിൽ കണ്ണടച്ചിരുന്നിട്ടുണ്ട്. മാത്രമല്ല, എന്റെ പ്രിയപ്പെട്ട അമ്മ കുറച്ച് വർഷങ്ങളായി വീൽചെയറിലാണ്. എത്രയോകാലം ഓടിച്ചാടി സന്തോഷിച്ച് നടന്നിരുന്ന അമ്മയ്ക്ക് പെട്ടന്ന് വീൽചെയറിലേക്ക് ഒതുങ്ങേണ്ടി വന്നപ്പോഴുണ്ടായ അസ്വസ്ഥത ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ പിന്നീട് ഒരു ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഞാൻ അത്രമാത്രം ശ്രദ്ധിക്കാത്ത കാര്യങ്ങളായിരുന്നു. ഞാൻ മാത്രമല്ല നമ്മളെല്ലാവരും അക്കാര്യങ്ങൾ അത്ര ശ്രദ്ധിക്കുന്നില്ല എന്നും എനിക്ക് തോന്നുന്നു. അദ്ദേഹം വേദനയോടെ പറഞ്ഞു.

‘ലാൽ, ഞങ്ങൾ വീൽചെയറിൽ ജീവിക്കുന്നവർക്ക് ഒരിടത്തും പോവാൻ സാധിക്കില്ല. ആരാധനാലയങ്ങളിൽ പോകണമെങ്കിൽ നോക്കൂ..പല ആരാധാനാലയങ്ങളും ഉയരമുള്ള പടികൾ കഴിഞ്ഞിട്ടാണ്. റെയിൽവെ സ്റ്റേഷനുകളിൽെച്ചന്ന് നോക്കൂ, പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിനിലേക്ക് കയറാൻ ഞങ്ങൾക്ക് എന്തൊരു ബുദ്ധിമുട്ടാണ്. ഏതെങ്കിലും വേദിയിൽ കയറണമെങ്കിൽ എടുത്ത് കയറ്റണം. തിയറ്ററിൽപ്പോയി ഒരു സിനിമകാണാന്‍ സാധിക്കില്ല. ഞങ്ങളെപ്പോലെ വീൽചെയറിൽ ജീവിക്കുന്നവർക്ക് ഒരിടത്തും ഒരു സഞ്ചാരപാതയില്ല. ഞങ്ങളെപ്പോലുള്ള മനുഷ്യരും ഈ സമൂഹത്തിൽ ഉണ്ട് എന്ന് ആരും കരുതാറില്ല. അതുകൊണ്ട് ഞങ്ങളുടെ ജീവിതം എങ്ങോട്ടും പോകാതെ ഈ ചക്രക്കസേരയിൽ ഒതുങ്ങുന്നു. ജനലിലൂടെ പുലരി വരുന്നതും പകൽ പറന്നുപോകുന്നതും സന്ധ്യ മായുന്നതും നോക്കി, സ്വതന്ത്രമായി പറക്കുന്ന പക്ഷിക്കൂട്ടങ്ങളെ നോക്കി…അങ്ങനെ..അങ്ങനെ…’

അത് കേട്ടപ്പോൾ ഞാൻ വല്ലാതെയായിപ്പോയി. എത്ര ശരിയാണ് അദ്ദേഹം പറഞ്ഞത്. ആരോഗ്യത്തോടെ നടക്കുന്ന നാം നമ്മെപ്പറ്റി മാത്രമേ ചിന്തിക്കന്നുള്ളൂ. നമുക്ക് വേണ്ടി മാത്രമേ നാം എല്ലാം ഉണ്ടാക്കുന്നുള്ളൂ. നമ്മുടെ സൗകര്യങ്ങളെയും ആവശ്യങ്ങളെയും മാത്രമേ നാം തൃപ്തിപ്പെടുത്താറുള്ളൂ. നമ്മുടെ ആഹ്ലാദിച്ചുമറയുന്ന വേഗമാർന്ന ജീവിതത്തെ എത്ര നിസ്സഹായമായിട്ടായിരിക്കും വീൽചെയറിൽ ഇരുന്നുകൊണ്ട് ഇവർനോക്കി കാണുന്നത്.

ഒരു മനുഷ്യൻ സാംസ്കാരികമായും ആത്മീയമായും മുന്നേറുന്നത് തന്നെപ്പറ്റി മാത്രം ആലോചിച്ചിരിക്കുമ്പോഴല്ല. തനിക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ചും ആ ലോകത്തെ തന്നെക്കാൾ ചെറിയവരേയും, അശരണരരേയും, ആലംബമില്ലാതതവരെയും കുറിച്ച് ഓർക്കുകയും അവർക്ക് തന്നാൽ കഴിയുന്നത് ചെയ്യുമ്പോഴുമാണ്.

അവരുടെ ജീവിതം കൂടുതൽ നല്ലതാക്കാൻ സഹായിക്കുമ്പോഴാണ്. വ്യക്തികൾ ഇത്തരം ഒരു ബോധത്തിലേക്ക് ഉയരുമ്പോൾ സമൂഹവും ആ വികാസത്തിലേക്കും വളർച്ചയിലേക്കും പുരോഗമിക്കും. വേനലിൽ പക്ഷികൾക്ക് ദാഹം തീർക്കാനായി വെള്ളം വച്ചു കൊടുക്കുകയും മരങ്ങൾ വെട്ടുമ്പോൾ അതിനോടും നിത്യേന അതിൽ വന്ന് ചേക്കേറി കൂടി ഒരുക്കിയിരുന്ന പക്ഷികളോട് പൊറുക്കാൻ പറയുകയും ചെയ്തിരുന്ന സംസ്കാരമാണ് ഭാരതത്തിന്റേത്. മരങ്ങളെയും പക്ഷികളെയും കുറിച്ച് നാം എത്രമാത്രം ബോധവാന്മാരായിരുന്നു. കാരുണ്യവാന്മാരായിരുന്നു എന്നതിന്റെ തെളിവാണ് ഇതെല്ലാം.

എന്നാൽ നാം ഇപ്പോൾ തൊട്ടടുത്തിരിക്കുന്ന മനുഷ്യന്റെ അവസ്ഥയെക്കുറിച്ചുപോലും ഓർക്കാറില്ല. അവരുടെ നിസ്സഹായതകളെ കാണാതെ അതിവേഗം നാം പാഞ്ഞുപോകുന്നു. വീൽചെയറിൽ ജീവിക്കുന്നവരോടുള്ള നമ്മുടെ അവഗണന ഈ മനോഭാവത്തിന് ഉത്തമോദാഹരണമാണ്. നമ്മെപ്പോലെ ആഗ്രഹങ്ങളും ആകാംക്ഷകളും നിരാശകളുമുള്ള മനുഷ്യരായി അവരെ നാം പരിഗണിക്കാറില്ല. ഭൂരിപക്ഷ മനുഷ്യരുടെ ആരോഗ്യസ്ഥിതിക്കനുസരിച്ചാണ് നമ്മുടെ എല്ലാ നിർമ്മിതികളും . അതുകൊണ്ട് ഇനിയെങ്കിലും എല്ലാ മനുഷ്യരും വന്ന് ചേരുന്നിടത്ത് സ്ത്രീകളെ വൃദ്ധരെ, കുട്ടികളെ പരിഗണിക്കുന്നത് പോലെ ഇത്തരത്തിൽ ചക്രക്കസേരകളിൽ ഒതങ്ങിപ്പോയവരെ കൂടി നാം ഓർക്കണം.

അത്തരം സ്ഥലങ്ങൾ ഒരുക്കുമ്പോൾ ഈ മനുഷ്യർക്ക് സുഗമമായി കടന്നു വരാനുള്ള പാത ഒരുക്കണം… ഈ ഒരു ബോധം നമ്മിൽ ഉണ്ടാവണം. ഇവരും മനുഷ്യരാണ്. വീൽചെയറിൽ ഇരുന്ന് രാജാക്കന്മാരെപ്പോലെ ഇവരും നമുക്കിടയിൽ സഞ്ചരിക്കട്ടെ. ഇത് മോഹൻലാൽ എന്ന നടൻ എഴുതുന്ന കുറിപ്പല്ല. വീൽചെയറിൽ ഉള്ള അമ്മയുടെ വിഷമതകൾ കണ്ട ഒരു മകന്റെ വിനീതമായ അഭിപ്രായമാണ്. പൊതു ഇടങ്ങളിൽ നമുക്ക് ഈ മനുഷ്യരെക്കൂടി പരിഹണിക്കാം. ഇവർക്ക് വേണ്ടി വഴിയും ഇടങ്ങളും ഒരുക്കാം. നമ്മെപ്പോലെ അവരും കാണട്ടേ ഈ ലോകത്തിന്റെ ഭംഗികൾ.

സ്നേഹപൂർവ്വം,

മോഹൻലാൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News