ലോക കായിക ചരിത്രത്തിലെ തന്നെ ഇതിഹാസതാരങ്ങളുടെ ഗണത്തിലാണ് കാല്‍പന്ത് ലോകത്തെ മായാജാലക്കാരന് സ്ഥാനം. ലയണല്‍ മെസിയെന്ന ഫുട്ബോള്‍ മിശിഹ കളം അടക്കി ഭരിക്കുന്നത് കാണുന്നത് തന്നെ അത്രമേല്‍ അ‍ഴകാണ്.

ലോക ഫുട്ബോളിലെ എണ്ണമറ്റ റെക്കോര്‍ഡുകളുടെ തോ‍ഴന്‍ കൂടിയാണ് മെസി. അഞ്ച് ബാലണ്‍ ഡി ഓറും അടിച്ചു കൂട്ടിയ ഗോളുകളും പകര്‍ന്നു നല്‍കിയ പാസുകളും ആ ഇന്ദ്രജാലത്തിന് മി‍ഴിവേകുന്നു.

ഇനിയൊരാള്‍ മെസിയുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോയെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് സംശയമുണ്ട്. ലോകത്തെ അമ്പരപ്പിക്കുന്ന നിരവധി ഗോളുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.

ഇതാ ഇപ്പോള്‍ ഒരിക്കല്‍ കൂടി കായികലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് മെസി. ലോകകപ്പിന് മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള അര്‍ജന്‍റീനയുടെ പരിശീലനത്തിനിടെയാണ് മെസിയുടെ സൂപ്പര്‍ ഗോള്‍ പിറന്നത്.

മൈതാന മധ്യത്ത് നിന്നും  പന്ത് സ്വീകരിച്ച് മെസി സോളോ റണ്ണിലൂടെ കുതിച്ചാണ് വല കുലുക്കിയത്. പെനാല്‍റ്റി ഏരിയക്കടുത്തുനിന്നാണ് മെസ്സി പോസ്റ്റിന്റെ ഇടതു മൂല തുളച്ച് പന്ത് വലയിലാക്കിയത്.

ഇറ്റലിയുമായുള്ള സൗഹൃദ പോരാട്ടത്തിലും ലോകകപ്പിലും മെസിയുടെ കാലുകള്‍ മായാജാലം തുടരണമെന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍.