സി ഐ ടി യു ദേശീയ ജനറല്‍ കൗണ്‍സിലിന് ഇന്ന് കോഴിക്കോട്ട് പതാക ഉയരും. അഖിലേന്ത്യാ പ്രസിഡന്റ് ഡോക്ടര്‍ കെ ഹേമലതയുടെ അധ്യക്ഷ പ്രസംഗത്തോടെയാണ് കൗണ്‍സില്‍ ആരംഭിക്കുക. 4 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം സി ഐ ടി യു വിന്റെ പുതിയ സംഘടനാ രേഖയ്ക്ക് രൂപം നല്‍കും.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സി ഐ ടി യു ദേശീയ ജനറല്‍ കൗണ്‍സില്‍ കോഴിക്കോട് ചേരുന്നത്. ടാഗോര്‍ഹാളിലെ മുഹമ്മദ് അമീന്‍ നഗറില്‍ നടക്കുന്ന കൗണ്‍സിലില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള 435 പ്രതിനിധികള്‍ പങ്കെടുക്കും. പതാക ഉയര്‍ത്തലിന് ശേഷം അഖിലേന്ത്യാ പ്രസിഡന്റ് ഡോ. കെ ഹേമലതയുടെ അധ്യക്ഷ പ്രസംഗത്തോടെയാണ് കൗണ്‍സില്‍ ആരംഭിക്കുക. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി തപന്‍സെന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
1993 ല്‍ ഭുവനേശ്വര്‍ ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ച സി ഐ ടി യു സംഘടനാ രേഖ കാലോചിതമായി പുതുക്കുകയാണ് ജനറല്‍ കൗണ്‍സില്‍ അജണ്ടകളില്‍ പ്രധാനം. തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിനെകുറിച്ചും തൊഴിലാളി കര്‍ഷക ഐക്യം വിപുലമാക്കുന്നതിനെകുറിച്ചും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. സ്ഥിരം തൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രക്ഷോഭം ശക്തമാക്കാനുളള തീരുമാനവും കൗണ്‍സില്‍ കൈക്കൊളളുമെന്ന് ട്രേഡേ് യൂണിയന്‍ ഐക്യസമ്മേളനം ഉദ്ഘാടനം ചെയ്ത വൈസ് പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു.
ജനറല്‍ കൗണ്‍സില്‍ സമാപനത്തോടനുബന്ധിച്ച് 26 ന് വൈകീട്ട് ലക്ഷം തോഴിലാളികള്‍ അണിനിരക്കുന്ന റാലി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും. സി ഐ ടി യു നേതാക്കളായ ഡോ. കെ ഹേമലത, തപന്‍സെന്‍, എ കെ പത്മനാഭന്‍ എന്നിവരും റാലിയില്‍ സംസാരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here