താമരശേരിയില്‍ ചെങ്കൊടിയേന്തി ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരും; വര്‍ഗീയ കൂടാരം ഉപേക്ഷിച്ച് നേരിന്റെ പാതയിലേക്ക് എത്തിയവരെ സ്വീകരിച്ച് സിപിഐഎം; വാളയാറിലും 39 കോണ്‍ഗ്രസ്, ബിജെപി കുടുംബങ്ങള്‍ സിപിഐഎമ്മില്‍

കോഴിക്കോട്: താമരശേരിയില്‍ നിരവധി ആര്‍എസ്എസ്-ബിജെപി നേതാക്കളും പ്രവര്‍ത്തകരും സിപിഐഎമ്മില്‍ ചേര്‍ന്നു. താമരശേരി, ഈങ്ങാപ്പുഴ, പുതുപ്പാടി, കൊട്ടാരക്കോത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് ആര്‍എസ്എസ് വര്‍ഗീയ കൂടാരം ഉപേക്ഷിച്ച് ചെങ്കൊടിയേന്തിയത്.

വിഎച്ച്പി മുന്‍ ജില്ലാ സെക്രട്ടറിയും ബജ്രംഗ്ദള്‍ മുന്‍ ജില്ലാ സംയോജക് ഷിബുകുമാര്‍ കൊട്ടാരക്കോത്ത്, ബിജെപി പുതുപ്പാടി മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, ക്ഷേത്രസംരക്ഷണ സമിതി താമരശേരി താലൂക്ക് സെക്രട്ടറിയുമായ ഷാജി അമ്പലപ്പടി, യുവമോര്‍ച്ച പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈശാഖ്, ബിജെപി ഓമശേരി കുന്നമംഗലം മുന്‍ പഞ്ചായത്ത് ജോ: സെക്രട്ടറി ബാബുരാജ്, ആര്‍എസ്എസ് പുതുപ്പാടി മണ്ഡലം മുന്‍ ശാരിക് ശിക്ഷക് പ്രമുഖ് ഗിരീഷ് പുതുപ്പാടി, പ്രജിത്ത് താമരശേരി, പ്രജീഷ് കവ്വുപ്പാട്ടചാലില്‍, രാഞ്ജിഷ്,മഹേഷ് കൊട്ടാരക്കോത്ത്, സന്ദീപ് അപ്പുറത്ത്‌പൊയില്‍, അരുണ്‍ പുതുപ്പാടി, വിഷ്ണു പ്രസാദ് പെരുമ്പളളി, ബബീഷ് കൊട്ടാരക്കോത്ത്, ലസി ശിവകുമാര്‍, ലിജീഷ് ഓടക്കുന്ന്, സിന്ധു ഷാജി , ഉണ്ണി നമ്പൂരികുന്ന്, മന്യ ഗിരീഷ്, ബാലന്‍ മംഗലത്ത് തുടങ്ങി നിരവധി നേതാകളും പ്രവര്‍ത്തകരുമാണ് ചെങ്കൊടിയേന്തിയത്.

ഇഎംഎസ് എകെജി ദിനാചരണത്തിന്റെ ഭാഗമായി താമരശേരി ഏരിയാകമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഇവരെ രക്തഹാരമണിയിച്ച് സ്വീകരിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയ വിപണിയിലെ വില്‍പനച്ചരക്കായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

എ രാഘവന്‍ അധ്യക്ഷനായി. ദേവസം ബോര്‍ഡ് ചെയര്‍മാന്‍ ഒകെ വാസു മുഖ്യ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ആര്‍ പി ഭാസ്‌കരന്‍ സ്വാഗതവും സി കെ വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.

വാളയാറില്‍ 39 കോണ്‍ഗ്രസ്, ബിജെപി കുടുംബങ്ങള്‍ സിപിഐഎമ്മില്‍

കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് റോസമ്മ സെലിന്റെ നേതൃത്വത്തില്‍ 39 കുടുംബങ്ങള്‍ സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

കോണ്‍ഗ്രസ്, ബിജെപി, എഐഎഡിഎംകെ എന്നീ പാര്‍ട്ടികളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച ഇവര്‍ ആ പാര്‍ട്ടികളുടെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിവച്ച് സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

വാളയാര്‍ ഡാം റോഡിലുള്ള കുടുംബങ്ങളാണ് ഇവര്‍. ബിജെപിയുടെ നേതൃത്വത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളും അക്രമവും ഇനിയും സഹിച്ച് ആ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്നാണ് ബിജെപി വിട്ടുവന്നവര്‍ പറയുന്നത്.

കോണ്‍ഗ്രസിന് ഇനിയുള്ള കാലത്ത് പ്രസക്തിയില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിക്കാനും അവരുടെ വികാരങ്ങള്‍ മനസ്സിലാക്കാനും ആ പാര്‍ടിയുടെ നേതൃത്വത്തിനു കഴിയുന്നില്ലെന്നും കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചവര്‍ പറഞ്ഞു.

സിപിഐഎം വാളയാര്‍ ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമത്തിലേക്ക് പുതുതായി എത്തിയവരെ വരവേറ്റു.

സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ ഇവരെ സ്വീകരിച്ചു. പുതുശേരി ഏരിയ സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസ് സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി ഉദയകുമാര്‍ അധ്യക്ഷനായി. കെ നാഗരാജ് സ്വാഗതവും അമരാവതി നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News