2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ഫേസ്ബുക്കിന്റെ സഹായം തേടി; കേംബ്രിജ് അനലിറ്റയുടെ ഇന്ത്യന്‍ പങ്കാളിയുടെ വെളിപ്പെടുത്തല്‍

ദില്ലി: 2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ഫേസ്ബുക്കിന്റെ സഹായം തേടിയെന്ന് കേംബ്രിജ് അനലിറ്റയുടെ ഇന്ത്യന്‍ പങ്കാളിയുടെ വെളിപ്പെടുത്തല്‍. ആദ്യം രാഹുല്‍ ഗാന്ധിയെ 10 സീറ്റുകളില്‍ സഹായിക്കാന്‍ കമ്പനി ആസൂത്രണം ചെയ്‌തെങ്കിലും പിന്നീട് ബിജെപി കമ്പനിയെ സമീപിക്കുകയായിരുന്നെന്ന് അവനീഷ് റായ് ആണ് വെളിപ്പെടുത്തിയത്.

2011ല്‍ യുകെ ആസ്ഥാനമായുള്ള കമ്പനി ഇന്ത്യയിലെത്തി ഒവലിവ് ബിസിനസ്സ് ഇന്റലിജന്‍സ് കമ്പനിയുമായി ചര്‍ച്ചകള്‍ നടത്തി. ഓവലിവ് ബിസിനസ്സിന്റെ പങ്കാളിയായ അമരിഷ് ത്യാഗിയുമായും, കേംബ്രിജ് അനലിറ്റയുടെ ഇന്ത്യന്‍ പങ്കാളിയായ അവിനീഷ് റായുമായാണ് കൂടിക്കാഴ്ച്ച നടത്തിയത്. തുടക്കത്തില്‍ രാഹുല്‍ ഗാന്ധിയെ സഹായിക്കാനായിരുന്നു തീരുമാനം.

അമേഠി അടക്കം 10 സീറ്റുകളില്‍ വിജയിപ്പിക്കാമെന്ന് ധാരണയായി. എന്നാല്‍ പിന്നീട് 2012ല്‍ ബിജെപി കമ്പനിയെ സമീപിച്ചു. ഇതിനെ തുടര്‍ന്ന് ആദ്യം ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി. ഓരോ ബൂത്തിലെയും ആളുകളുടെ ജാതിയും പ്രായവും തരം തിരിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു ബിജെപിക്ക് കൈമാറി.

ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജയ് ജോഷിക്കാണ് വിവരങ്ങള്‍ കൈമാറിയതെന്നും കേംബ്രിജ് അനലിറ്റയുടെ ഇന്ത്യന്‍ പങ്കാളിയായ അവനീഷ് റായ് വെളിപ്പെടുത്തി. 2014ലും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു.

ഇതോടെ കേംബ്രിജ് അനലിറ്റയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന ബിജെപി ആരോപണം അടിസ്ഥാനരഹിതമാണെന്നും ബിജെപിയുടെ ഓരോ കള്ളങ്ങളായി പൊളിയുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

2014ല്‍ ബിജെപി നേടിയ വിജയത്തിന്റെ പങ്ക് പറ്റാന്‍ ഒരുപാട് പേര്‍ ശ്രമിക്കുന്നുണ്ടെന്ന് വാദിക്കുമ്പോഴും ഇതുവരെ വെളിപ്പെടുത്തലിനെതിരെ പ്രതികരിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല. അതിനിടയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫേസ്ബുക്കിനെ ആശ്രയിച്ച നടപടിയും ചോദ്യം ചെയ്യപ്പെടുന്നു.

പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞ വര്‍ഷം ഔദ്യോഗികമായി ഫേസ്ബുക്കിന്റെ സഹായം തേടിയിരുന്നു. വിവാദമായതോടെ സമൂഹ മധ്യമങ്ങള്‍ ഉപയോഗിക്കുന്ന കാര്യം പരിശോധിച്ച തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത് ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here