2500 കിടപ്പുരോഗികള്‍ക്ക് സംരക്ഷണം, 8000 ആലംബഹീനര്‍ക്ക് താങ്ങും തണലും; സജി ചെറിയാന്റെ ‘കരുണ’ ചെങ്ങന്നൂരുകാരുടെ ഹൃദയത്തില്‍; അനുഭവസ്ഥരുടെ വാക്കുകള്‍

ചെങ്ങന്നൂര്‍: സിപിഐ എം ജില്ലാ സെക്രട്ടറിയായിരിക്കെ സജി ചെറിയാന്‍ നേതൃത്വം നല്‍കിയ കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന്റെ സ്ഥാനം ചെങ്ങന്നൂരുകാരുടെ ഹൃദയത്തിലാണ്. അനേകം ആളുകള്‍ക്കാണ് കരുണ ഓരോ രൂപത്തില്‍ സഹായമാകുന്നത്.

മൂന്ന് വര്‍ഷം മുന്‍പ് രാവിലെ പാലുമായി സൊസൈറ്റിയിലേക്ക് പോയതാണ് അരീക്കര അമ്പലത്തിന്‍ തെക്കേതില്‍ എ കെ സോമന്‍. അന്നുണ്ടായ വാഹനാപകടത്തില്‍ ശരീരം തളര്‍ന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുമായി വീട്ടില്‍ത്തന്നെ കിടപ്പാണ്.

സാമ്പത്തികമായി ബുദ്ധിമുട്ടിലായ കുടുംബത്തിന് സാന്ത്വനമായി കരുണയുടെ പ്രവര്‍ത്തകരെത്തും. ഈ അവസ്ഥയിലും അധികം ബുദ്ധിമുട്ടുകളില്ലാതെ ചികിത്സ മുന്നോട്ട് പോകുന്നത് സജി ചെറിയാന്റെ നേതൃത്വത്തിലുള്ള കരുണ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണെന്ന് സോമന്റെ സഹോദരന്‍ എ ആര്‍ മണിരഥന്‍ പറയുന്നു.

സെക്യൂരിറ്റി ജീവനക്കാരനായ എഴുപതുകാരനായ ബി എല്‍ ശര്‍മ്മ ജോലിക്കിടയില്‍ തലകറങ്ങി വീണതാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയ്‌ക്കുള്ള അസുഖമാണ് ശര്‍മ്മയ്‌ക്ക്. എട്ട് വര്‍ഷം മുന്‍പാണ് രോഗം വന്ന് ഈ അവസ്ഥയിലായത്.

മൂന്ന് വര്‍ഷം മുന്‍പ് കരുണ പാലിയേറ്റീവ് കെയര്‍ രൂപീകരിച്ച ശേഷം വീട്ടില്‍ വന്ന് പരിശോധനയും മരുന്ന് നല്‍കലും മുടങ്ങാതെ ചെയ്യുന്നുണ്ട്. എല്ലാ ആഴ്ചയിലും മരുന്നുമായി വന്ന് കരുണ പ്രവര്‍ത്തകര്‍ ശുശ്രൂഷിക്കുന്നുണ്ടെന്ന് ഭാര്യ രാജമ്മ ശര്‍മ്മ പറഞ്ഞു.

പെരിങ്ങാല രാജേഷ് ഭവനത്തില്‍ ഗൗരിക്കുട്ടിയമ്മയും കരുണയുടെ കൈത്താങ്ങ് അനുഭവിക്കുന്നുണ്ട്. തളര്‍ന്ന് വീണ് വെന്റിലേറ്ററിലേക്ക് മാറ്റാന്‍ പറഞ്ഞ അവസ്ഥയില്‍ നിന്നാണ് അമ്മ ഇപ്പോഴും ജീവിക്കുന്നത്. എല്ലാ തിങ്കളാഴ്‌ചയും ഗുളികയും മരുന്നുമായി കരുണ പ്രവര്‍ത്തകര്‍ വീട്ടിലെത്തും. കരുണയുടെ പ്രവര്‍ത്തനങ്ങള്‍ അമ്മയ്‌ക്കും പരിസരത്തുള്ള നിരവധി രോഗികള്‍ക്കും സാന്ത്വനമാണെന്ന് ഗൗരിക്കുട്ടിയമ്മയുടെ മകള്‍ പ്രസന്നകുമാരി പറഞ്ഞു.

കാരയ്‌ക്കാട് ജയഭവനില്‍ ജയപ്രകാശിനും സമാനമായ അനുഭവമാണ്. പ്രമേഹംകൂടി ജയപ്രകാശിന്റെ ഇടത് കാലിന്റെ വിരലുകള്‍ മുറിച്ചുകളയേണ്ടിവന്നു . ആറുമാസമായി എല്ലാ സഹായങ്ങളും വീട്ടില്‍ വന്ന് നല്‍കുന്നത് കരുണ പ്രവര്‍ത്തകരും നേതൃത്വം നല്‍കുന്ന ചെയര്‍മാന്‍ സജി ചെറിയാനുമാണെന്ന് ഭാര്യ പറയുന്നു.

ചെങ്ങന്നൂര്‍ താലൂക്കിലെ 2530 കിടപ്പുരോഗികളെ നാലു വര്‍ഷത്തിലേറെയായി സംരക്ഷിക്കുന്ന ‘കരുണ’യുടെ ജീവനാഡിയാണ് സജി ചെറിയാന്‍. ‘കരുണ’യുടെ ഉടമസ്ഥതയിലുള്ള 11 ഏക്കറില്‍ ജൈവകൃഷി, സംയോജിത കൃഷി സംരംഭം തുടങ്ങിയവ വെന്നിക്കൊടി പാറിക്കുന്നു.

‘കരുണ’യുടെ മാത്രമല്ല സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആലപ്പി ഡിസ്‌ട്രിക്‌ട് റിഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി (എആര്‍പിസി)യുടെ ചെയര്‍മാനുമാണ് അദ്ദേഹം.

ഈ സൊസൈറ്റിക്കു കീഴില്‍ 22 പാലിയേറ്റീവ് സംഘങ്ങളാണ് 8200 ആലംബഹീനര്‍ക്കാണ് താങ്ങും തണലുമായി നില്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here