‘ആതിര ദുരഭിമാനക്കൊലയുടെ ഇര; വീട്ടില്‍ നിന്ന് തുടര്‍ച്ചയായ ഭീഷണി’; പ്രതിശ്രുത വരന്റെ വെളിപ്പെടുത്തല്‍

മലപ്പുറം: മലപ്പുറത്തെ ദുരഭിമാനക്കൊലയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട ആതിരയുടെ പ്രതിശ്രുത വരന്‍ ബ്രിജേഷ്.

വിവാഹത്തിന് ആതിരയുടെ അച്ഛന് എതിര്‍പ്പുണ്ടായിരുന്നുവെന്നും പൊലീസ് ഇടപെട്ടാണ് വിവാഹം നിശ്ചയിച്ചതെന്നും ബ്രിജേഷ് പറഞ്ഞു.

വിവാഹനിശ്ചയിച്ചതിന് ശേഷവും ആതിരയുടെ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായി. വീട്ടില്‍ നിന്ന് ഭീഷണിയുമുണ്ടായിരുന്നു. ബന്ധത്തിനു സമ്മതിക്കാതെ വന്നപ്പോള്‍ ആതിര കുറച്ചു കാലം സുഹൃത്തിന്റെ വീട്ടില്‍ പോയി താമസിച്ചിരുന്നു. പിന്നീട് പൊലീസ് സ്‌റ്റേഷനില്‍ പോയി സംസാരിച്ചിരുന്നു. വിവാഹം നടത്താനുള്ള തീയതി അടക്കം തീരുമാനിച്ചത് പൊലീസാണെന്നും ബ്രിജേഷ് പറഞ്ഞു.

ഇന്നലെയാണ് ആതിരയെ അച്ഛന്‍ പൂവത്തുങ്കണ്ടി രാജന്‍ കുത്തികൊലപ്പെടുത്തിയത്.

വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന രാജന്‍ വീട്ടില്‍ മകളുമായി തര്‍ക്കിച്ചു. അച്ഛന്‍ ആക്രമിക്കാനൊരുങ്ങിയതോടെ മകള്‍ ഓടി അടുത്ത വീട്ടിലെ മുറിയില്‍ കയറി ഒളിച്ചു. വാതില്‍ തള്ളിത്തുറന്ന് അകത്തു കയറിയാണ് രാജന്‍ മകളെ കുത്തിക്കൊലപ്പെടുത്തിയത്.

ആതിര മഞ്ചേരിയിലെ സ്ഥാപനത്തില്‍ ലാബ് ടെക്‌നീഷ്യനായിരുന്നു. പ്രതിശ്രുത വരന്‍ സൈനികനുമാണ്. എന്നാല്‍ വ്യത്യസ്ത ജാതിയായതിനാല്‍ അച്ഛന് വിവാഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

രാജന്റെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തി. ആതിരയുടെ മൃതദേഹം പോസ്റ്റമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel