തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയുടെ പ്രഹരം; ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

ദില്ലി ആം ആദ്മി സര്‍ക്കാരിന് ആശ്വാസമേകി ഹൈക്കോടതി ഉത്തരവ്. 20 ആം ആദ്മി എം.എല്‍.എമാരെ ആയോഗ്യരാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് ദില്ലി ഹൈക്കോടതി റദ് ചെയ്തു.

ഇരട്ടപദവി വഹിച്ചെന്ന പരാതിയില്‍ എം.എല്‍.എമാരുടെ വിശദീകരണം കേള്‍ക്കാന്‍ പോലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.ഇരട്ട പദവി കേസ് പുതിയതായി പരിഗണിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

അല്‍ക്ക ലാമ്പയടക്കം 20 ആം ആദ്മി എം.എല്‍.എമാരെ ഇരട്ടപദവി ചൂണ്ടികാണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി പിരിച്ച് വിട്ടത്.

ഇതിനെതിരെ ആംആദ്മി എം.എല്‍.എമാര്‍ സമര്‍പ്പിച്ച് ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ഹൈക്കോടതി, പിരിച്ച് വിടുന്നതിന് മുന്നോടിയായുള്ള നടപടി ക്രമങ്ങള്‍ പാലിക്കുന്നതില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വീഴ്ച്ച പറ്റിയെന്ന് കണ്ടത്തി. ആരോപണ വിധേയരായവരുടെ വിശദീകരണം കേള്‍ക്കാന്‍ പോലും കമ്മീഷന്‍ തയ്യാറായില്ല.

ഇത് വഴി സ്വഭാവിക നീതി ലംഘിക്കപ്പെട്ടുവെന്ന് എം.എല്‍.എമാര്‍ വാദിച്ചു.ഇത് പരിഗണിച്ച ജസ്റ്റിസുമാരായ സജ്ഞീവ് ഘന,ചന്ദര്‍ ശേഖര്‍ എന്നിവര്‍ അംഗങ്ങളായ ബഞ്ച് രാഷ്ട്രപതി ഉത്തരവ് റദാക്കി. എം.എല്‍.എമാര്‍ക്കെതിരായ പരാതിയില്‍ ചട്ടങ്ങള്‍ പാലിക്കാതെ നടപടി എടുത്തതെന്ന് തെറ്റെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.

അതിനാല്‍ ഇരട്ടപ്പദവി കാണിച്ച് ലഭിച്ചുള്ള പരാതികള്‍ കമ്മീഷന്‍ പുതിയതായി വീണ്ടും പരിഗണിക്കാമെന്നും കോടതി പറഞ്ഞു.ഹൈക്കോടതി ഉത്തരവ് വന്നതോടെ 20 പേരും വീണ്ടും എം.എല്‍.എമാരായി. സത്യത്തിന്റെ വിജയമാണ് ഉണ്ടായതെന്ന് ആം ആദ്മിയും കേജരിവാളും പ്രതികരിച്ചു.

കേജരിവാള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2015 മാര്‍ച്ചില്‍ 21 എം.എല്‍.എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരാക്കിയിരുന്നു.ഇത് ഇരട്ടപ്പദവിയെന്നാരോപിച്ച് ബിജെപിയും കോണ്‍ഗ്രസുമടക്കമുള്ള പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

പരാതി ലഭിച്ച കമ്മീഷന്‍ എം.എല്‍.എമാരെ പിരിച്ച് വിടാന്‍ രാഷ്ട്രപതിയോട് ശുപര്‍ശ ചെയ്തു.ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ വന്‍ വിജയം നേടാമെന്നായിരുന്നു ബിജെപി പ്രതീക്ഷ.

ഇതിന് വേണ്ടിയാണ് കമ്മീഷന്‍ തിരക്കിട്ട് എം.എല്‍.എമാര്‍ക്കെതിരെ നടപടിയെത്തതെന്നും രാഷ്ട്രിയ നിരീക്ഷകര്‍ ചൂണ്ടികാട്ടിയിരുന്നു. ഹൈക്കോടതി വിധി ബിജെപിയ്ക്കും വലിയ തിരിച്ചടിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News