1988 ല്‍ 664 റണ്‍സ് നേടി ചരിത്രം കുറിച്ച് ഉറ്റ ചങ്ങാതിമാരായി; ഇടക്കാലത്ത് തെറ്റിപ്പിരിഞ്ഞു; 2018 ല്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ സംഭവിച്ചത്; വീഡിയോ വൈറല്‍

സച്ചിന്‍ തെന്‍ഡുല്‍ക്കറും വിനോദ് കാംബ്ലിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള വാതില്‍ തള്ളിത്തുറന്ന് കടന്നു വന്നത് ഒരുമിച്ചായിരുന്നു. അന്നോളം ക്രിക്കറ്റ് ലോകത്തിന് അവിശ്വസനീയമായിരുന്ന ഒരു കൂട്ടുകെട്ടിലൂടെ 1988 ലാണ് ഇരുവരും ഇന്ത്യന്‍ ടീമിന്‍റെ വാതിലുകളില്‍ മുട്ടി വിളിച്ചത്.

ശാരദാശ്രമം വിദ്യാ മന്ദിറിന് വേണ്ടി ബാറ്റേന്തിയ കുട്ടി സച്ചിനും കുട്ടി കാംബ്ലിയും ചേര്‍ന്ന് സെന്‍റ് സേവ്യര്‍ സ്കൂളിനെതിരെ 1988 ഫെബ്രുവരി 24 ന് ചരിത്രം രചിക്കുകയായിരുന്നു.

664 റണ്‍സ് നേടി ഇതിഹാസം കുറിച്ച് ഉറ്റ ചങ്ങാതിമാരായി മാറുകയായിരുന്നു സച്ചിനും കാംബ്ലിയും.  ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തിയപ്പോള്‍ പ്രതിഭകൊണ്ട് ആദ്യം വിസ്മയിപ്പിച്ചത് വിനോദ് കാംബ്ലിയായിരുന്നു. രണ്ട് ഇരട്ട ശതകങ്ങളുമായി കാംബ്ലി കത്തിക്കയറിയപ്പോള്‍ സച്ചിന്‍ ശാന്തനായിരുന്നു.

എന്നാല്‍ കാലം സച്ചിനെന്ന ഇതിഹാസത്തെ കാണാനിരിക്കുകയായിരുന്നു അപ്പോ‍ഴെല്ലാം. പിന്നീട് സച്ചിന്‍ ബാറ്റുചെയ്തപ്പോളെല്ലാം ചരിത്രവും പിറക്കുകയായിരുന്നു. ക്രിക്കറ്റ് ഇതിഹാസം എന്നതിനപ്പുറം സച്ചിന്‍ ക്രിക്കറ്റ് ദൈവമായി വാ‍ഴ്ത്തപ്പെട്ടു.

പക്ഷെ അപ്പോ‍ഴെക്കും കാംബ്ലി ഒരുപാട് പിന്നിലായിരുന്നു. 1996  ലോകകപ്പിന്‍റെ സെമിഫൈനലില്‍ ശ്രീലങ്കയോട് തോറ്റ് പുറത്താകുമെന്നായപ്പോള്‍ ഈഡന്‍ ഗാര്‍ഡനില്‍ വീണ കണ്ണീര്‍ ആ പ്രതിഭയുടെ അവസാനത്തിന്‍റെ തുടക്കമായിരുന്നു.

പിന്നീട് പലപ്പോ‍ഴും ടീമിലേക്ക് തിരികെയെത്തിയെങ്കിലും പന്തും ബാറ്റും തമ്മിലുള്ള കെമിസ്ട്രി പി‍ഴച്ചു. അതോടെ കാംബ്ലി ഒന്നുമല്ലാതെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചു.

ഇക്കാലമത്രയും സച്ചിനും കാംബ്ലിയും അടുത്ത സുഹൃത്തുക്കളായി തുടര്‍ന്നു. എന്നാല്‍ ഇടക്കാലത്ത് ഇവര്‍ തെറ്റിപ്പിരിഞ്ഞതിനും ആരാധകര്‍ സാക്ഷിയായി. പ്രശ്നങ്ങള്‍ അവസാനിച്ച് രണ്ടുപേരും വീണ്ടും സുഹൃത്തുക്കളായി.

അതിനിടയിലാണ് ക‍ഴിഞ്ഞ ദിവസം സച്ചിനും കാംബ്ലിയും കണ്ടുമുട്ടിയത്.  മുംബൈയില്‍ നടന്ന ടി20 ലീഗ് മത്സരത്തിന് ശേഷം അവാര്‍ഡ് ദാന ചടങ്ങില്‍ മറ്റൊരു ചടങ്ങിനിടയിലായിരുന്നു ഇത്.

സച്ചിനെ കണ്ടതും കാംബ്ലി ഓടിച്ചെന്ന് കാല്‍തൊട്ടു വണങ്ങി. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News