ഭാരതപ്പുഴയില്‍ ഭീതി പരത്തി കാട്ടാനക്കൂട്ടം

പാലക്കാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകള്‍ ഒറ്റപ്പാലത്തിനടുത്ത് ഭാരതപ്പുഴയില്‍. ധോണി വനമേഖലയില്‍ നിന്ന് നാട്ടിലേക്കിറങ്ങിയ കാട്ടാനകള്‍ കഴിഞ്ഞ ദിവസം തൃശൂര്‍ തിരുവില്വാമല വരെയെത്തിയിരുന്നു. ആനകളെ കാട് കയറ്റാനുള്ള ശ്രമങ്ങള്‍ വനം വകുപ്പുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തുടരുകയാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് ധോണി വനമേഖലയില്‍ നിന്ന് കാട്ടാനകള്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയത്. ദേശീയപാതയും റെയില്‍വേ ട്രാക്കും ഭാരതപ്പുഴയും കടന്ന് 40 കിലോമീറ്ററോളം ജനവാസ മേഖലയിലൂടെ സഞ്ചരിച്ച് ആനകള്‍ തൃശൂര്‍ ജില്ലയിലെ തിരുവില്വാമല വരെയെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ നിലയുറപ്പിച്ച കാട്ടാനകള്‍ പുലര്‍ച്ചെയോടെയാണ് ഒറ്റപ്പാലം പാലപ്പുറത്തിനടുത്ത് ഭാരതപ്പുഴയിലെത്തിയത്.

പുഴ കടന്ന് പാലക്കാട് ഭാഗത്തേക്ക് പോയ കാട്ടാനകള്‍ വീണ്ടു തിരിച്ചെത്തി പുഴയില്‍ നിലയുറപ്പിക്കുകയായിരുന്നു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതെ വന്ന വഴിയിലൂടെ തിരിച്ച് ആനകളെ കാട്ടിലേക്കെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് വനം വകുപ്പുദ്യോഗ സ്ഥര്‍ പറഞ്ഞു.

റെയില്‍വേ ട്രാക്കും ദേശീയ പാതയും കടത്തി ആനകളെ കാട്ടിലേക്കെത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് വനം വകുപ്പുദ്യോഗസ്ഥര്‍ക്ക് മുന്നിലുള്ളത്. ജനവാസ കേന്ദ്രമായതിനാല്‍ രാത്രി സമയത്ത് കാട് കയറ്റാനുള്ള ശ്രമങ്ങള്‍ നടത്താനാണ് തീരുമാനം.

ആറ് മാസം മുമ്പ് ഇതേ വഴിയിലൂടെ മൂന്ന് കാട്ടാനകള്‍ തിരുവില്വാമല വരെത്തിയിരുന്നു. അന്ന് കാടിറങ്ങിയ കാട്ടാനകള്‍ തന്നെയാണ് വീണ്ടുമെത്തിയതെന്നാണ് കരുതുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും അട്ടപ്പാടിയില്‍ നിന്നും വയനാട്ടില്‍ നിന്നുമുള്ള വിദഗ്ധ സംഘവും എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here