കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും; ലോക്‌സഭയില്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി; ചൊവ്വാഴ്ച്ച പരിഗണിക്കണമെന്ന് ആവശ്യം

ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ലോക്‌സഭയില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ശ്രീരാമ നവമി അവധിയ്ക്ക് ശേഷം ചൊവ്വാഴ്ച്ച ചേരുന്ന പാര്‍ലമെന്റ് സമ്മേളത്തില്‍ പ്രമേയം പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വൈ.എസ്.ആര്‍ കോണ്‍ഗ്രസും തെലുങ്കുദേശവും നേരത്തെ നല്‍കിയ അവിശ്വാസപ്രമേയം ഇന്നും ലോക്‌സഭ പരിഗണിച്ചില്ല.

ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് തെലുങ്കുദേശവും വൈ.എസ്.ആര്‍ കോണ്‍ഗ്രസും നല്‍കിയ അവിശ്വാസ പ്രമേയങ്ങള്‍ പരിഗണിക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടയിലാണ് കോണ്‍ഗ്രസും പുതിയ നീക്കം നടത്തിയിരിക്കുന്നത്.

ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മല്ലിഗാര്‍ജു ഗാര്‍ഗെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. നവരാത്രി ആഘോഷം നടക്കുന്നതിനാല്‍ ഇനി ചൊവ്വാഴ്ച്ച മാത്രമേ സഭ ചേരുകയുള്ളു. അന്ന് പ്രമേയം പരിഗണിക്കണമെന്നാണ് ആവശ്യം. മൂന്നുപാര്‍ട്ടികള്‍ അവിശ്വാസത്തിന് നീക്കം നടത്തിയതോടെ ഭരണപക്ഷം പ്രതിരോധത്തിലായി.

അതേസമയം, സഭയില്‍ പ്രതിഷേധം നടത്തുന്ന അണ്ണാ ഡിഎംകെയും തെലങ്കാന രാഷ്ട്രിയ സമിതിയും പ്രമേയത്തെ ശക്തമായി എതിര്‍ക്കുന്നു. കാവേരി ബോര്‍ഡ് രൂപീകരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയാല്‍ പ്രതിഷേധം അവസാനിപ്പിക്കാമെന്ന് അണ്ണാ ഡി.എം.കെ നിലപാട്.

തുടര്‍ച്ചയായ ആറാം ദിവസം പ്രതിഷേധങ്ങള്‍ കാരണം രാജ്യസഭയും ലോക്‌സഭയും നേരത്തെ പിരിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News