നവലിബറല്‍ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ തൊഴിലാളികളെ സമരസജ്ജരാക്കും; സിഐടിയു അഖിലേന്ത്യാ ജനറല്‍ കൗണ്‍സിലിന് ഉജ്വല തുടക്കം

കോഴിക്കോട്: നവലിബറല്‍ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കും ഏകാധിപത്യപ്രവണതകള്‍ക്കുമെതിരെ ഇന്ത്യന്‍ തൊഴിലാളികളെ സമരസജ്ജരാകാന്‍ ആഹ്വാനം ചെയ്ത് സിഐടിയുവിന്റെ അഖിലേന്ത്യാ ജനറല്‍ കൗണ്‍സിലിന് കോഴിക്കോട്ട് ഉജ്വല തുടക്കം.

സിഐടിയുവിന്റെ വളര്‍ച്ചയ്ക്ക് തടസ്സമായ ഘടകങ്ങള്‍ കണ്ടെത്തി പുതിയ മേഖലകളിലേക്ക് സംഘടനയുടെ സാന്നിധ്യം ഉറപ്പാക്കാനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നതിന് ചേരുന്ന ജനറല്‍ കൗണ്‍സിലിന് പ്രസിഡന്റ് ഡോ. കെ ഹേമലത പതാക ഉയര്‍ത്തിയതോടെയാണ് തുടക്കമായത്. 18 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോഴിക്കോട് സിഐടിയു ജനറല്‍ കൗണ്‍സിലിന് വേദിയാകുന്നത്.

അന്തരിച്ച സിഐടിയു മുന്‍ പ്രസിഡന്റ് മുഹമ്മദ് അമീന്റെ സ്മരണ തുടിക്കുന്ന വേദിയില്‍ കൗണ്‍സിലിന്റെ നടപടികള്‍ക്ക് തുടക്കം കുറിച്ച് പ്രസിഡന്റ് ഹേമലത പ്രതിനിധികളെ അഭിസംബോധന ചെയ്തു.

ലോകമാകെ മുതലാളിത്തം തിരസ്‌കരിക്കപ്പെടുകയാണ്. നവലിബറലിസത്തിന് നിലനില്‍പ്പില്ലെന്ന് തെളിയിക്കപ്പെടുകയാണ്. വര്‍ഗാധിഷ്ഠിത ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ തൊഴിലാളികളുടെ തൊഴില്‍, ജീവിത സാഹചര്യങ്ങള്‍ മാറ്റിയെടുക്കാനും ചൂഷണരഹിത സമൂഹം കെട്ടിപ്പടുക്കാനും എല്ലാ വിഭാഗം തൊഴിലാളികളെയും അണിനിരത്തണം. ബദലിനായുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തണം അവര്‍ പറഞ്ഞു.

സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയും സ്വാഗതസംഘം ചെയര്‍മാനുമായ എളമരം കരീമാണ് 460 പ്രതിനിധികളെ സ്വാഗതം ചെയ്തത്്. നരേന്ദ്രമോഡിയുടെ അച്ഛദിന്‍ മുദ്രാവാക്യത്തെ പ്രതീക്ഷയോടെ കണ്ടവര്‍ പോലും ഇന്ന് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള സമരത്തില്‍ അണിചേരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

തൊഴില്‍നിയമങ്ങള്‍ ഭേദഗതി ചെയ്ത്് തൊഴിലാളികളുടെ അവകാശങ്ങള്‍ കവരുകയാണ് കേന്ദ്രസര്‍ക്കാര്‍. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ബദല്‍ നയങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു.
ത്രിപുരയിലെ വിജയത്തിനുപിന്നാലെ ബിജെപി അഴിച്ചുവിടുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ ജനറല്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തു. ഇതുസംബന്ധിച്ച പ്രമേയം സിഐടിയു വൈസ് പ്രസിഡന്റ് എ കെ പത്മനാഭന്‍ അവതരപ്പിച്ചു. എളമരം കരീം പിന്താങ്ങി. കേരളത്തില്‍ ഏപ്രില്‍ രണ്ടിന് പണിമുടക്ക് നടത്താനുള്ള ട്രേഡ് യൂണിയനുകളുടെ തീരുമാനത്തിന് ജനറല്‍ കൗണ്‍സില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ അവതരിപ്പിച്ച പ്രമേയത്തെ അനാദി സാഹു പിന്താങ്ങി.

തുടര്‍ന്ന് ജനറല്‍ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിനുമേല്‍ പ്രതിനിധികള്‍ ചര്‍ച്ച തുടങ്ങി. ചര്‍ച്ച ശനിയാഴ്ചയും തുടരും. മറുപടിക്കു ഞായറാഴ്ച ശേഷം സംഘടന സംബന്ധിച്ച ഭുവനേശ്വര്‍ രേഖ പുതുക്കാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങും. 26ന് വൈകിട്ട് ലക്ഷം തൊഴിലാളികള്‍ അണിനിരക്കുന്ന റാലിയോടെ കൗണ്‍സില്‍ സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News