ലോകകപ്പില്‍ അഫ്ഗാന്‍റെ വീരചരിതം; ഒരു രാജ്യം ഒന്നടങ്കം ആഘോഷത്തിമിര്‍പ്പില്‍; അത്ഭുതബാലന്‍ റാഷിദ്ഖാന്‍റെ ചിറകിലേറി അഫ്ഗാന്‍ യോഗ്യത നേടി

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുക്കുകയെന്ന സ്വപ്നം വീണ്ടും യാഥാര്‍ത്ഥ്യമായതിന്‍റെ ആഹ്ലാദത്തിലാണ് അഫ്ഗാനിസ്ഥാന്‍ ജനത. ക്രിക്കറ്റില്‍ പറയത്തക്ക ഭൂതകാലമൊന്നുമില്ലാത്ത ഒരു ജനത ഒന്നടങ്കം കൈയ്യടിക്കുന്നത് അത്ഭുതബാലന്‍ റാഷിദ്ഖാനെ നോക്കിയാണ്.

ലോകം ഇതിനകം പലകുറി വാ‍ഴ്ത്തിയിട്ടുള്ള മീശമുളയ്ക്കാത്ത പയ്യനും കൂട്ടുകാരും ചേര്‍ന്ന് ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ ചരിത്രത്തില്‍ രണ്ടാം തവണയാണ് അഫ്ഗാന്‍റെ പേര് എ‍ഴുതിചേര്‍ത്തത്. 2015 ലോകകപ്പിലും അഫ്ഗാന്‍ പങ്കെടുത്തിട്ടുണ്ട്.

2019 ലോകകപ്പ് യോഗ്യതയ്ക്ക് ഏറ്റവും നിര്‍ണായകമായിരുന്ന ഇന്ന് നടന്ന മത്സരത്തില്‍ ഐയര്‍ലണ്ടിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് നീലപ്പടയുടെ കുതിപ്പ്.

ജയിക്കുന്നവര്‍ക്ക് ലോകകപ്പ് കളിക്കാനുള്ള യോഗ്യത എന്ന സാഹചര്യത്തില്‍ കളത്തിലിറങ്ങിയ ഇരു ടീമുകളും മികച്ച പോരാട്ടം പുറത്തെടുത്തി. പക്ഷെ അഫ്ഗാന്‍ പോരാളികളുടെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ ഐയര്‍ലണ്ടിന് മുട്ടുമടക്കേണ്ടിവന്നു.

ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഐയര്‍ലണ്ടിനെ പിടിച്ചുകെട്ടിയത് റാഷിദ് ഖാന്‍ മികവുറ്റ പന്തുകളായിരുന്നു. 10 ഓ‍വറില്‍ 40 റണ്‍സ് വ‍ഴങ്ങി മൂന്നുപേരെയാണ് റാഷിദ് മടക്കിയയച്ചത്. നിശ്ചിത ഓ‍വറില്‍ ഏ‍ഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമേ അയര്‍ലണ്ടിന് നേടാനായുള്ളു.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ താരങ്ങള്‍ കരുതലോടെയാണ് കളിച്ചത്. ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് സമ്മാനിച്ചത്. 86 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് കൂട്ടുകെട്ട് പിരിഞ്ഞത്. അര്‍ധസെഞ്ചുറി നേടിയ മുഹമ്മദ് ഷെഹ്സാദാണ് ആദ്യം പുറത്തായത്.

പിന്നീട് വിക്കറ്റുകള്‍ വേഗത്തില്‍ വീണെങ്കിലും മധ്യനിരയില്‍ ഷമിയുള്ളയും നായകന്‍ അഷ്ഗറും  മികച്ച പ്രകടനം നടത്തിയതോടെ അഫ്ഗാന് ആശ്വാസമായി. ഒ‍ടുവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാന്‍ ലക്ഷ്യം കാണുകയായിരുന്നു.

ഷമിയുള്ള 27 റണ്‍സ് നേടി പുറത്തായെങ്കിലും അഷ്ഗര്‍ 39 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഓപ്പണര്‍ ഗുല്‍ബാഡിന്‍ 45 റണ്‍സും നജീബുള്ള 17 റണ്‍സും നേടി അഫ്ഗാനായി മികച്ച പ്രകടനം നടത്തി.

വെസ്റ്റിന്‍ഡീസ് താരമായിരുന്ന ഫില്‍ സിമ്മണ്‍സ് പരിശീലകനായെത്തിയതോടെയാണ് അഫ്ഗാനിസ്ഥാന്‍റെ കളിക്ക് ലക്ഷ്യബോധം കൈവന്നത്. റാഷിദ് ഖാന്‍റെ അത്ഭുത പന്തുകളും അഷ്കറിന്‍റെ നായകത്വവും മികച്ച ബാറ്റ്സ്മാന്‍മാരും ബൗളര്‍മാരും കൂടിയായതോടെ കളി മാറി.

യോഗ്യതാ പോരാട്ടത്തില്‍ ക്രിസ് ഗെയിലും മാര്‍ലോണ്‍ സാമുവല്‍സുമെല്ലാമടങ്ങിയ വെസ്റ്റിന്‍ഡീസിനെയടക്കം തോല്‍പ്പിച്ചാണ് അഫ്ഗാന്‍ കുതിച്ചത്. യു എ ഇയ്ക്കെതിരായ നിര്‍ണായകമത്സരത്തില്‍ റാഷിദ് ഖാന്‍ അഞ്ചുവിക്കറ്റ് പ്രകടനമാണ് വിജയം സമ്മാനിച്ചത്.

അഫ്ഗാന്‍ കൂടിയെത്തിയതോടെ അടുത്തവര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള ടീമുകളുടെ പട്ടിക പൂര്‍ത്തിയായി.

ഇന്ത്യ, ഓസ്ട്രേലിയ, പാക്കിസ്താന്‍, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകള്‍ നേരിട്ട് യോഗ്യത നേടിയപ്പോള്‍ വെസ്റ്റിന്‍ഡീസും അഫ്ഗാനും യോഗ്യതാ കടമ്പ കടന്നാണ് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News