ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന വാദം; പരീക്ഷ റദ്ദാക്കുക തെളിവുകള്‍ ലഭിച്ചാല്‍ മാത്രം: നിലപാട് വ്യക്തമാക്കി ഹയര്‍ സെക്കന്‍ഡറി വകുപ്പ്

ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ വാട്‌സപ്പ് വഴി ചോര്‍ന്നുവെന്ന സംശയത്തെ തുടര്‍ന്ന് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സൈബര്‍സെല്‍ സി.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം തൃശൂരിലെത്തി ജില്ലാ കോര്‍ഡിനേറ്റര്‍ കരീമിന്റെ മൊഴിയെടുത്തു.

കരീമിന്റെ ഫോണിലേക്കാണ് ചോദ്യപേപ്പറിന് സമാനമായ ഉള്ളടക്കം എത്തിയത്. ബുധനാഴ്ച്ച നടന്ന ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷയുടെ ഫിസിക്‌സ് ചോദ്യ പേപ്പര്‍ ചേര്‍ന്നുവന്ന തരത്തില്‍ വ്യാപക പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. തൃശൂര്‍ ജില്ലയിലെ കോര്‍ഡിനേറ്റര്‍ കരീമിന്റെ ഫോണിലേക്കും ഇത്തരം സന്ദേശങ്ങളെത്തി. ഇരുപത്തിയൊന്നാം തീയതിയാണ് പരീക്ഷ നടന്നതെങ്കിലും ഇരുപത്തിരണ്ടിന് ലഭിച്ച സന്ദേശത്തിന്റെ ഉള്ളടക്കം കരീം ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് കൈമാറി.

ഇതേ തുടര്‍ന്ന് ഡയറക്ടര്‍ നല്‍കിയ പരാതിയിലാണ് സൈബര്‍ സൈല്‍ അന്വേഷണം ആരംഭിച്ചത്. സി.ഐ വിനോദിന്റെ നേതൃത്വത്തില്‍ കരീമില്‍ നിന്ന് മൊഴിയെടുത്തു. കൈകൊണ്ടെഴുതിയ ചോദ്യങ്ങളാണ് പ്രചരിച്ചത്.

വിദ്യാര്‍ഥികള്‍ എഴുതിപഠിച്ച പേപ്പറുകളാകാം പ്രചരിക്കുന്നത് എന്നാണ് അധ്യാപകരുടെ അഭിപ്രായം. എന്നാല്‍ ഇതിന് സ്ഥിരീകരണമുണ്ടായിട്ടില്ല. പരീക്ഷയ്ക്ക് മുമ്പ് ചോദ്യ പേപ്പറിന്റെ ഉള്ളടക്കം അടങ്ങിയ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. ചോദ്യ പേപ്പര്‍ ചോര്‍ന്നു എന്ന് കണ്ടെത്തിയാല്‍ മാത്രമെ പരീക്ഷ റദ്ദാക്കുന്നതടക്കമുള്ള നടപടികളെക്കുറിച്ച് ഹയര്‍ സെക്കന്‍ഡറി വകുപ്പ് തീരുമാനമെടുക്കു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here