ഈ യുദ്ധം തുടരും- ഭഗത് സിംഗ്

പഞ്ചാബ് ഗവർണർക്ക്,

സര്‍,

എല്ലാവിധ ആദരവോടും കൂടി ചില കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനാഗ്രഹിക്കുന്നു: 1930 ഒക്ടോബര്‍ ഏഴിന് ലാഹോര്‍ ഗൂഢാലോചന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളാണ് ഞങ്ങള്‍. ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ യുദ്ധം ചെയ്തുവെന്നാണ് ഞങ്ങള്‍ക്കെതിരായി ചാര്‍ത്തിയ കുറ്റം.

മുകളില്‍ പറഞ്ഞ കോടതിയുടെ കണ്ടെത്തലുകളില്‍ രണ്ട് സങ്കല്പനങ്ങളാണുള്ളത്:

ആദ്യമായി, ഇവിടെ ബ്രിട്ടീഷ് രാഷ്ട്രവും ഇന്ത്യന്‍ രാഷ്ട്രവും തമ്മില്‍ ഒരു യുദ്ധം നിലനില്‍ക്കുന്നുണ്ട് എന്നത്, രണ്ടാമതായി ഞങ്ങള്‍ ആ യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. അതിനാല്‍ യുദ്ധ തടവുകാരാണ് എന്നത്.

രണ്ടാമത്തെ സങ്കല്പം അല്പം പൊങ്ങച്ചമായി തോന്നും. എന്നിരുന്നാലും അതിന് വഴങ്ങിക്കൊടുക്കുവാനുള്ള മോഹത്തിനു തടയാന്‍ കഴിയാത്തത്ര പ്രലോഭനപരമാണ്.

ആദ്യം പറഞ്ഞ കാര്യം നമുക്ക് വിശദമായി നോക്കാം. ആ വാക്കുകള്‍ സൂചിപ്പിച്ചതുപോലുള്ള ഒരു യുദ്ധം ഉണ്ടെന്നു തോന്നുന്നില്ല.

എന്തായാലും, ഈ സങ്കല്പങ്ങളെ മുഖവിലയ്‌ക്കെടുക്കാന്‍ ഞങ്ങളെ അനുവദിക്കുക. കൂടുതല്‍ വ്യക്തമായി മനസിലാക്കാന്‍ ഞങ്ങള്‍ കുറച്ചുകൂടി വിശദീകരിക്കാം. ഈ യുദ്ധാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് നമുക്ക് പ്രഖ്യാപിക്കാം. ഒരു പറ്റം ഇത്തിള്‍ക്കണ്ണികള്‍ ഇന്ത്യയിലെ അദ്ധ്വാനിക്കുന്ന ജനതയെയും പ്രകൃതി വിഭവങ്ങളെയും ചൂഷണം ചെയ്യുന്നിടത്തോളം കാലം അത് തുടരുക തന്നെ ചെയ്യും.

ചിലപ്പോളവര്‍ ബ്രിട്ടീഷ് മൂലധനശക്തികളായിരിക്കും, അല്ലെങ്കില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സംയുക്ത ശക്തി, അല്ലെങ്കില്‍ ശുദ്ധ ഇന്ത്യന്‍ ആവാം. സംയുക്ത അല്ലെങ്കില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥ ഉപകരണങ്ങളിലൂടെ അവര്‍ അവരുടെ പ്രച്ഛന്ന ചൂഷണം തുടര്‍ന്നുകൊണ്ടേയിരിക്കാം. ഇക്കാര്യങ്ങളൊന്നും യാതൊരു വ്യത്യാസവുമുണ്ടാക്കില്ല.

നിസാര വാഗ്ദാനങ്ങളിലൂടെയും ആനുകൂല്യങ്ങളിലൂടെയും ഇന്ത്യന്‍ സമൂഹത്തിലെ മേല്‍ത്തട്ടിലെ നേതാക്കള്‍ക്കുമേല്‍ നിങ്ങളുടെ സര്‍ക്കാര്‍ വിജയം നേടിയേക്കാം. അതുവഴി ഈ സേനയുടെ മനോവീര്യം താല്‍ക്കാലികമായി കെടുത്താന്‍ കഴിഞ്ഞേക്കും. അതില്‍ വലിയ കാര്യമൊന്നുമില്ല.

ഇന്ത്യന്‍ പ്രസ്ഥാനത്തിന്റെ, വിപ്ലവ പാര്‍ട്ടിയുടെ മുന്നണിപ്പോരാളികള്‍ ഒരിക്കല്‍ കൂടി യുദ്ധമുഖത്ത് ഉപേക്ഷിക്കപ്പെട്ടു കാണപ്പെട്ടാലും പ്രശ്‌നമില്ല.

നമുക്കുനേരെ ദയയും അനുകമ്പയും പ്രകടിപ്പിച്ചതിന് നേതാക്കളോട് വ്യക്തിപരമായി നമ്മള്‍ ഏറെ കടപ്പെട്ടിരിക്കുന്നു എന്നതല്ല വിഷയം. വീടും സുഹൃത്തുക്കളും പറയത്തക്ക സമ്പാദ്യവുമില്ലാത്ത, സേനയുടെ മുന്നണിപ്പോരാളികളെന്നാരോപിക്കപ്പെട്ട, ഇതിനകം തന്നെ കാലഹരണപ്പെട്ട അവരുടെ ഉട്ടോപ്യന്‍ അഹിംസാ സിദ്ധാന്തത്തിന്റെ ശത്രുക്കളായി പരിഗണിക്കപ്പെട്ട വനിതാ തൊഴിലാളികളെ പരാമര്‍ശിക്കാതെയും അവഗണിച്ചും അവര്‍ ചെയ്തത് കൊടും ക്രൂരതയാണെന്ന കാര്യം നമുക്ക് പറയാതിരിക്കാനാവില്ല.

മനസില്ലാമനസോടെ അല്ലെങ്കില്‍ ഭര്‍ത്താവിനുവേണ്ടി, സഹോദരങ്ങള്‍ക്കുവേണ്ടി, പ്രിയ്യപ്പെട്ടവര്‍ക്കും, അവരവര്‍ക്കുവേണ്ടി ജീവത്യാഗം ചെയ്ത വീരനായികമാര്‍, നിങ്ങളുടെ സര്‍ക്കാര്‍ കുറ്റവാളികളെന്നു പ്രഖ്യാപിച്ചവര്‍.

അവരെയും അവരുടെ പാര്‍ട്ടിയെയും കളങ്കപ്പെടുത്തുന്ന അടിസ്ഥാന രഹിതമായ അപവാദങ്ങള്‍ കെട്ടിച്ചമക്കുന്ന തരത്തില്‍ നിങ്ങളുടെ ദല്ലാളന്മാര്‍ തരംതാണാലും പ്രശ്‌നമില്ല.

യുദ്ധംതുടരുക തന്നെ ചെയ്യും. കാലം കഴിയുന്തോറും അതിന് വ്യത്യസ്ത രൂപം ലഭിച്ചേക്കാം. ഇപ്പോള്‍ അത് തുറന്നതാവാം, ഇപ്പോഴത് ഗുപ്തമാവാം, ഇപ്പോഴത് തീര്‍ത്തും ക്ഷോഭജനകമാകാം. ഇപ്പോഴത് ജീവന്മരണ പോരാട്ടമാകാം.

രക്തരൂക്ഷിതമാവണോ അല്ലെങ്കില്‍ താരതമ്യേന സമാധാനപരമാവണോ എന്നാണ് തെരഞ്ഞെടുക്കേണ്ടത്. ഏതു തെരഞ്ഞെടുക്കണമെന്നത് നിങ്ങളുടെ തീരുമാനം അനുസരിച്ചിരിക്കും. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. അപ്രധാനവും അര്‍ത്ഥശൂന്യവുമായ പ്രത്യയശാസ്ത്രങ്ങള്‍ പരിഗണിക്കാതെ യുദ്ധം നിരന്തരം തുടരുക തന്നെ വേണം.

ഒരു പുതിയ കരുത്തോടെ, കൂടുതല്‍ ധൈര്യത്തോടെ, അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടെ ഈ യുദ്ധം തുടരും. സോഷ്യലിസ്റ്റ് റിപ്പബ്ലിക് സ്ഥാപിക്കപ്പെടും വരെ. ഇപ്പോഴത്തെ സാമൂഹ്യക്രമത്തിനു പകരം സാമൂഹ്യ സമൃദ്ധിയില്‍ അധിഷ്ടിതമായ പുതിയ സാമൂഹ്യക്രമം വരുന്നതുവരെ. അതുവഴി എല്ലാതരത്തിലുള്ള ചൂഷണങ്ങളും അവസാനിച്ച് മനുഷ്യകുലം കളങ്കമറ്റതും ശാശ്വതവുമായ സമാധാനത്തിന്റെ കാലഘട്ടത്തിലേക്ക് കടന്നെത്തും.  സമീപഭാവിയില്‍ തന്നെ അന്ത്യയുദ്ധം നടക്കുകയും അവസാന ഉടമ്പടിയിലെത്തുകയും ചെയ്യും.

മൂലധന, സാമ്രാജ്യത്വ ചൂഷണങ്ങളുടെ ദിനം എണ്ണപ്പെട്ടിരിക്കുന്നു. ഈ യുദ്ധം ഞങ്ങളില്‍ നിന്നു തുടങ്ങുകയോ ഞങ്ങളുടെ മരണത്തോടെ അവസാനിക്കുകയോ ചെയ്യുന്നില്ല. ചരിത്ര സംഭവങ്ങളുടെയും നിലവിലെ പരിതസ്ഥിതിയുടെയും ഒഴിച്ചുകൂടാനാവാത്ത പ്രത്യാഘാതമാണ് ഈ യുദ്ധം.

ജിതിന്‍ ദാസിന്റെ അതുല്യമായ ജീവത്യാഗവും ഭഗവതി ചരണിന്റെ ഏറ്റവും ദാരുണവും അതേസമയം ശ്രേഷ്ഠവുമായ ജീവത്യാഗവും നമ്മുടെ പ്രിയ പോരാളി ആസാദിന്റെ മഹത്തായ മരണവും മനോഹരമായി കോര്‍ത്തിണക്കിയ ചങ്ങലയിലെ ഒരു കണ്ണി മാത്രമാകും ഞങ്ങളുടെ ഈ വിനീതമായ ജീവത്യാഗം.

ഞങ്ങളുടെ വിധിയെക്കുറിച്ചുള്ള ചോദ്യത്തിന്, നിങ്ങള്‍ ഞങ്ങളെ വധിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതു നിങ്ങള്‍ നടപ്പാക്കിയിരിക്കുന്നു.

അധികാരം നിങ്ങള്‍ കയ്യിലെടുത്തിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ന്യായീകരണം അധികാരമാണ്.

‘അധികാരമാണ് ശക്തി’ യെന്ന സിദ്ധാന്തമാണ് നിങ്ങളെ നയിക്കുന്ന മുദ്രാവാക്യമെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ക്കെതിരായ വിചാരണ മുഴുവന്‍ അതിനു തെളിവാണ്.

നിങ്ങളുടെ കോടതി വിധി പ്രകാരം ഞങ്ങള്‍ യുദ്ധം ചെയ്തവരാണെന്നും അതുകൊണ്ടുതന്നെ യുദ്ധ തടവുകാരാണെന്നുമുള്ള കാര്യം ഞാന്‍ ശ്രദ്ധയില്‍പ്പെടുത്താനാഗ്രഹിക്കുന്നു. ആ രീതിയില്‍ തന്നെ ഞങ്ങള്‍ കൈകാര്യം ചെയ്യപ്പെടണം എന്നും ആവശ്യപ്പെടുന്നു, അതായത്, ഞങ്ങളെ തൂക്കിലേറ്റുന്നതിനു പകരം വെടിവെച്ചുകൊല്ലണം.

നിങ്ങളുടെ കോടതി പറഞ്ഞത് ചെയ്യണോ വേണ്ടയോ എന്നത് നിങ്ങളുടെ കാര്യം.

ഞങ്ങളുടെ വധശിക്ഷ നടപ്പിലാക്കാന്‍ പട്ടാളത്തെ അയക്കാന്‍ സൈനിക ഡിപ്പാര്‍ട്ട്‌മെന്റിന് നിങ്ങള്‍ ഉത്തരവ് നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അതിനായി അഭ്യര്‍ത്ഥിക്കുന്നു.

നിങ്ങളുടെ

ഭഗത് സിംഗ്

(തൂക്കിലേറ്റപ്പെടുംമുമ്പ് ഭഗത് സിംഗ് പഞ്ചാബ് ഗവർണർക്ക് എ‍ഴുതിയ കത്ത്. ഇന്ന് ഭഗത് സിംഗിന്റെ 87-ാം രക്തസാക്ഷിത്വദിനം)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here