മോര്‍ക്കലും റബാഡയും തകര്‍ത്തെറിഞ്ഞു; വാലുയര്‍ത്തി കംഗാരുപ്പട; മൂന്നാം ടെസ്റ്റ് ആവേശകരം

ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമായുള്ള മൂന്നാം ടെസ്റ്റ് ആവേശകരമാകുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ 311 റണ്‍സില്‍ അവസാനിച്ചപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 9 വിക്കറ്റിന് 245 എന്ന നിലയിലാണ്.

ഓപ്പണര്‍മാര്‍ മികച്ച തുടക്കം സമ്മാനിച്ചിട്ടും മധ്യനിര തകര്‍ന്നതാണ് കംഗാരുപ്പടയ്ക്ക് തിരിച്ചടിയായത്. എന്നാല്‍ വാലറ്റത്ത് നഥാന്‍ ലിയോണും റ്റിം പെയ്നും തകര്‍ത്തടിച്ചത് അവര്‍ക്ക് ആശ്വാസമായി. ഒരുഘട്ടത്തില്‍ 8 ന് 175 എന്ന നിലയില്‍ തകര്‍ന്ന സന്ദര്‍ശകരെ കരകയറ്റിയത് 9 ാം വിക്കറ്റിലെ ചെറുത്തുനില്‍പ്പാണ്.

ലിയോണ്‍ 58 പന്തില്‍ 47 റണ്‍സ് നേടി പുറത്തായപ്പോള്‍ പെയ്ന്‍ 33 റണ്‍സുമായി ക്രീസിലുണ്ട്. വെളിച്ചകുറവ് മൂലം  രണ്ടാംദിനം നേരത്തെ കളി അവസാനിപ്പിക്കുമ്പോള്‍ ഒരു റണ്‍സുമായി ഹെയ്സല്‍വുഡാണ് പെയ്ന് കൂട്ടായി ക്രീസിലുള്ളത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 30 റണ്‍സ് നേടിയപ്പോള്‍ ബെന്‍ക്രോഫ്റ്റ് 77 റണ്‍സാണ് അടിച്ചെടുത്തത്.

തകര്‍ത്തെറിഞ്ഞ മോര്‍ക്കലും റബാഡയും ചേര്‍ന്നാണ് ഓസ്ട്രേലിയയെ പിടിച്ചുകെട്ടിയത്. മോര്‍ക്കല്‍ 4 വിക്കറ്റ് വീ‍ഴ്ത്തിയപ്പോള്‍ റബാഡ മൂന്ന് പേരെ കൂടാരം കയറ്റി.

നേരത്തെ ഒന്നാംദിനം എട്ടു വിക്കറ്റ് നഷ്ടത്തിൽ 266 എന്ന നിലയിലായിരുന്ന ആതിഥേയർ ഇന്ന് 45 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താണ് 311 റണ്‍സില്‍ ബാറ്റിംഗ് അവസാനിപ്പിച്ചത്.

ഉജ്ജ്വല സെഞ്ചുറി നേടി പുറത്താകാതെ നിന്ന ഓപ്പണര്‍ ഡീന്‍ എല്‍ഗറാണ് ദക്ഷിണാഫ്രിക്കയ്ക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. 141 റണ്‍സ് നേടിയ എല്‍ഗര്‍ ഒരു വശത്ത് നങ്കൂരമിടുകയായിരുന്നു.

ഒരുഘട്ടത്തിൽ രണ്ടിന് 220 റണ്ണെടുത്ത്ശക്തമായ നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ ഇന്നലെ അവസാന സെഷനിൽ ഓസ്ട്രേലിയ പിടിച്ചുകെട്ടുകയായിരുന്നു. 64 റണ്‍സ് നേടിയ എ ബി ഡിവില്ലേ‍ഴ്സ് എല്‍ഗറിന് മികച്ച പിന്തുണ നല്‍കി. നാലു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കുമ്മിൻസാണ് ആഫ്രിക്കയെ തകര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News