കീഴാറ്റൂരില്‍ ജനകീയ കൂട്ടായ്മ; ‘നാടിന് കാവല്‍’ ആയിരങ്ങള്‍ അണി നിരക്കുന്ന പ്രചരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം

വികസനം തടസ്സപ്പെടുത്താനും നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുമുള്ള നീക്കങ്ങള്‍ക്കെതിരെ ഇന്ന് കീഴാറ്റൂരില്‍ ജനകീയ കൂട്ടായ്മ. മൂവായിരത്തില്‍ അധികം പേര്‍ അണിനിരക്കുന്ന ജാഗ്രതാ റാലിയോടെ നാടിന് കാവല്‍ എന്ന പേരിലുള്ള പ്രചരണ പരിപാടികള്‍ക്ക് തുടക്കമാകും. കീഴാറ്റൂര്‍ സംരക്ഷണ ജനകീയ സമിതിയുടെ പ്രഖ്യാപനവും ഇന്നുണ്ടാകും.

ബൈപ്പാസ് വിരുദ്ധ സമരത്തിന്റെ പേരില്‍ കീഴാറ്റൂരില്‍ അശാന്തി വിതയ്ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയാണ് ജനങ്ങള്‍ സംഘടിക്കുന്നത്. വൈകുന്നേരം നാല് മണിക്ക് കീഴാറ്റൂര്‍ ഇ എം എസ് സ്മാരക വായന ശാലയ്ക്ക് സമീപത്തു നിന്നും ആരംഭിക്കുന്ന ജാഗ്രതാ മാര്‍ച്ച് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ സമാപിക്കും.

കീഴാറ്റൂര്‍ ബൈപ്പാസിനായി സ്ഥലം വിട്ടു നല്‍കിയവരും പ്രദേശവാസികളും റാലിയില്‍ അണിനിരക്കും.തളിപ്പറമ്പില്‍ ചേരുന്ന ജനകീയ കൂട്ടായ്മയില്‍ സി പി ഐഎം സംസ്ഥാന സമിതി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍,ജില്ലാ സെക്രട്ടറി പി ജയരാജന്‍ എം എല്‍ എ മാരായ ജയിംസ് മാത്യു,ടി വി രാജേഷ്,എല്‍ ഡി എഫ് നേതാക്കള്‍,കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജനകീയ കൂട്ടായ്മയില്‍ വച്ച് കീഴാറ്റൂര്‍ സംരക്ഷണ ജനകീയ സമിതി രൂപീകരിക്കും.

ബൈപ്പാസ് വിരുദ്ധ സമരക്കാര്‍ നടത്തുന്ന വ്യാജപ്രചരങ്ങളുടെ നിജസ്ഥിതി തുറന്നു കാട്ടുകയാണ് ജനകീയ സമിതിയുടെ ലക്ഷ്യം. ഒപ്പം നാട്ടിലെ സമാധാന അന്തരീക്ഷം തിരിച്ചു കൊണ്ടുവരാനുള്ള പ്രചരണവും സംഘടിപ്പിക്കും. പുറമേ നിന്നും ഉള്ളവര്‍ നുഴഞ്ഞു കയറി നാട്ടില്‍ കലാപം ഉണ്ടാക്കുന്നതിനെതിരെ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി കീഴാറ്റൂര്‍ വയലിനു സമീപം സംരക്ഷണ പന്തല്‍ സ്ഥാപിച്ച് നാടിന് കാവലാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here