ഇവടിപ്പൊ‍ഴും

ഒരു പെൺകുട്ടിയെ പിതാവ് കുത്തിക്കൊന്ന വാർത്ത വായിച്ചു. അത്ഭുതമൊന്നുമില്ല. ഭയം തോന്നി. വിദ്യാസമ്പന്നരായ സംസ്കാരസമ്പന്നരെന്ന് നാം കരുതുന്ന ചിലർ ,ആ പിതാവിനെ ന്യായീകരിക്കുന്നതു കണ്ടപ്പോൾ.

”അയാളിതെങ്ങനെ സഹിക്കും? താഴ്ന്ന ജാതിക്കാരന് കെട്ടിച്ചു കൊടുക്കുന്നതിലും നല്ലത് വെട്ടിക്കൊല്ലുന്നതു തന്നെയാണ്” എന്ന നിസ്സാരവത്കരണം ശരിക്കും ഭയപ്പെടുത്തുന്നുണ്ട്. ശരിയാണ്! കൊല്ലേണ്ട പാതകം തന്നെയാണ് ചെയ്തിരിക്കുന്നത്.

‘നല്ല തറവാട്ടുകാരനായ ‘, ‘രാഷ്ട്രീയമെന്നാൽ എന്തെന്നു പോലുമറിയാത്ത’ സൽസ്വഭാവിയായ, ‘പരന് പൈങ്കിളി പോലെ ദത്തയാകേണ്ടിയിരുന്ന ‘വളാണ്. ജനിച്ച നാൾ മുതൽക്കേ ‘അന്യവീടിനു ‘ വേണ്ടി പാകപ്പെടുത്തി വളർത്തിയെടുത്തവളാണ്.

അവളാണ് സ്വന്തം ഇഷ്ടപ്രകാരം ഒരാളെ തെരഞ്ഞെടുത്തത്. അയാളോടൊത്ത് ജീവിക്കാൻ നിയമപരിരക്ഷ തേടിച്ചെന്നെന്ന കൊടുംപാതകം ചെയ്തത്. വിവാഹം നടത്തിക്കൊടുക്കാൻ പോലീസിനു പറയാം. പോറ്റി വളർത്തിയ പിതാവ് അതെങ്ങനെ സഹിക്കും?

” പെണ്ണായാൽ പൊന്നു വേണം
പൊന്നിൻകുടമായിടേണം
പത്തരമാറ്റവൾക്കേകാൻ
ഭീമതൻ സ്വർണ്ണം തന്നെ വേണം!” പിന്നെ വേറെന്തു വേണം? കൊല്ലുക തന്നെ വേണം!കാരൂരിൻ്റെ ‘കിഴവിയും കോഴിയും’ എന്ന കഥയിലെ വാചകം ഓർമ്മ വരുന്നു. ” കോഴിയെ വളർത്തുന്നതു തന്നെ കൊല്ലാനാണ് !”

‘അഭിമാനഹത്യ’, ‘honour Killing’, ‘ദുരഭിമാനക്കൊല ‘ എന്നൊക്കെ പറഞ്ഞ് നിസ്സാരവത്കരിച്ചേക്ക്. ‘അഭിമാനസംരക്ഷണത്തിന് ‘മകളെ കൊന്നവർക്ക് കോടതി പോലും ഇളവനുവദിച്ച നാടാണ്! അങ്ങനെയുള്ള നാട്ടിൽ ക്കഇത്തരം കൊടുംക്രൂരകൃത്യം നടത്തിയവരെ ‘അസാധാരണ കൊലക്കുറ്റം ‘ചുമത്തി ശിക്ഷിണമെന്നത് ഒരു വൃഥാപ്രതീക്ഷയാണ്.

ജന്മമഹത്വംമിഥ്യയാണെന്ന നവോത്ഥാന കാഴ്ചപ്പാടൊക്കെ തൂത്തെറിഞ്ഞേക്കൂ. ഇവിടിപ്പോഴും ജന്മമഹത്വവും ജാതിമഹത്വവുമൊക്കെ ശക്തമായുണ്ട്. അതുകൊണ്ടൊക്കെത്തന്നെയാണ് പുലയൻ ഡോക്ടറായാൽ അത് പത്രത്തിൽ നാലു കോളം വാർത്തയാകുന്നതും, നമ്പൂരി പാടത്ത് ചേറിലിറങ്ങി നിന്ന് കിളയ്ക്കുന്ന ചിത്രം നോക്കി ‘ഹാ! കഷ്ടം’ എന്ന് നാം വിലപിക്കുന്നതും.
ആതിരയ്ക്ക് പ്രണാമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News