ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്; യാസ്മിന്‍ മുഹമ്മദിന് ഏഴു വര്‍ഷം തടവുശിക്ഷ; സംസ്ഥാനത്തെ ആദ്യ ഐഎസ് കേസില്‍ വിധി പറഞ്ഞത് കൊച്ചി എന്‍ഐഎ കോടതി

കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ക്കാന്‍ മലയാളി യുവാക്കളെ വിദേശത്തേക്ക് കടത്തിയ കേസില്‍ മുഖ്യപ്രതി ബീഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദിന് ഏഴു വര്‍ഷം തടവുശിക്ഷ. സംസ്ഥാനത്തെ ആദ്യ ഐഎസ് കേസില്‍ കൊച്ചി എന്‍ഐഎ കോടതിയാണ് വിധി പറഞ്ഞത്.

2016ല്‍ കാസര്‍ഗോഡുനിന്നും 15 പേരെ ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ക്കുന്നതിനായി അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയെന്നാണ് കേസ്. ബീഹാര്‍ സ്വദേശിനി ജാസ്മിന്‍ മുഹമ്മദ്, അബ്ദുല്‍ റഷീദ് എന്നിവരായിരുന്നു പ്രതികള്‍. അബ്ദുള്‍റഷീദ് ഇപ്പോഴും കാബൂളില്‍ ആയതിനാല്‍ പിടികൂടാനായില്ല.

യാസ്മിനെയും മകനെയും 2016 ജൂലൈ 30നാണ് ദില്ലി വിമാനത്താവളത്തില്‍ വച്ച് കേരള പോലീസ് പിടികൂടിയത്. ആദ്യം കേരള പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎക്ക് കൈമാറുകയായിരുന്നു.

വിചാരണക്കിടെ 50 സാക്ഷികളെയും, അമ്പതിലേറെ തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

എന്നാല്‍ താന്‍ നിരപരാധിയാണെന്നും ഐഎസിന്റെ ഭാഗമല്ലെന്നും യാസ്മിന്‍ കോടതിവളപ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയോട് വിശ്വാസമുണ്ടെന്നും രാജ്യത്തോട് ബഹുമാനമുണ്ടെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ദുരൂഹസാഹചര്യത്തില്‍ കാസര്‍ഗോഡ് നിന്നും കാണാതായ ചിലരുമായി യാസ്മിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബീഹാര്‍ സ്വദേശിനിയായ ഇവര്‍ സംസ്ഥാനത്തെ പ്രശസ്തമായ ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലി നോക്കിയിരുന്നു.

നിലവില്‍ ആറ് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് എന്‍ഐഎ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News