
കണ്ണൂര്‍: കീഴാറ്റൂരില്‍ സമരം ചെയ്യുന്നവര്‍ പരിസ്ഥിതിയുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്ന് തളിപ്പറമ്പ എംഎല്‍എ ജയിംസ് മാത്യു.
കേരളത്തില്‍ തന്നെ റോഡ് വികസനവുമായി ബന്ധപ്പെട്ടു പലയിടത്തും വയല്‍ നികത്തിയത് കണ്ടില്ലെന്ന് നടിക്കുന്ന പരിസ്ഥിതിവാദികള്‍ കീഴാറ്റൂരില്‍ സംഘടിക്കുന്നത് ദുരുദ്ദേശത്തോടെയാണെന്നും ജയിംസ് മാത്യു പറഞ്ഞു.
ദേശീയ പാത അതോറിറ്റി നിശ്ചയിക്കുന്ന സ്ഥലം ഏറ്റെടുത്തു നല്‍കുക എന്ന ജോലി മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും ജയിംസ് മാത്യു വ്യക്തമാക്കി. കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനാണ് സാധിക്കുന്നതെന്ന് ജയിംസ് മാത്യു എംഎല്‍എ പറഞ്ഞു.
ഭരണത്തിലേറിയപ്പോള്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം നിറവേറ്റുമെന്നും ജയിംസ് മാത്യു പറഞ്ഞു. ഒരു നാടിന്റെ വികസനം തകര്‍ക്കരുതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി
വ്യാജ പ്രചരണങ്ങളാണ് മാധ്യമങ്ങള്‍ നടത്തുന്നത്. 250 ഏക്കര്‍ മണ്ണിട്ട് നികത്തുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായമെന്നാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നോട് ചോദിച്ചത്. തനിക്ക് കഴിയാവുന്ന വിധത്തില്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതൊന്നും കേള്‍ക്കാന്‍ ആരും തയ്യാറായില്ല
കീഴാറ്റൂരില്‍ ദേശീയ പാതക്കായി സ്ഥലം ഏറ്റെടുക്കുന്നതിന്റെ പേരില്‍ ഒരാള്‍ക്കു പോലും കുടിവെള്ളം കിട്ടാത്ത അവസ്ഥുണ്ടാവില്ല. മാലിന്യത്തെ പറ്റിയും, റോഡിനെ പറ്റിയും, നഷ്ടപരിഹാരത്തെ പറ്റിയും പറഞ്ഞുമനസിലാക്കാന്‍ ശ്രമിച്ചു. ദൗര്‍ഭാഗ്യവശാല്‍ ഇതൊന്നും മാധ്യമപ്രവര്‍ത്തകന്‍ ചെവിക്കൊണ്ടില്ലെന്നും എംഎല്‍എ പറഞ്ഞു
കൊല്ലത്ത് 43 കിലോമീറ്റര്‍ പാത, ഭൂമി നികത്തി നിര്‍മ്മിക്കുന്നു. തീരദേശ ഭൂമി ഇല്ലാതാക്കിയാണ് ആലപ്പുഴയിലെ നിര്‍മ്മാണം. എന്നാല്‍ ഈ വിഷയത്തിലൊന്നും ഒരു പരിസ്ഥിതിവാദിയും പ്രതികരിച്ചില്ല. 68 കുളം നികത്തി കൊടുങ്ങല്ലൂര്‍ ബൈപ്പാസ് നികത്തിയപ്പോഴും പരിസ്ഥിതി വാദികള്‍ മിണ്ടാഞ്ഞതെന്തുകൊണ്ടാണെന്നും ജയിംസ് മാത്യു ചോദിച്ചു.
ആടിനെ പട്ടിയാക്കുന്ന പരിപാടിയാണ് മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ കീഴാറ്റൂരിന്റെ കാര്യത്തില്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here