അന്ന് ദയനീയമായി പരാജയപ്പെട്ടു; ഇനിയതുണ്ടാകില്ല; ജയിക്കാനായി ഇന്ത്യന്‍ നായകന്‍ കടല്‍ കടക്കുന്നു

ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി ഇന്ന് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന ഖ്യാതിക്ക് ഉടമയാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരവും മറ്റാരുമല്ല. ക്രിക്കറ്റ് ദൈവം സച്ചിനുമായി താരതമ്യം ചെയ്യുന്ന ആരാധകരില്‍ ചിലര്‍ കൊഹ്ലി സച്ചിനെക്കാള്‍ മുകളിലാണെന്നും വാദിക്കുന്നുണ്ട്.

ക്രിക്കറ്റിനോടുള്ള ആത്മസമര്‍പ്പണമാണ് താരത്തിന്റെ സവിശേഷത. കടുത്ത പരിശീലനവും തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനുള്ള വേഗതയും അക്രമണോത്സുകതയുമെല്ലാം കൊഹ്ലിയെ വേറിട്ടതാക്കുന്നു.

ഇന്ത്യന്‍ മണ്ണില്‍ മാത്രമല്ല വിദേശത്തും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്നുവെന്നതാണ് കൊഹ്ലിയെ മറ്റുള്ള താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കൊഹ്ലിയുടെ മികവ് ലോകം ഒരിക്കല്‍ കൂടി കണ്ടിരുന്നു.

എന്നാല്‍ ഇംഗ്ലിഷ് മണ്ണില്‍ വിരാടിന് അത്ര മികച്ച റെക്കോര്‍ഡല്ല ഉള്ളത്. അഞ്ച് ടെസ്റ്റുകളില്‍ 134 റണ്‍സ് മാത്രമാണ് കൊഹ്ലി ഇതുവരെ ഇംഗ്ലണ്ടില്‍ നേടിയിട്ടുള്ളത്. ഈ പോരായ്മ മറികടക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ഇന്ത്യന്‍ നായകനിപ്പോള്‍.

ഈ വര്‍ഷം ഓഗസ്റ്റില്‍ ഇംഗ്ലണ്ടിലേക്ക് ഇന്ത്യ വണ്ടികയറുന്നുണ്ട്. മാത്രമല്ല അടുത്ത വര്‍ഷം ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നതും ഇംഗ്ലിഷ് മണ്ണിലാണ്. രണ്ടിലും വിജയം നേടണമെങ്കില്‍ അത്ഭുതപ്രകടനം പുറത്തെടുക്കാന്‍ തനിക്കാകണമെന്ന് കൊഹ്ലിക്കറിയാം.

ഇത് മുന്നില്‍ കണ്ടുള്ള നീക്കത്തിലാണ് വിരാടിപ്പോള്‍. അതിനായി ഇംഗ്ലീഷ് കൌണ്ടി ക്രിക്കറ്റില്‍ പാഡുകെട്ടാനുള്ള തീരുമാനത്തിലാണ് കൊഹ്ലി. ജൂണില്‍ നടക്കുന്ന മത്സരങ്ങളില്‍ പ്രമുഖ ടീമായ സറൈ യ്ക്കുവേണ്ടിയാകും കൊഹ്ലി കളിക്കുക.

ഹാംപ്‌ഷെയര്‍, സോമര്‍സെറ്റ്, യോര്‍ക്ക്‌ഷെയര്‍ ടീമുകള്‍ക്കെതിരാണ് ജൂണില്‍ സറൈക്ക് മത്സരമുള്ളത്. യോര്‍ക്ക്‌ഷെയറിനായി ഇന്ത്യയുടെ ചേതേശ്വര്‍ പുജാരയും കളിക്കുന്നുണ്ട്.

ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ഇംഗ്ലിഷ് പര്യടനത്തിന് ഇത് ഇന്ത്യക്ക് മുതല്‍കൂട്ടാകുമെന്ന പ്രതീക്ഷയാണ് ക്രിക്കറ്റ് അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News