ആദിവാസിസമൂഹത്തെ മുഖ്യധാരയില്‍ കൊണ്ടുവരണം:ഊരുകളില്‍ അറിവിന്റെ വെളിച്ചം പകരുകയെന്നതും ലക്ഷ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: ആദിവാസികളുടെ സ്വത്വവും സംസ്‌കാരവും കളങ്കപ്പെടുത്താതെ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ആദിവാസി സാക്ഷരതാ പരിശീലകര്‍ക്കുള്ള സാമൂഹ്യസാക്ഷരതാ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദിവാസി ഊരുകളില്‍ അറിവിന്റെ വെളിച്ചം പകരുകയെന്നത് പ്രധാനമാണ്. അതിനൊപ്പം പട്ടികവര്‍ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സ്വന്തമായി വരുമാനത്തിനുള്ള അവസരങ്ങളും ഉറപ്പാക്കണം. സാക്ഷരതാ പ്രേരകുമാരെ തെരഞ്ഞെടുത്തത് ഈ ലക്ഷ്യത്തോടെയാണ്.

കാടിനെ ആശ്രയിച്ച് കൃഷിചെയ്ത് ജീവിക്കുന്ന ആദിവാസിസമൂഹങ്ങള്‍ പലതരം ചൂഷണത്തിന് വിധേയമാകുന്നുണ്ട്. ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കുറവാണ് ഇവര്‍ നേരിടുന്ന വലിയ വെല്ലുവിളികള്‍. ഇത്തരം കാര്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സമഗ്രമായ പദ്ധതികളാണ് നടപ്പാക്കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ സഹായങ്ങള്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. സാക്ഷരതാ പ്രേരകുമാര്‍ വായിക്കാനും എഴുതാനും പഠിപ്പിക്കുക എന്ന അവസ്ഥയില്‍നിന്ന് മാറി ആധുനികസമൂഹം നിര്‍മിക്കാനുതകുന്ന രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എ ഷാജഹാന്‍ അധ്യക്ഷനായി. ആദിവാസി സാക്ഷരതാപദ്ധതിക്കുള്ള പാഠാവലി മേയര്‍ വി കെ പ്രശാന്ത് കോവില്‍മല രാജാവ് രാമന്‍ രാജമന്നാന് നല്‍കി പ്രകാശനംചെയ്തു. സാക്ഷരതാ മിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി എം മനോജ്, പട്ടികവര്‍ഗ വികസനവകുപ്പ് ഡയറക്ടര്‍ ഡോ. പി പുകഴേന്തി, യുവജന കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ ഡോ.ജെ വിജയമ്മ എന്നിവര്‍ സംസാരിച്ചു. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല സ്വാഗതവും അസി. ഡയറക്ടര്‍ കെ അയ്യപ്പന്‍നായര്‍ നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസുകള്‍ നയിച്ചു. പരിശീലനം ഞായറാഴ്ച സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel