തോക്കുനിയന്ത്രണം അനിവാര്യം; ട്രംപിനെതിരേ കൂറ്റൻ പ്രതിഷേധറാലി

വാഷിങ്ടണ്‍: രാജ്യത്ത് തോക്ക് നിയന്ത്രണ നിയമങ്ങള്‍ കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയില്‍ ലക്ഷകണക്കിന് പേര്‍ പങ്കെടുത്ത കൂറ്റന്‍ പ്രതിഷേധ റാലി. കഴിഞ്ഞമാസം ഫ്ലോറിഡയിലെ പാര്‍ക്ക്​ലാന്‍റ്​ സ്​കൂളില്‍ നടന്ന വെടിവയ്പിൽ 17 പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ്​ ‘മാര്‍ച്ച്‌ ഫോര്‍ അവര്‍ ലൈവ്സ്’ എന്ന പേരില്‍ പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിലേക്ക് മാര്‍ച്ച്‌ ചെയ്​തത്​. ‘ആവർത്തിക്കരുത്, ഇനിയൊരിക്കലും…’ എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.

ചെറുപ്പക്കാരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം . റാലിയില്‍ പാര്‍ക്ക്​ലാന്‍റ്​ വെടിവെപ്പിനെ അതിജീവിച്ച എമ്മ ഗോണ്‍സാലന്‍സ്​ വാഷിങ്​ടന്‍ ഡി.സിയില്‍ പ്രസംഗിച്ചു. അന്നു കൊല്ലപ്പെട്ട 17 പേരുടെ പേരുകൾ വിളിച്ചുപറഞ്ഞ എമ്മ ഗോൺസാലെസ്അൽപ നേരത്തേക്ക് നിശബ്ദത പാലിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി.

തോക്കുനിയന്ത്രണവുമായി ബന്ധപ്പെട്ട നിയമങ്ങൾ എത്രയും പെട്ടെന്നു കൊണ്ടുവരണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തോക്ക് സൂക്ഷിക്കാനുള്ള പ്രായവും, തോക്കുകളുടെ ലഭ്യത സംബന്ധിച്ചും പുതിയ നിയമം വേണമെന്നായിരുന്നുപ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

ആർക്കും തോക്കു വാങ്ങി ഉപയോഗിക്കാം എന്ന നിലയിലാണ് അമേരിക്കയിലെ അവസ്ഥയെന്നു പ്രതിഷേധക്കാർ പറയുന്നു. ഫ്ലോറിഡ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും രക്ഷപ്പെട്ടവരും തോക്കുനിയമങ്ങൾക്കെതിരെ യുഎസ് പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.

പ്രധാന റാലിയ്ക്ക് പിന്നാലെ പിന്തുണ അറിയിച്ച് അറ്റ്‌ലാന്റ, ബാൾട്ടിമോർ, ബോസ്റ്റൺ, ഷിക്കാഗോ, ലൊസാഞ്ചലസ്, മയാമി, മിനിയപൊലിസ്, ന്യൂയോർക്ക്, സാൻ ഡിയാഗോ തുടങ്ങി വിവിധയിടങ്ങളില്‍ പ്രതിഷേധ റാലികൾ നടന്നു. വൻ ജനപങ്കാളിത്തത്തോടെയാണ് പ്രതിഷേധമെങ്കിലും ട്രംപ് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങൾക്കിടെ യുഎസ് കണ്ട ചെറുപ്പക്കാരുടെ ഏറ്റവും വലിയ പ്രതിഷേധ സംഗമങ്ങളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here