ഇടുക്കി: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മകനെ പിന്തുണച്ച് പൊമ്പിളൈ ഒരുമ നേതാവായ ഗോമതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പെണ്‍കുട്ടിയെ അപമാനിച്ചും പീഡിപ്പിച്ച മകനെ പിന്തുണച്ചും ഗോമതി രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം ഇങ്ങനെ:
”എനിക്ക് ഇക്കാര്യത്തില്‍ സംസാരിക്കാനുള്ളത് സ്വന്തം മകളെ സിപിഐഎമ്മിന്റെ പകപോക്കലിനായി ഉപയോഗിക്കുന്ന അച്ഛനമ്മമാരോടാണ്. നിങ്ങള്‍ മുന്നെ പ്രായപൂര്‍ത്തി ആവാത്ത മകളെ പ്രേമിച്ച് ശല്യം ചെയ്യുന്നു എന്നാരോപിച്ച് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു.
അന്ന് നിങ്ങളോട് എന്റെ മകന്റെയും നിങ്ങളുടെ മകളുടേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരുടേയും മുന്നില്‍ വെച്ച് ഞാന്‍ പറഞ്ഞത് 18 വയസാകുമ്പോള്‍ ഇവക്ക് ഇവനെ ഇഷ്ടമാണെങ്കില്‍ തിരിച്ചും, ഒന്നിച്ച് ജീവിക്കാന്‍ ഇഷ്ടമാണെങ്കില്‍ ഞാന്‍ വന്ന് പെണ്ണിനെ വിളിച്ചോണ്ട് പോകും എന്നാണ്.
എന്നെ വ്യക്തിഹത്യ നടത്താനുള്ള സിപിഐഎമ്മുകാര്ക്കുള്ള ആയുദ്ധമായി നിങ്ങള്‍ നിങ്ങളുടെ മകളെ കാണുമ്പോള്‍, ഞാനവളെ കാണുന്നത് സ്വന്തം ഇഷ്ടങ്ങളുള്ള ഒരു പെണ്‍കുട്ടി ആയാണ്. ഞാനെന്റെ മകനൊപ്പം നില്ക്കുമ്പോള് നിങ്ങളുടെ മകള്‍ക്കൊപ്പവും അവര്‍ തമ്മിലുള്ള ഇഷ്ടത്തിനും ഒപ്പമാണ് നില്‍ക്കുന്നത്.”
കഴിഞ്ഞദിവസമാണ് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഗോമതിയുടെ മകന് വിവേക് അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. വിഷാദരോഗം ബാധിച്ച പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനിടെയാണ് പീഡനവിവരം പുറത്തറിയുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പെണ്‍കുട്ടിയും യുവാവും തമ്മില്‍ നേരത്തെ അടുപ്പത്തിലായിരുന്നു. ഇതറിഞ്ഞ കുടുംബം പെണ്‍കുട്ടിയെ ഈ ബന്ധത്തില്‍ നിന്നും വേര്‍പ്പെടുത്താന്‍ ശ്രമിക്കുകയും പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും മാറ്റിപാര്‍പ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സംഭവത്തെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടിയെ മാതാപിതാക്കള്‍ കൗണ്‍സിലിംഗിന് വിധേയയാക്കുകയായിരുന്നു. തുടര്‍ന്നാണ് പീഡന വിവരം പുറത്തുവരുന്നത്.
കൗണ്‍സിലിംഗ് സെന്ററില്‍നിന്നും പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പീഡനത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നാലു മാസം ഗര്‍ഭിണിയാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here