ജനം തിരിച്ചറിഞ്ഞു; കീഴാറ്റൂർ സമരം വികസന വിരുദ്ധരുടെ രാഷ്ട്രീയ സമരമെന്ന്: എം വി ജയരാജൻ

ദേശീയപാതാ വികസനത്തിന് കീഴാറ്റൂരിലെ ഭൂരിപക്ഷവും സ്ഥലം നൽകിക്കഴിഞ്ഞു. മാത്രമല്ല, സ്ഥലം വിട്ടുകൊടുത്തകാര്യം വ്യക്തമാക്കി സ്ഥലമുടമകൾ തന്നെ ബോർഡും സ്ഥാപിച്ചുകഴിഞ്ഞു. വികസനം വേണമെന്നാണ് കീഴാറ്റൂർ ജനതയും പ്രഖ്യാപിച്ചത്.

വില്ലേജ് റോഡിന്റെ വീതിമാത്രമുള്ള ദേശീയപാത വികസിക്കേണ്ടത് അപകടം ഉൾപ്പടെ ഒഴിവാക്കുന്നതിനും വാഹനങ്ങൾ കൂടുന്നസാഹചര്യത്തിൽ ഭാവിയിലേക്കും അനിവാര്യമാണെന്ന് കീഴാറ്റൂരുകാരും തുറന്നുസമ്മതിക്കുന്നു. അതുകൊണ്ടുതന്നെയാണ് ആകെയുള്ള 60 പേരിൽ 56 പേരും ഭൂമിവിട്ടുകൊടുത്ത് സമരത്തിൽ നിന്നും പിൻവാങ്ങിയത്. വികസനവിരുദ്ധരുടെ രാഷ്ട്രീയ സമരമാണ് കീഴാറ്റൂരിലേതെന്ന് ജനം തിരിച്ചറിഞ്ഞതുകൊണ്ടാണ് സ്വന്തം ഭൂമിയിൽ സ്ഥലം വിട്ടുകൊടുത്തകാര്യം വ്യക്തമാക്കി അവർതന്നെ ബോർഡുവെച്ചത്.

എന്തുകൊണ്ടാണ് സമരരംഗത്തുണ്ടായിരുന്ന, എന്നാൽ തങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്ന് പ്രഖ്യാപിച്ച് ഇപ്പോൾ ഭൂമി വിട്ടുകൊടുത്ത 56 പേരെക്കുറിച്ച് മാധ്യമങ്ങൾ ചർച്ച ചെയ്യാത്തത്. അവർക്കിപ്പോഴും സർക്കാരിനെതിരെ വാർത്തനൽകി അത് വിറ്റഴിക്കാനുള്ള വെപ്രാളമാണ്.

വികസനവിരുദ്ധർക്കാണെങ്കിലും പ്രതിഷേധിക്കാൻ അവകാശമുണ്ട്. ഗെയ്ൽ പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ വേണ്ടി സ്ഥലം വിട്ടുകൊടുക്കാൻ സന്നദ്ധതയില്ലെന്നറിയിച്ചവർ പ്രതിഷേധിച്ചിരുന്നു. മതിയായ നഷ്ടപരിഹാരം ഗെയ്ൽ അധികൃതരുമായി ചർച്ച ചെയ്ത് സർക്കാർ തീരുമാനിച്ചപ്പോൾ ഒടുവിൽ അവർ സ്ഥലം വിട്ടുകൊടുത്തിരുന്നു. വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് വേണ്ടത് മതിയായ നഷ്ടപരിഹാരം ലഭിക്കുകയാണ്.

ഉപജീവനത്തിനുള്ള മാർഗം അവർക്ക് ലഭ്യമാക്കുക. അതിനൊരിക്കലും സർക്കാർ തടസ്സം നിന്നിട്ടില്ല. വീടുപോകുന്നവർക്ക് വീടിന് സൗകര്യമുണ്ടാവുക, കടകൾ പോകുന്നവർക്ക് കടകൾക്ക് സൗകര്യമുണ്ടാവുക ഇതൊക്കെയാണ് അവരുടെ പുനരധിവാസത്തിന്റെ പ്രശ്‌നം. അതിനാണ് ശ്രമിക്കുന്നത്.

കീഴാറ്റൂരിലാണെങ്കിൽ തണ്ണീർത്തടമോ, തോടുകളോ, നീരുറവകളോ നഷ്ടപ്പെടുന്നില്ല. 250 ഏക്കർ വയൽ ഭൂമിയിൽ വർഷങ്ങളായി നെൽക്കൃഷി ചെയ്യുന്നില്ലെങ്കിലും നെൽക്കൃഷി ചെയ്യാനും മറ്റ് കൃഷി ചെയ്യാനും കഴിയത്തക്ക നിലയിൽ 240 ഏക്കർ ഭൂമിയും ഭൂമി ഏറ്റെടുത്തശേഷവും ലഭ്യമാണ്. അവിടെ കൃഷിചെയ്യാനുള്ള പശ്ചാത്തലതല സൗകര്യം നിലനിർത്തിക്കൊണ്ടാണ് വികസന പദ്ധതി നടപ്പാക്കുന്നത്. മാത്രമല്ല, ദേശീയപാതാ വികസന അതോറിറ്റിയാണ് മണ്ണിട്ടുയർത്തി ദേശീയപാത തീരുമാനിച്ചത്.

അവരോടുതന്നെ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത് എലിവേറ്റഡ് ഹൈവേ ആലോചിക്കണമെന്നാണ്. എൽ.ഡി.എഫ് സർക്കാരിന് ഇക്കാര്യത്തിൽ പിടിവാശിയില്ലെന്നതിന്റെ വ്യക്തതകൂടിയാണിത്. മണ്ണിട്ടുയർത്തിയായാലും എലിവേറ്റഡ് ഹൈവേയായാലും തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. മണ്ണിട്ടുയർത്തിയുള്ള ഹൈവേ വികസനം പ്രശ്‌നമാണെങ്കിൽ, എലിവേറ്റഡ് ഹൈവേ തീരുമാനിച്ചാൽ മതിയല്ലോ. അങ്ങനെ വേണമെങ്കിൽ കേന്ദ്രസർക്കാരിന് പ്രശ്‌നം തീർക്കാൻ സാധിക്കുമല്ലോ.

ചുരുക്കത്തിൽ, ദേശീയപാതാ വികസനം സംബന്ധിച്ച വിഷയത്തിൽ സമരം നിർബന്ധമാണെങ്കിൽ അത് ചെയ്യേണ്ടത് ഡൽഹിയിലാണ്. അങ്ങനെ പാർലമെന്റിന് മുന്നിൽ സമരം ചെയ്യുമ്പോൾ ദേശീയപാതാവികസനം വേണ്ടെന്ന് മാത്രം പറയരുത്. നിലവിലെ വില്ലേജ് റോഡിന്റെ വലിപ്പം മാത്രമുള്ള മലബാറിലെ നാഷണൽ ഹൈവേ വികസിക്കേണ്ടത് അത്യാവശ്യമാണെന്ന് ആരും സമ്മതിക്കും.

തൃശൂരിലെ വി.എം സുധീരന്റെ നാട്ടിലും സുരേഷ്‌ ഗോപി എം.പിയായ നാട്ടിലുമെല്ലാം ഉള്ള ദേശീയപാതാവികസനം തളിപ്പറമ്പിൽ മാത്രം അരുതെന്ന് പറയരുതേ..!!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News