‘നമോ ആപ്’ വ്യക്തിവിവരങ്ങള്‍ ചോര്‍ച്ചയില്‍ പ്രതികരിക്കാതെ മോദിയുടെ ഒാഫീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘നമോ ആപ്’ ‘ഡൗൺലോഡ് ചെയ്യുന്നവരുടെ വ്യക്തിവിവരങ്ങൾ യുഎസ് കമ്പനിക്ക് കൈമാറ്റം ചെയ്യപ്പെട്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനോട് പ്രതികരിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ).

ആപ് ഡൗൺലോഡ് ചെയ്ത അരലക്ഷത്തിലേറെ പേരുടെ സ്വകാര്യവിവരങ്ങൾ ‘ക്ലെവർട്രാപ്’എന്ന യുഎസ് കമ്പനിയുടെ ഡൊമൈനിലേക്കാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ‘നമോ’ ആപ് നടത്തിപ്പുകാർ അറിഞ്ഞുകൊണ്ടാണ് വിവരം ചോർത്തിയതെന്ന് സ്ഥിരീകരിക്കുകയാണ് പ്രധാനമന്ത്രി കാര്യാലയത്തിന്റെ മൗനം.

‘നമോ’ ആപ് ഡൗൺലോഡ് ചെയ്തവരുടെ പേര്, ലിംഗം, ഇ മെയിലുകൾ, ചിത്രങ്ങൾ തുടങ്ങിയവ യുഎസ് കമ്പനിക്ക് കൈമാറ്റം ചെയ്യപ്പെട്ടതായി ഫ്രഞ്ച് സൈബർ സുരക്ഷാ ഗവേഷകൻ എലിയട്ട് ആൾഡേഴ്സൺ ആണ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. നമോ ആപ്പിൽ പ്രൊഫൈൽ സൃഷ്ടിച്ചവരുടെയെല്ലാം വിവരങ്ങൾ ചോർന്നു. ഉപയോഗിക്കുന്ന ഫോൺ, നെറ്റ്വർക്ക്, മറ്റ് ഫോൺ വിശദാംശം എന്നിവയും കൈമാറ്റം ചെയ്യപ്പെട്ടു. hp://in.wzrk.com എന്ന ഡൊമൈനിലേക്കാണ് വിവരങ്ങൾ ചോർന്നത്.

ഇന്റർനെറ്റ് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തി ബാങ്ക് തട്ടിപ്പിനും മറ്റുമായി ഉപയോഗിക്കുന്ന ‘ഫിഷിങ്’ സ്ഥാപനത്തിനാണ് നമോ ആപിലെ വിവരങ്ങൾ ലഭിച്ചതെന്ന ആൻഡേഴ്സൺ വെളിപ്പെടുത്തി. ഉപയോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ വിവരങ്ങൾ ചോർത്തുന്നതിനോട് എന്താണ് അഭിപ്രായമെന്ന് മോഡിയോട് ആൻഡേഴ്സൺ ട്വിറ്ററിലൂടെ ചോദിച്ചു. ഇതിനോട് മോഡി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആൻഡേഴ്സൺ ആരോപിക്കുംവിധമുള്ള ചോർച്ച സംഭവിച്ചിട്ടില്ലെന്ന് ആപ് നടത്തിപ്പുകാർ അവകാശപ്പെട്ടതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആപ് നടത്തിപ്പുകാർ ട്വിറ്ററിലൂടെ തന്നെ ആൻഡേഴ്സണുമായി ആശയവിനിമയം നടത്തി. സംഭവത്തിൽ മോഡിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. രാഹുലിന് സാങ്കേതികതയെ കുറിച്ച് ഒരു അറിവുമില്ലെന്ന് ബിജെപി ട്വിറ്ററിലൂടെ പ്രതികരിച്ചു.

യുകെയിലെ കേംബ്രിഡ്ജ് അനലിറ്റിക്കയെന്ന സ്ഥാപനം ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തി പല രാജ്യങ്ങളിലും തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഉപയോഗിച്ചുവെന്ന കണ്ടെത്തലിനു പിന്നാലെയാണ് ‘നമോ’ ആപ്പിലെ ചോർച്ച പുറത്തുവന്നത്.

കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇന്ത്യൻ ശാഖയായ ഒവ്ലെനോ ബിസിനസ് ഇന്റലിജൻസ് (ഒബിഐ) 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡിക്കും ബിജെപിക്കുമായി പ്രവർത്തിച്ചിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കാൻ ഒബിഐ ധാരണയിലെത്തിയിരുന്നതായും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News