അന്നം മുടക്കുന്ന സർവകലാശാല അധികൃതർക്കെതിരെ സമരം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍; കേരള കേന്ദ്ര സര്‍വകലാശാല ഹോസ്റ്റല്‍ പ്രശ്‌നം പരിഹരിക്കണമെന്ന് എസ്എഫ്‌ഐ

കാസർഗോഡ്‌ കേന്ദ്രസർവകലാശാലയിൽ നാൽപ്പതു വിദ്യാർഥികൾ കൂടി അനിശ്‌ചിതകാല നിരാഹാര സമരത്തിലേക്ക്‌. വിദ്യാർഥികളുടെ അന്നം മുടക്കുന്ന സർവകലാശാല അധികൃതർക്കെതിരെ ഏഴു ദിവസമായി തുടരുന്ന നിരാഹാര സമരത്തിന്‌ പരിഹാരം കാണാൻ സർവകലാശാല അധികാരികൾ തയ്യാറാകാത്തതിനെ തുടർന്നാണ്‌ കൂടുതൽ വിദ്യാർഥികൾ നിരാഹാര സമരരംഗത്ത്‌ എത്തുന്നത്‌.

സർവകലാശാലയിലെ മൂന്നു ഹോസ്റ്റലുകളിലായി ജോലി ചെയ്യുന്ന 15 പാചകത്തൊഴിലാളികൾക്ക് വിദ്യാർഥികൾ നേരിട്ട് വേതനം നൽകണമെന്ന നിർദേശത്തിനെതിരെയാണ് വിദ്യാർഥികളുടെ സമരം. ഇതുവരെ സർവകലാശാല നേരിട്ടാണു ഇവർക്ക് വേതനം നൽകിയിരുന്നത്. എന്നാൽ ഏപ്രിൽ15മുതൽ ഇവരുടെ സേവനം അവസാനിപ്പിക്കുകയാണെന്നും അടുത്ത അധ്യയന വർഷം മുതൽ കരാറടിസ്ഥാനത്തിലാകും നിയമനമെന്നും സർവകലശാല അറിയിച്ചിരുന്നു. നിരാഹാരത്തിന് നാട്ടുകാരുടേയും പിന്തുണ ഏറുകയാണ്.

കഴിഞ്ഞ ദിവസം വളണ്ടിയർമാരിലൊരാളും സ്റ്റുഡന്റ്‌സ്‌ കൗൺസിൽ അംഗവുമായ സോനു എസ് പാപ്പച്ചൻ തളർന്നു വീണതോടെ വിദ്യാർഥികൾ വിസിയുടെ ഓഫിസിനു മുമ്പിൽ മുദ്രാവാക്യം വിളിയുമായി കുത്തിയിരുന്നു. അനിശ്ചിതകാല നിരാഹാരസമരത്തിലായിരുന്ന വിദ്യാർഥികളായ സോനു എസ് പാപ്പച്ചൻ, വിജയ്, അക്ഷര, അർച്ചന എന്നിവർ അവശരായതോടെ പൊലീസ് ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പകരം എമിൽ, വൈശാഖ്, ജസീൽ, അഞ്ജു എന്നിവർ നിരാഹാര സമരം തുടർന്നു വരികയായിരുന്നു.

ഇവരോടൊപ്പമാണ്‌ സർവകലാശാലയിലെ 16 ഡിപാർട്‌മെന്റുകളിൽ നിന്നായി 40 വിദ്യാർഥികൾ കൂടി അനിശ്‌ചിതകാല നിരാഹാരം ആരംഭിച്ചിരിക്കുന്നത്‌. മുഴുവൻ വിദ്യാർഥികളുടെയും പിന്തുണയുള്ള സമരത്തിൽ സർവകലാശാല നിശ്‌ചലമാകുന്ന സാഹചര്യമാണുള്ളത്‌. ഇനിയും വിഷയം പരിഹരിക്കാൻ തയ്യാറാവാതെ ഇരുട്ടിൽ തപ്പുകയാണ്‌ അധികൃതർ.

വിസിയുമായി വിദ്യാർഥി പ്രതിനിധികൾ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ നിരാഹാരസമരം തുടരാൻ തീരുമാനിക്കുകയായിരുന്നു. സോനു എസ് പാപ്പച്ചൻ ക്ഷീണിതനായി തളർന്നു വീണതോടെ വിദ്യാർഥികൾ വിസിയുടെ ഓഫിസിനു മുമ്പിൽ മുദ്രാവാക്യം വിളിയുമായി കുത്തിയിരുന്നു. സ്ഥലത്തെത്തിയ ബേക്കൽ എസ്ഐ കെ മധുമദനൻ വിദ്യാർഥി പ്രതിനിധികളുമായി സംസാരിച്ചു.

വിസി പ്രശ്നം ചർച്ച ചെയ്യാൻ തയാറാകണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. സ്റ്റുഡന്റ് കൗൺസിൽ പ്രതിനിധികളായ പി എം കൃഷ്ണ, ബേസിൽ ബെന്നി, എസ് സുബ്രഹ്മണ്യൻ, അരുൺകുമാർ കാരായി, വി ഐശ്വര്യ എന്നിവർ ചർച്ചയിൽ പങ്കാളികളായി.

പിഎച്ച്ഡി വിദ്യാർഥികൾക്കു ഹോസ്റ്റൽ മെസ്സിൽനിന്ന് ഭക്ഷണം ലഭ്യമാക്കുന്നതിനെക്കുറിച്ച് അക്കാദമിക് കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് വിസി അറിയിച്ചെങ്കിലും അടുത്ത അധ്യയന വർഷം മുതൽ സർവകലാശാല നിയോഗിച്ച പാചകത്തൊഴിലാളികളെ പിൻവലിക്കുമെന്ന തീരുമാനം മാറ്റില്ലെന്ന് അറിയിച്ചു. തീരുമാനങ്ങൾ എഴുതി നൽകണമെന്ന വിദ്യാർഥികളുടെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.

പാചകത്തൊഴിലാളികളുടെ വേതനം വിദ്യാർഥികൾ നൽകണമെന്ന വ്യവസ്ഥ നിലവിൽ വന്നാൽ ഓരോ വിദ്യാർഥിക്കും ഭക്ഷണച്ചെലവ്‌ 3000 രൂപയോളം വർധിക്കും. സർവകലാശാല മുന്നോട്ടു വയ്‌ക്കുന്ന മറ്റൊരു വ്യവസ്ഥ വിദ്യാർഥികൾക്കുള്ള ഭക്ഷണം പൂർണമായും കാറ്ററിംഗിന്‌ വിടാമെന്നതാണ്‌. ഇതും 5000 രൂപയുടെ ഭാരം ഓരോ വിദ്യാർഥിയുടെയും മേൽ അടിച്ചേൽപ്പിക്കുന്നതാണ്‌.

സമരം അടിയന്തിരമായി ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമാനവശേഷി മന്ത്രിക്ക്‌ വിദ്യാർഥികൾ കത്തയച്ചിരുന്നെങ്കിലും പ്രശ്‌നം പരിഹരിക്കാൻ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം തയ്യാറായിട്ടില്ല. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പി കരുണാകരൻ എംപി, കെ കുഞ്ഞിരാമൻ എംഎൽഎ എന്നിവർ കഴിഞ്ഞദിവസം വിദ്യാർഥികളെ സന്ദർശിച്ചിരുന്നു.

സർവ്വകലാശാലയിലെ ഹോസ്റ്റൽ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന്‌ എസ്എഫ്ഐ കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിരാഹാര സമരത്തിലിരിക്കുന്ന വിദ്യാർത്ഥികളെ വിളിച്ചിരുത്തി വിഷയം പരിഹരിക്കാനുള്ള ജനാധിപത്യ മര്യാദ വിസി ഉൾപ്പെടെയുള്ളവർ കാണിക്കാത്തപക്ഷം സമരം എസ്‌എഫ്‌ഐ ഏറ്റെടുക്കുമെന്നും കാസർഗോഡ്‌ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News