കേന്ദ്രത്തിനെതിരെ സിപിഐഎമ്മും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി; നാളെ തന്നെ പരിഗണിക്കണമെന്ന് ആവശ്യം

ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഐഎമ്മും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി.

പി. കരുണാകരന്‍ എംപിയാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നോട്ടീസ് നാളെ പരിഗണിക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. ഇതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസം രേഖപ്പെടുത്തുന്ന പാര്‍ട്ടികളുടെ എണ്ണം നാലായി.

നരേന്ദ്രമോദി സര്‍ക്കാരിനെതിരെ വൈ.എസ്.ആര്‍.കോണ്‍ഗ്രസും, തെലുങ്ക് ദേശവും, കോണ്‍ഗ്രസും നോട്ടീസ് നല്‍കിയതിനെ പിന്നാലെയാണ് സിപിഐഎം ബിജെപിയെ പ്രതിരോധത്തിലാക്കി അവിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.കരുണാകരന്‍ സ്പീക്കര്‍ സുമിത്രാ മഹാജന് നോട്ടീസ് കൈമാറി.

അടുത്ത ദിവസം ചേരുന്ന ലോക്‌സഭയുടെ നടപടിക്രമങ്ങളില്‍ പ്രമേയം ഉള്‍പ്പെടുത്തി പരിഗണിക്കണമെന്ന് പി.കരുണാകരന്‍ നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെടുന്നു. വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റേയും ടിഡിപിയുടേയും 25 എം.പിമാര്‍ക്ക് പുറമെ കോണ്ഗ്രസ് നോട്ടീസ് നല്‍കിയതോട് കൂടി എം.പിമാരുടെ എണ്ണം 73 ആയി ഉയര്‍ന്നു.

സിപിഐഎം എം.പിമാര്‍ കൂടിയാകുമ്പോല്‍ അവിശ്വാസ രേഖപ്പെടുത്തുന്ന എം.പിമാരുടെ അംഗബലം 82 ആയി. 50 പേരുടെ പിന്തുണ ഉണ്ടോയെന്ന് പരിശോധിക്കാനാവില്ലെന്ന് അറിയിച്ചാണ് അവിശ്വാസപ്രമേയം സ്പീക്കര്‍ നേരത്തെ പരിഗണിക്കാത്തത്. ഇനി അത്തരം ഒഴിവുകള്‍ പറയാന്‍ സ്പീക്കര്‍ക്ക് കഴിയില്ല.

നോട്ടീസ് നല്‍കിയിരിക്കുന്ന പാര്‍ടികളുടെ എംപിമാരുടെ എണ്ണം തന്നെ 50 കടന്നു. ഇവര്‍ക്ക് പുറമെ ഏഴോളം പ്രതിപക്ഷ പാര്‍ട്ടികളും കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത് എത്തി കഴിഞ്ഞു. ചട്ട പ്രകാരം നോട്ടീസ് ലഭിച്ച് പത്ത് ദിവസത്തിനുള്ളില്‍ അവിശ്വാസത്തില്‍ നടപടികള്‍ എടുക്കണം.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ രക്ഷിക്കാന്‍ സ്പീക്കര്‍ സമുത്രാ മഹാജന്‍ ചട്ടങ്ങള്‍ ലംഘിക്കുകയാണ്. പ്രമേയം പരിഗണിച്ചാല്‍ തന്നെ അത് പ്രതിപക്ഷ വിജയമായി മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News