രോഗിയെ തലകീഴായി നിര്‍ത്തിയ സംഭവം: മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്; ആംബുലന്‍സ് ഡ്രൈവര്‍ക്ക് മനപ്പൂര്‍വ്വമല്ലാത്ത വീഴ്ച പറ്റി

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സ് ഡ്രൈവര്‍ തലകീഴായി നിര്‍ത്തിയ രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. രോഗിക്കൊപ്പം എത്തിയ അറ്റന്‍ഡര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് വീല്‍ ചെയര്‍ നല്‍കിയതെന്നും, ആംബുലന്‍സ് ഡ്രൈവര്‍ക്ക് മനപ്പൂര്‍വ്വമല്ലാത്ത വീഴ്ച പറ്റിയെന്നും ആശുപത്രി സൂപ്രണ്ട് ആരോഗ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച്ചയാണ് അപകടത്തില്‍ പരുക്കേറ്റ് അവശ നിലയിലായ ആളെ പാലക്കാട് നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അബോധാവസ്ഥയിലായിരുന്ന രോഗി തനിയെ പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ ഇയാള്‍ കിടന്ന സ്‌ട്രെച്ചര്‍ തലകീഴായി നിലത്ത് കുത്തി നിര്‍ത്തി.

വാഹനത്തില്‍ മലമൂത്ര വിസര്‍ജനം നടത്തിയെന്ന് ആരോപിച്ച് ഡ്രൈവര്‍ നടത്തിയ രോഷപ്രകടത്തിന്റെ വീഡിയോ പുറത്തു വന്നതോടെ, വാഹനം ഓടിച്ചിരുന്ന പാലക്കാട് സ്വദേശി ഷെരീഫിനെതിരെ കേസെടുത്തിരുന്നു. ചികിത്സയിലിരിക്കെ രോഗി മരിച്ചു. ആശുപത്രി ജീവനക്കാര്‍ക്ക് വീഴ്ച്ച പറ്റിയെന്നും, ആശുപത്രിയില്‍ എത്തിച്ച സമയത്ത് സ്‌ട്രെച്ചര്‍ ലഭ്യമാക്കിയില്ലെന്നും, ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി.

എന്നാല്‍ സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്ക് വീഴ്ച്ച സംഭവിച്ചില്ല എന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ആരോഗ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട്. ആംബുലന്‍സില്‍ കയറ്റുന്ന സമയത്ത് വീല്‍ ചെയറിലാണ് രോഗിയെ കയറ്റിയത്. മെഡിക്കല്‍ കോളേജിലും വീല്‍ ചെയര്‍ ലഭ്യമാക്കാനാണ് അറ്റന്‍ഡര്‍ ആവശ്യപ്പെട്ടത്. ഇത് പ്രകാരമാണ് ജീവനക്കാര്‍ വീല്‍ ചെയര്‍ നല്‍കിയത്.

മലമൂത്ര വിസര്‍ജനം നടത്തി എന്നാരോപിച്ച് രോഗിയെ തലകീഴായി നിര്‍ത്തിയ ആംബുലന്‍സ് ഡ്രൈവര്‍ക്ക് മനപ്പൂര്‍വ്വമല്ലാത്ത വീഴ്ച്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നുവെന്നും ഇതാണ് മരണ കാരണമായതെന്നും ആരോഗ്യ മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടന്റ് വ്യക്തമാക്കി.

ചികിത്സയിലിരിക്കെ മരിച്ചയാളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഹരികുമാര്‍, അനില്‍ കുമാര്‍ എന്നീ പേരുകളാണ് അബോധാവസ്ഥയില്‍ രോഗി പറഞ്ഞതെന്ന് ജീവനക്കാര്‍ മൊഴി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News