ഖനന മണല്‍ മാഫിയകള്‍ ഒടുവില്‍ സന്ദീപിനെ കൊന്നു; പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്ക്; ലോറിയിടിപ്പിച്ച് കൊല്ലുന്നതിന്‍റെ വീഡിയോ പുറത്ത്

മണല്‍ മാഫിയയ്ക്കും അനധികൃത ഖനന മാഫിയ്ക്കും എതിരെ വാര്‍ത്തകള്‍ ചെയ്ത മാധ്യമപ്രവര്‍ത്തകനെ ലോറി ഇടിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഭിന്ദിലാണ് സംഭവം. സന്ദീപ് ശര്‍മ (35) എന്ന യുവ മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ഒരു ദേശീയ വാര്‍ത്താ ചാനലിലെ ജേണലിസ്റ്റായിരുന്നു കൊല്ലപ്പെട്ട സന്ദീപ് ശർമ . തിങ്കളാഴ്ച രാവിലെ ബൈക്കില്‍ പോകുമ്പോഴാണ് പിന്നാലെവന്ന ടിപ്പല്‍ ലോറി ഇയാളെ ഇടിച്ചു തെറിപ്പിച്ചത്. കൊട്വാലി പൊലീസ് സ്റ്റേഷന്റെ ഏതാനും മീറ്ററുകള്‍ അകലെയാണ് സന്ദീപ് കൊല്ലപ്പെട്ടത്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്തുടര്‍ന്നെത്തിയ ലോറി പെട്ടെന്ന് ഇടത്തോട്ട് വെട്ടിച്ച് ബൈക്കിനു മുകളിലൂടെ കയറ്റി ഇറക്കുകയായിരുന്നു. സന്ദീപ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇടിച്ചിട്ട ലോറി ഒന്ന് വേഗത കുറയ്ക്കുക പോലും ചെയ്യാതെ ഓടിച്ച് പോവുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഇദ്ദേഹത്തിനെതിരെ മണല്‍-ക്വാറി മാഫിയകളുടെ നിരന്തര വധ ഭീഷണികൾ ഉയർന്നിരുന്നു. ഒളികാമറ ഉപയോഗിച്ച് സന്ദീപ് ശര്‍മ നടത്തിയ വാര്‍ത്തയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും കുടുങ്ങിയിരുന്നു. ഇയാള‍ുടെ ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് വകുപ്പുതല നടപടിയുണ്ടായി. പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് വധഭീഷണി ഉണ്ടായതോടെ സന്ദീപ് ശര്‍മ പരാതിയും നല്‍കിയിരുന്നു.

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നാണ് നിഗമനമെന്ന് ഭിന്ദ് പൊലീസ് സൂപ്രണ്ട് വീരേന്ദ്ര സിങ്ങ് തോമർ പറഞ്ഞു. ശനിയാഴ്ച രാത്രി ബീഹാറിലും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരു്ന്നു. വില്ലേജ് കൗണ്‍സില്‍ അദ്ധ്യക്ഷന്റെ കാര്‍ ഇടിച്ചാണ് പാറ്റ്‌നക്ക് സമീപം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News