മലയാള സിനിമയിലേക്ക് വീണ്ടും മടങ്ങിയെത്തും; മലയാളത്തോടുള്ള സ്‌നേഹം പ്രകടിപ്പിച്ച് കേരളത്തിന്റെ ‘സ്വന്തം സുഡാനി’ പീപ്പിളിനോട്

മലപ്പുറത്തെ കാല്‍പ്പന്ത് കളിയുടെ കഥയുമായി എത്തിയ സുഡാനി ഫ്രം നൈജീരിയ നിറഞ്ഞ സദസ്സിനു മുന്നില്‍ പ്രദര്‍ശനം തുടരുകയാണ്.

മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ ആരവം ഒപ്പിയെടുത്ത ചിത്രത്തില്‍ നൈജീരിയയില്‍ നിന്നെത്തിയ ഫുട്‌ബോള്‍ താരത്തെ മലയാളക്കര ഇരു കയ്യും നീട്ടിയാണു സ്വീകരിച്ചത്. നൈജീരിയന്‍ ചലചിത്ര താരമായ സാമുവല്‍ റോബിന്‍സണ്‍ ആണ് ചിത്രത്തില്‍ സുഡാനിയായി എത്തുന്നത്.

സെവന്‍സ് ഫുട്‌ബോള്‍ രക്തത്തിലലിഞ്ഞ മലപ്പുറത്തിന്റെ വശ്യതയുമായാണു സുഡാനി ഫ്രം നൈജീരിയ എത്തുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സുഡാനി എന്ന് വിളിപേരുള്ള താരങ്ങള്‍ മലപ്പുറത്തെ ഫുട്‌ബോളില്‍ സ്ഥിരം കാഴ്ച്ചയാണ്.

മലപ്പുറത്ത് ഫുട്‌ബോള്‍ കളിക്കാനെത്തുന്ന നൈജീരിയന്‍ താരത്തിന്റെ വേഷത്തിലെത്തുകയാണ് നൈജീരിയന്‍ സിനിമാ താരം കൂടിയായ സാമുവല്‍ റോബിന്‍സണ്‍. മലയാളത്തിലെ ആദ്യ ചിത്രം തികച്ചും വ്യത്യസ്ഥമായ അനുഭവമാണ് നല്‍കിയതെന്ന് റോബിന്‍സണ്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

വെറുമൊരു കളിക്കാരനായെത്തി ചുറ്റുമുള്ളവരുടെ ജീവിതത്തിലേക്ക് ഇഴുകി ചേരുന്ന ഒരു ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരത്തിന്റെ കഥ പറയുന്ന സുഡാനി ഫ്രം നൈജെരിയ പ്രതീക്ഷിച്ചതിലും വലിയ വിജയം നേടാനായതിന്റെ സന്തോഷവും റോബിന്‍സണ്‍ മറച്ച് വെച്ചില്ല.

കേരളീയ രുചികള്‍ റോബിന്‍സണിനെ അത്രമാത്രം ആകര്‍ഷിച്ചിട്ടുണ്ട്. നാവിലെ രുചികൂട്ടുകള്‍ക്കൊപ്പം ഒരുപാട് നല്ല മനുഷ്യര്‍ക്കൊപ്പമുള്ള ഓര്‍മ്മകളും റോബിന്‍സണ്‍ പങ്കു വെച്ചു.


ഏറെ നാളത്തെ ഷൂട്ടിങ്ങുകള്‍ക്കും കേരളത്തിലെ താമസത്തിനുമൊടുവില്‍ നൈജീരിയയിലേക്ക് റോബിന്‍സണ്‍ മടങ്ങാനൊരുങ്ങുകയാണ്. എന്നാല്‍ മലയാളം പഠിച്ചെടുക്കാന്‍ മാത്രം റോബിന്‍സണിനു കഴിഞ്ഞില്ല. എങ്കിലും ഒന്നോ രണ്ടോ വാക്ക് പറയാന്‍ ശ്രമിച്ച് റോബിന്‍സണ്‍ മലയാളത്തോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു.

ഇനിയൊരവസരം കിട്ടിയാല്‍ മലയാള സിനിമാ ലോകത്തേക്ക് വീണ്ടും താന്‍ മടങ്ങിയെത്തുമെന്നും റോബിന്‍സണ്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here