നാട്യത്തിനുമപ്പുറം സ്വന്തം ജീവിതം പറയുകയാണ് ഈ കലാകാരന്‍; ‘ഞാൻ ട്രാൻസ്മെൻ’ അരങ്ങിലെത്തിച്ച് പ്രവീണ്‍

ലോക നാടകദിനത്തില്‍ നാട്യത്തിനുമപ്പുറം നാടകത്തിലൂടെ സ്വന്തം ജീവിതം പറയുകയാണ് ട്രാന്‍സ്മെന്നായ പാലക്കാട് സ്വദേശി പ്രവീണ്‍നാഥ്. ട്രാന്‍സ്മെന്നായതിന്‍റെ പേരില്‍ ജീവിതത്തില്‍ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ നാടകത്തിലൂടെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ് പ്രവീണ്‍.

നാടകത്തില്‍ അഭിനയിക്കാനല്ല. സ്വന്തം ജീവിതം പറയാനാണ് പ്രവീണ്‍നാഥ് അരങ്ങിലേക്കെത്തുന്നത്…
ഞാൻ ട്രാൻസ്മെൻ എന്നാണ് നാടകത്തിന്‍റെ പേര്. പെണ്ണായി പിറന്നെങ്കിലും ആണായി ജീവിക്കാനാഗ്രഹിച്ചു. ആഗ്രഹത്തിനനുസരിച്ച് ആണാവാന്‍ ശ്രമിച്ചപ്പോള്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഏറെ നേരിടേണ്ടി വന്ന പ്രവീണിന്‍റെ ജീവിതം തന്നെയാണ് നാടകത്തിന്‍റെ ഇതിവൃത്തം.

നെന്‍മാറ എന്‍എസ്എസ് കോളേജ് പഠിക്കുന്ന പ്രവീണ പ്രവീണ്‍നാഥായി മാറിയപ്പോള്‍ നേരിടേണ്ടി വന്ന ഒറ്റപ്പെടുത്തലും പരിഹാസങ്ങളും ചെറുതല്ല. ആ അനുഭവങ്ങ‍ള്‍ അതേ തീക്ഷ്ണതയോടെ പറയാന്‍ മറ്റാര്‍ക്കും ക‍ഴിയില്ലെന്ന തിരിച്ചറിവ് കൊണ്ടാണ് സ്വന്തം ജീവിതമവതരിപ്പിക്കാന്‍ പ്രവീണ്‍ തന്നെ മുന്നോട്ട് വന്നത്. പ്രമുഖ നാടക സംവിധായകനായ രവി തൈക്കാടാണ് നാടകത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്.

പാലക്കാട് ജില്ലാ പബ്ബിക് ലൈബ്രറി ഹാളിൽ വൈകീട്ട് അഞ്ച് മണിക്ക് നാടകം അരങ്ങേറും. ലോക നാടക ദിനത്തിന്റെ ഭാഗമായി അവതരിപ്പിയ്ക്കുന്ന അഞ്ചു നാടകങ്ങളിൽ ഒന്നാണ് ട്രാൻസ്മെൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here