ബിജെപി-മണൽമാഫിയ‐പൊലീസ് അവിശുദ്ധ ബന്ധം തുറന്നുകാട്ടിയതിന്‍റെ പേരിൽ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി; മൂന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍; സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം

വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും ബിഹാറിലും മൂന്ന് മാധ്യമ പ്രവർത്തകരെ പൊലീസ്‐മാഫിയാസംഘം കൊലപ്പെടുത്തി.

മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ വാർത്താചാനൽ റിപ്പോർട്ടർ സന്ദീപ് ശർമയെ (35) ട്രക്കിടിച്ചും ബിഹാറിലെ ഭോജ്പൂരിൽ പ്രമുഖ ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കറിലെ മാധ്യമപവർത്തകരായ നവീൻ നിശ്ചൽ, വിജയ് സിങ് എന്നിവരെ ബൈക്കിൽ കാർ കയറ്റിയുമാണ് കൊലപ്പെടുത്തിയത്.

ബിജെപി നേതൃത്വവുമായി ബന്ധമുള്ള മണൽമാഫിയ‐പൊലീസ് അവിശുദ്ധ ബന്ധം തുറന്നുകാട്ടിയതിനാണ് മധ്യപ്രദേശിലെ കോട്വാലിയിൽ സന്ദീപ് ശർമയെ (35) മണൽ മാഫിയാസംഘം ട്രക്ക് കയറ്റി കൊന്നത്. അട്ടർ റോഡിലെ പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ റോഡരികിൽ ബൈക്ക് നിർത്തി ഫോണിൽ സംസാരിക്കവെ മണൽ കടത്തിവന്ന ട്രക്ക് സന്ദീപിനുമേൽ ഇടിച്ചുകയറ്റുകയായിരുന്നു. ഇടിച്ച ട്രക്ക് നിർത്താതെ പോയി.

ഓടിക്കൂടിയവർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണൽമാഫിയയ്ക്കെതിരെ നിരവധി അന്വേഷണാത്മ റിപ്പോർട്ടുകൾ സന്ദീപ് ശർമ പുറത്തുകൊണ്ടുവന്നിരുന്നു. മണൽ മാഫിയയും പൊലീസും തമ്മിലുള്ള അവിശുദ്ധബന്ധം ഒളിക്യാമറ ദൃശ്യങ്ങളിലൂടെ വാർത്തയായത് വിവാദമായിരുന്നു. ഇതിൽ കുടുങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ സന്ദീപിനെ ഭീഷണിപ്പെടുത്തുന്ന ടെലിഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു.

തനിക്കെതിരെ മണൽ മാഫിയയുടെയും പൊലീസിന്റെയും വധഭീഷണിയുണ്ടെന്ന് കാട്ടി സന്ദീപ്ശർമ ഉന്നത പൊലീസുദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന മനുഷ്യാവകാശകമീഷൻ എന്നിവർക്കും പരാതി നൽകിയിരുന്നു.

ഇതിനുപിന്നാലെയാണ് ട്രക്ക് കയറ്റി കൊന്നത്. അതിനിടെ, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സന്ദീപ് ശർമ ഇരുന്ന ബൈക്കിൽ ട്രക്ക് മനഃപൂർവം ഇടിച്ചുകയറ്റുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ ഭിന്ദ് പൊലീസ് കേസെടുത്തു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി എസ്പി പ്രശാന്ത് ഖേരെ പറഞ്ഞു.

വില്ലേജ് കൗൺസിൽ മേധാവിക്കെതിരെ വാർത്ത കൊടുത്തതിനാണ് ദൈനിക് ഭാസ്കറിലെ നവീൻ നിശ്ചൽ, വിജയ് സിങ് എന്നിവരെ കൊലപ്പെടുത്തിയത്. ഭോജ്പൂരിലെ നഹ്സി വില്ലേജിലെ മുൻ മേധാവി സഹീദ പർവീണും പഞ്ചായത്ത് മുൻ മുഖ്യൻ കൂടിയായ ഭർത്താവ് അഹമദ് അലി എന്ന ഹർസുവും നടത്തുന്ന അനധികൃത ഇടപാടുകൾ നിശ്ചൽ പുറത്തുകൊണ്ടുവന്നിരുന്നു.

ഇതിലുള്ള വൈരാഗ്യത്തെതുടർന്നാണ് ഹർസു മാധ്യമപ്രവർത്തകർ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചുകയറ്റിയത്. ഞായറാഴ്ച രാത്രി ഇരുവരും വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. തെറിച്ചുവീണ ഇവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഹർസുവാണ് അപകടമുണ്ടാക്കിയ വാഹനമോടിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. തെളിവ് നശിപ്പിക്കാൻ വാഹനം കത്തിച്ചു. സംഭവത്തെതുടർന്ന് രോഷാകുലരായ നാട്ടുകാർ ഇരുവരുടെയും മൃതദേഹവുമായി റോഡുപരോധിച്ചു. ആറുപേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇവരെ ഉടൻ അറസ്റ്റുചെയ്യുമെന്ന് ഭോജ്പൂർ എസ്പി അവകാശ് കുമാർ പറഞ്ഞു.

ഏതാനും മാസം മുമ്പ് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ ഹിന്ദുസ്ഥാൻ ലേഖകൻ നവീൻ ഗുപ്തയെ ഒരുസംഘം വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News