പാര്‍ക്കുകളും പൊതുസ്ഥലങ്ങളും ഇഴജന്തുക്കളുടെ ആവാസകേന്ദ്രം; വേനലവധി ആഘോഷിക്കാന്‍ ഇടമില്ലാതെ കോട്ടയത്തെ കുട്ടികള്‍

പരീക്ഷാചൂടില്‍ ഉരുകിയൊലിച്ച കുട്ടികള്‍ക്ക് വേനലവധി ആഘോഷിക്കാന്‍ ഇടമില്ലാതെ കോട്ടയം. ഉല്ലസിക്കുവാന്‍ പാര്‍ക്കുകളും പൊതുസ്ഥലങ്ങളും തേടുകയാണ് അവര്‍. കോട്ടയം നഗരത്തില്‍ ഉണ്ടായിരുന്ന പാർക്കുകളെല്ലാം പലകാരണങ്ങളാല്‍ പ്രവര്‍ത്തിക്കുന്നുമില്ല.

കോട്ടയത്ത് കുട്ടികള്‍ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒന്നിച്ചിരിക്കാനും വൈകുന്നേരങ്ങള്‍ ചെലവിടാനും ആകെയുള്ളത് നഗരസഭാ ജൂബിലി പാര്‍ക്ക് മാത്രമാണ്. നവീകരണത്തിന്റെ പേരില്‍ പാര്‍ക്ക് അടച്ചിട്ട് രണ്ടരവര്‍ഷത്തിലധികമായി. പുല്ലും കാടും വളര്‍ന്ന് ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി ജൂവിലി പാര്‍ക്ക് മാറി. നവീകരണത്തിന് കോടികള്‍ മുടക്കിയെന്നാണ് കോട്ടയം നഗരസഭാ അധ്യക്ഷ ഡോ. പി ആര്‍ സോന പറയുന്നത്. പക്ഷെ പാര്‍ക്ക് ഇനിയെന്ന് തുറക്കുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല.

ഇതൊക്കെ കാണുമ്പോള്‍ എന്തു നവീകരണം നടന്നുവെന്നാണ് നാട്ടുകാരുടെ ചോദ്യം.

കളക്ടറേറ്റിന് സമീപത്തെ കുട്ടികളുടെ പാര്‍ക്കിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. വിനോദത്തിനായി യാതൊരു ഉപകരണങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുമില്ല. വയസ്‌ക്കരക്കുന്നിലെ പാര്‍ക്ക് ഇന്ന് വൃദ്ധജനങ്ങള്‍ക്കുള്ള പകല്‍വീടായി മാറി. ബാലഭവന് സമീപത്ത് നാളുകളോളം കുട്ടികള്‍ക്കായി പാര്‍ക്ക് നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും പ്രവര്‍ത്തനരഹിതമായി.

നഗരസഭ പാര്‍ക്കുകളുടെ ശോച്യാവസ്ഥ മുതലെടുത്ത് പണം കൊയ്യുന്നത് സ്വകാര്യ പാര്‍ക്കുകളാണ്. അവരെ സഹായിക്കുന്ന നിലപാടാണ്‌ കോട്ടയം നഗരസഭയുടേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here