അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ്, മൂവാറ്റുപുഴ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബാബുവിന്റെ സമ്പാദ്യത്തില്‍ 45 ശതമാനവും അനധികൃതമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

2016 സെപ്റ്റംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നരവര്‍ഷത്തോളം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് വിജിലന്‍സ് ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

ബാബു സമ്പാദിച്ചതായി കണ്ടെത്തിയ സ്വത്തില്‍ 45 ശതമാനത്തിന്റെയും സ്രോതസ്സ് വിശ്വസനീയമാംവിധം ബോധ്യപ്പെടുത്താന്‍ ബാബുവിനെ കഴിഞ്ഞില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി ബാബുുവില്‍ നിന്നും വിജിലന്‍സ് പല തവണ മൊഴി രേഖപെടുത്തിയിരുന്നു.

ബാബുവിന്റെ വീട്ടിലും, ബിനാമികള്‍ എന്നുകരുതിയ ചില സുഹൃത്തുക്കളുടെ വീടുകളിലും, ഓഫീസുകളിലും സ്ഥാപനങ്ങളിലും അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. വിവിധ ബാങ്കുകളിലെ ബാബുവിന്റെ അക്കൗണ്ടുകളും പരിശോധിച്ചു. മക്കളുുടെ പേരിലുള്ള ബാങ്ക് ലോക്കറുകളിലും പരിശോധന നടത്തി.

തൃപ്പൂണിത്തുറ എസ്ബിഐ, വൈറ്റില പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അടക്കം കണ്ടെത്തിയിരുന്നു. മക്കളുടെ വിവാഹം വന്‍ ആര്‍ഭാടത്തോടെ നടത്തിയതിന്റെയടക്കം സ്രോതസ് ബോധ്യപ്പെടുത്താന്‍ ബാബുവിന് കഴിഞ്ഞില്ല.

അന്വേഷണത്തിന്റെ അന്തിമഘട്ടത്തില്‍ ബാബുവില്‍നിന്ന് ഒരിക്കല്‍ കൂടിി വിശദീകരണം തേടിയശേഷമാണ് കുറ്റപത്രം തയ്യാറാക്കിയത്.

താന്‍ എംഎല്‍എയും, മന്ത്രിയായിരുന്ന കാലത്ത് ലഭിച്ച യാത്രാബത്ത കൂടി വരുമാന സ്രോതസ്സാായി കണക്കാക്കണമെന്നായിരുന്നു ബാബുവിന്റെ ആവശ്യം. ഇത് ഭാഗികമായി അംഗീകരിച്ചെങ്കിലും ശേഷിക്കുന്ന സ്വത്തിലും വലിയൊരു പങ്ക് അനധികൃതമാണെന്ന കണ്ടെത്തലില്‍ അന്വേഷണ സംഘം എത്തിച്ചേര്‍ന്നു.

മക്കളുടെ വിവാഹ സമയത്ത് ലഭിച്ച സമ്മാനങ്ങളും, ഭാര്യാ വീട്ടുകാര്‍ നല്‍കിയ സ്വത്തും വരുമാന സ്രോതസ്സായി കണക്കാക്കണമെന്ന ബാബുവിന്റെ ആവശ്യം അന്വേഷണ സംഘം തള്ളി.

വിജിലന്‍സ് കൊച്ചി സ്‌പെഷ്യല്‍ യൂണിറ്റാണ് കേസ് അന്വേഷിച്ചത്. ബിനാമികളെന്ന് ആരോപണം ഉയര്‍ന്ന മോഹനന്‍, ബാബുറാം എന്നിവരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here