യൂറോപ്പ് വീണ്ടും വർഗ്ഗസമരത്തിന്റെ തീച്ചൂളയിലേക്ക്; ഫ്രാൻസിൽ തൊഴിലാളികളുടെ പ്രതിഷേധക്കാറ്റ് വീശിയടിക്കുന്നു

യൂറോപ്പ് വീണ്ടും വർഗ്ഗസമരത്തിന്റെ തീച്ചൂളയിലേക്ക്. പ്രസിഡന്റ് ഇമ്മാന്വൽ മാക്രാണിന്റെ സ്വകാര്യവത്ക്കരണ നയങ്ങൾക്കെതിരെ ഫ്രഞ്ച് തൊഴിലാളി യൂണിയനുകൾ ഐതിഹാസികമായ ചെറുത്തുനിൽപ്പു പോരാട്ടത്തിലാണ്.

പൊതുഗതാഗത സംവിധാനങ്ങളുൾപ്പെടെ വിറ്റു തുലയ്ക്കാനുള്ള മാക്രോണിന്റെ സാമ്പത്തിക ‘നവീകരണ’ പദ്ധതികൾക്കെതിരെ കഴിഞ്ഞയാഴ്ച്ച രാജ്യത്തെമ്പാടും നടന്ന പ്രതിഷേധ മാർച്ചുകളിൽ അണിനിരന്നത് അഞ്ചു ലക്ഷത്തിലധികം തൊഴിലാളികൾ.

റെയിൽവേ, ബസ്, വിമാന സർവ്വീസുകൾ എല്ലാം നിശ്ചലമായി. ഫ്രാൻസിൽ നിന്നും വിദേശങ്ങളിലേക്കുള്ള 30 ശതമാനത്തോളം വിമാനസർവ്വീസുകൾ തടസ്സപ്പെട്ടു. പാരിസിലും നാന്റെസിലും പ്രതിഷേധക്കാർ മണിക്കൂറുകളോളം പോലീസുമായി തെരുവുകളിൽ ഏറ്റുമുട്ടി. സാമ്പത്തിക നയങ്ങളിലെ മാറ്റങ്ങൾ തൊഴിൽ യൂണിയനുകളുമായി ചർച്ച ചെയ്യില്ലെന്ന പിടിവാശിയിലാണ് പ്രസിഡന്റ് മാക്രോൺ.

എന്നാൽ കഴിഞ്ഞ ആഴ്ച്ചയിലെ പൊതു പണിമുടക്കിനു ഫ്രഞ്ച് ജനത നൽകിയ വലിയ പിന്തുണയിൽ തൊഴിലാളി യൂണിയനുകൾ വലിയ ആത്മവിശ്വാസത്തിലാണ്.

തുടർ സമരങ്ങൾ ഫ്രാൻസിനെ പിടിച്ചു കുലുക്കുമെന്നുറപ്പ്. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സമര പരിപാടികൾക്ക് റെയിവേ തൊഴിലാളികൾ ആഹ്വാനം ചെയ്തു കഴിഞ്ഞു. എയർ ഫ്രാൻസ് ജീവനക്കാർ 6 ശതമാനം വേതന വർദ്ധനവ് ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചിരിക്കുന്നു. അധ്യാപക യൂണിയനുകളും മുൻസിപ്പൽ ജീവനക്കാരും മാക്രോണിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പരസ്യമായി രംഗത്തുണ്ട്.

വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവത്ക്കരണവും കടുത്ത തൊഴിലില്ലായ്മയും ചൂണ്ടി കാട്ടി, വിദ്യാർത്ഥി-യുവജന സംഘടനകൾ പാരിസിൽ വലിയ റാലികൾ സംഘടിപ്പിച്ചു കൊണ്ടെയിരിക്കുകയാണ്. ഗ്രീസിനും, സ്പെയിനിനും, പോർട്ടുഗലിനും പിറകെ ഫ്രാൻസും വർഗ്ഗസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here