മത്സരത്തിനിടെ ക്രിസ്റ്റ്യാനോയ്ക്ക് തകര്‍പ്പനൊരു ലിപ് ലോക്ക്; അതൃപ്തി പുറത്തുകാട്ടി സൂപ്പര്‍ താരം;വീഡിയോ വൈറല്‍

ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദമത്സരത്തിനിടെയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്നേഹചുംബനവുമായി ആരാധകന്‍ ഗ്രൗണ്ടിലെത്തിയത്.

മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ പോര്‍ച്ചുഗലിന്‍റെ കവാകോ കാന്‍സേല ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തുപോകുന്നതിനിടെയാണ് ഗ്രൗണ്ടിലെത്തിയ ആരാധകന്‍ റോണോയെ ചുംബിക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്തത്.

ലോകകപ്പ് യോഗ്യത നേടാത്ത ഹോളണ്ട് ടീമിനെതിരെ പോര്‍ച്ചുഗീസ് ടീം ഏകപക്ഷീയമായ മൂന്ന് ഗോളിന് പിന്നില്‍
നില്‍ക്കുമ്പോ‍ഴായിരുന്നു ആരാധകന്‍റെ സ്നേഹപ്രകടനം. ഫാന്‍സിനെ പിണക്കാതിരിക്കാന്‍ താരങ്ങള്‍ ശ്രമിക്കാറുണ്ടെങ്കിലും ന്യൂറംബര്‍ഗിലെ ചുംബനം താരത്തെ അസ്വസ്ഥനാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോ ക്യാമറകള്‍ പകര്‍ത്തിയത്.

ഈ ചുംബനത്തിന് പിന്നാലെ ഏതാനും ആരാധകര്‍ കൂടി സുരക്ഷാവലയം മറികടന്ന് ഗ്രൗണ്ടിലെത്തിയെങ്കിലും ഇവര്‍ റൊണാള്‍ഡോയെ തൊട്ടശേഷം മടങ്ങി.

റൊണാള്‍ഡ് കോമാന്‍റെ പരിശീലനത്തില്‍ കളത്തിലിറങ്ങിയ ഡച്ച് ടീം കളിയുടെ തുടക്കത്തില്‍ തന്നെ പോര്‍ച്ചുഗലിനെതിരെ മുന്നിലെത്തിയിരുന്നു. പതിനൊന്നാം മിനിട്ടില്‍ മെംഫിസ് ഡിപേയുടെ ഗോളില്‍ ഹോളണ്ട് മുന്നിലെത്തി. 32 മിനിറ്റില്‍ റ്യാന്‍ ബാബേല്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

ആദ്യ പകുതിയുടെ അധിക സമയത്ത് ക്യാപ്റ്റനും ലിവര്‍പൂള്‍ ഡിഫന്‍ഡറുമായ വിര്‍ജില്‍ വാന്‍ ഡിക് ഹോളണ്ടിന്‍റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.  തുടര്‍ച്ചയായ ഒമ്പതു മത്സരങ്ങളില്‍ ഗോള്‍ നേടിയ റൊണാള്‍ഡോയുടെ തുടര്‍ ഗോളടിക്കും ഇന്നലെ അവസാനമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here