സ്മിത്ത് വീരനായകനാണ്; യുവതാരത്തെ പിച്ചിചീന്താനായി വിട്ടുകൊടുത്തില്ല; കുറ്റമേറ്റെടുത്തതാണ്; ഓസീസ് താരത്തിന്റെ വെളിപ്പെടുത്തല്‍

ദില്ലി: കായിക ലോകത്ത് മാത്രമല്ല ആഗോളതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരിക്കുകയാണ് സ്മിത്തും ഓസ്‌ട്രേലിയയും കാട്ടിയ കള്ളക്കളി. പന്തില്‍ കൃത്രിമം കാട്ടിയെന്ന വാര്‍ത്ത പുറത്തുവന്നതുമുതല്‍ സ്മിത്തിനും ഓസ്‌ട്രേലിയന്‍ ടീമിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി തന്നെ വിഷയത്തില്‍ നേരിട്ടിടപ്പെട്ടത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ദിപ്പിച്ചു. സ്മിത്തിന്റെ നായകസ്ഥാനം പിടിച്ചുവാങ്ങിയ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമില്‍ നിന്നും പുറത്താക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

ഐ പി എല്ലില്‍ രാജസ്ഥാന്റെ നായകസ്ഥാനം നഷ്ടമായ സ്മിത്ത് ഇവിടെയും കളിക്കാനാകില്ലെന്ന ഭീഷണി നേരിയുകയാണ്. ക്രിക്കറ്റ് ലോകം ഒന്നടങ്കം സ്മിത്തിനെയും ടീമിനെയും ക്രൂശിക്കുകയാണ്.

അതിനിടയിലാണ് നിര്‍ണായക വെളിപ്പെടുത്തലുമായി ഓസീസ് താരം മായിസസ് ഹെന്റിക്വസ് രംഗത്തെത്തിയത്. സ്റ്റീവ് സ്മിത്ത് അറിഞ്ഞുകൊണ്ടുള്ള കള്ളക്കളിയായിരുന്നില്ല അതെന്നാണ് ഹെന്റിക്വസ് വെളിപ്പെടുത്തുന്നത്.

‘അയാളൊരു വീര നായകനാണ്. സ്വന്തം ടീമിലെ യുവതാരത്തിന് പറ്റിയ തെറ്റ് അയാള്‍ ഏറ്റെടുക്കുകയായിരുന്നു. യുവതാരത്തെ ലോകം പിച്ചിച്ചീന്തുന്നത് കണ്ടുനില്‍ക്കാന്‍ അയാള്‍ക്ക് സാധിക്കില്ലായിരുന്നു. അതുകൊണ്ടാണ് കുറ്റം ചെയ്യാതിരുന്നിട്ടും അയാള്‍ ആ തെറ്റ് ഏറ്റെടുത്തത്. തന്റെ ടീമിനെയും യുവതാരങ്ങളെയും അത്രമേല്‍ അയാള്‍ സംരക്ഷിക്കും. ആരൊക്കെ കല്ലെറിഞ്ഞാലും അയാളൊരു വീരനായകനാണെന്നതാണ് സത്യം’ ഹെന്റിക്വസ് പറയുന്നു.

ടീമിലെ മുതിര്‍ന്ന താരങ്ങള്‍ ചേര്‍ന്നാണ് പന്തില്‍ കൃത്രിമം കാട്ടാന്‍ തീരുമാനിച്ചതെന്ന സ്മിത്തിന്റെ വെളിപ്പെടുത്തല്‍ കള്ളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്റെ അറിവില്‍ സീനിയര്‍ താരങ്ങള്‍ തമ്മില്‍ അത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടില്ല.

പന്തില്‍ ക്രിതൃമം കാട്ടിയാല്‍ കിട്ടുന്ന ശിക്ഷയെക്കുറിച്ച് സ്മിത്തടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. ഇതിറിഞ്ഞുകൂടാതെയാണ് ബെന്‍ക്രോഫ്റ്റ് ഇത്തരം നീക്കം നടത്തിയത്. യുവതാരത്തെ ഒറ്റയ്ക്ക് ക്രൂശിക്കാന്‍ വിട്ടുകൊടുക്കാതെ രക്ഷിക്കാനാണ് സ്മിത്ത് ഉത്തരവാദിത്തമേറ്റെടുത്തതെന്നും ഹെന്റിക്വസ് പറയുന്നു.

ബെന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാട്ടുന്ന കാര്യം മറ്റാര്‍ക്കും അറിയാമായിരുന്നില്ലെന്ന് ഇതിന് അര്‍ഥമില്ലെന്നും മുതിര്‍ന്ന താരങ്ങള്‍ കൂടിയാലോചിച്ച തീരുമാനമല്ല അതെന്ന് മാത്രമാണ് താന്‍ പറയുന്നതെന്നും ഹെന്റിക്വസ് കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന ഓസീസ് ടീമില്‍ ഹെന്റിക്വസില്ല. ഡ്രസിങ് റൂമില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ഹെന്റിക്വസ് പറയുന്ന കാര്യങ്ങളില്‍ എത്രമാത്രം ആധികാരികതയുണ്ടെന്നും വ്യക്തമല്ല. പക്ഷെ താരങ്ങളുമായി അടുത്ത ബന്ധമുള്ള ഹെന്റിക്വസ് പറയുന്നത് മുഖവിലയ്‌ക്കെടുക്കണമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം.

നേരത്തെ സ്മിത്തിന് പൂര്‍ണപിന്തുണ പ്രഖാപിച്ച് ഇന്ത്യന്‍ ബൗളിംഗ് വസന്തമായിരുന്ന ആശിഷ് നെഹ്‌റ രംഗത്തെത്തിയരുന്നു. ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇതൊക്കെ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ആദ്യ സംഭവമല്ലെന്നും നെഹ്‌റ ചൂണ്ടികാട്ടി. കുറ്റം ഏറ്റുപറയാന്‍ സ്മിത്തടക്കമുള്ളവര്‍ കാട്ടിയ മാന്യതയെ അദ്ദേഹം അഭിനന്ദിച്ചു.

തെറ്റ് പറ്റിയത് ഏറ്റുപറഞ്ഞത് മഹത്തരമാണെന്നും നെഹ്‌റ അഭിപ്രായപ്പെട്ടു. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ സ്മിത്തിനെ ഇത്തരത്തില്‍ നശിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെറ്റ് ഏറ്റുപറഞ്ഞ സ്ഥിതിക്ക് മാന്യമായ ശിക്ഷ നല്‍കി സ്മിത്തിനെ കളിക്കാനനുവദിക്കണമെന്നും നെഹ്‌റ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News