ചന്ദ്രബോസ് വധക്കേസില്‍ നിന്ന് നിഷാമിനെ രക്ഷപ്പെടുത്താന്‍ സഹായിക്കാത്തതിന് പീഡനം; ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പിന്നില്‍ നിന്ന് ചതിച്ചെന്ന് ജേക്കബ് ജോബ്

ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിഷാമിനെ രക്ഷപ്പെടുത്താന്‍ സഹായിക്കാത്തതിന് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പിന്നില്‍ നിന്ന് ചതിച്ചെന്ന് മുന്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ജേക്കബ് ജോബ്.

യൂണിവേഴ്‌സിറ്റി ഡി ബാര്‍ ചെയ്ത ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തനിക്കെതിരെ ചട്ടവിരുദ്ധമായ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ജേക്കബ് ജോബ് പറഞ്ഞു.

നിലവില്‍ പത്തനംതിട്ട എസ് പിയായ ജേക്കബ് ജോബ് സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കേയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ മുഹമ്മദ് നിഷാമിനെ അറസ്റ്റ്‌ചെയ്തപ്പോള്‍ മുതല്‍ തനിക്കെതിരെ പൊലീസ് സേനയില്‍ നീക്കം ആരംഭിച്ചിരുന്നെന്ന് ജേക്കബ് ജോബ് പറഞ്ഞു.

നിഷാമിന്റെ ആനുകൂല്യം പറ്റാത്തവരായി ആരും തന്നെ തൃശൂരില്‍ ഉണ്ടായിരുന്നില്ലെന്നും നൈറ്റ് പെട്രോളിങ് ഉദ്യോഗസ്ഥനെ അയച്ച് താന്‍ നിഷാമിനെ അറസ്റ്റ് ചെയ്തിരുന്നില്ലെങ്കില്‍ അന്ന് അയാള്‍ ദുബായിലേക്ക് രക്ഷപ്പെട്ടേനെയെന്നും ജേക്കബ് ജോബ് കൂട്ടിച്ചേര്‍ത്തു.

നിഷാമിന്റെ അറസ്റ്റിന് ശേഷം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സഹായം അഭ്യര്‍ത്ഥിച്ചു വിളിച്ചിരുന്നെന്നും സഹായിക്കാന്‍ സാധിച്ചില്ലെങ്കില്‍ ലീവെടുത്ത് പോയിക്കൊള്ളാനായിരുന്നു നിര്‍ദ്ദേശമെന്നും ജേക്കബ് ജോബ് പത്തനംതിട്ടയില്‍ പറഞ്ഞു.

നിഷാമിനെ തന്റെ ഓഫീസ് മുറിയില്‍ 20 മിനിട്ട് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് തനിക്കെതിരെ നടപടി ഉണ്ടായതും മൂന്ന് വര്‍ഷം സംശയ നിഴലില്‍ കഴിയേണ്ടിവന്നതും.

യൂണിവേഴ്‌സിറ്റി ഡി ബാര്‍ ചെയ്ത ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തനിക്കെതിരെ ചട്ടവിരുദ്ധമായി റിപ്പോര്‍ട്ട് നല്‍കിയത്.

നിഷാമിനെതിരെ കാപ്പ ചുമത്താനുള്ള തന്റെ നീക്കം തടയാന്‍ പലയിടങ്ങളിലും ഇടപെടല്‍ ഉണ്ടായി. നിഷാമുമായി 16 മണിക്കൂര്‍ അപ്രത്യക്ഷമാവുകയും ഫോണ്‍ അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഇതുവരെയും ഒരു നടപടിയും ഉണ്ടായില്ലെന്നും ജേക്കബ് ജോബ് പറഞ്ഞു.

അന്വേഷണ ഘട്ടത്തില്‍ സുപ്രധാന തെളിവുകള്‍ പലതും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും താന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന മാര്‍ച്ച് 31 ന് ശേഷം തന്റെ സര്‍വീസ് സ്റ്റോറിയിലൂടെ സത്യം പുറത്ത് പറയുമെന്നും ജേക്കബ് ജോബ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News