മാധ്യമങ്ങളേ… ഞങ്ങള്‍ കണ്ടത് നിങ്ങള്‍ വിവരിച്ച അട്ടപ്പാടിയല്ല; നേരുതേടിയിറങ്ങിയവര്‍ക്ക് പറയാനുളളതും കേള്‍ക്കണം

മധുവധത്തിന് ശേഷം ദിവസങ്ങളോളം  കേരളത്തിലെ മാധ്യമങ്ങള്‍ അട്ടപ്പാടിയിലായിലായിരുന്നു. ആദിവാസികള്‍ക്കിടയിലെ  പട്ടിണി,ദാരിദ്ര്യം,പകര്‍ച്ചവ്യാധികള്‍ എന്നിങ്ങനെ മാധ്യമങ്ങളില്‍ വാര്‍ത്താ പ്രളയമായിരുന്നു.മാധ്യമങ്ങള്‍ പറയുന്നത് അതേപടി വി‍ഴുങ്ങാന്‍ ഇന്ന് ആരും തയ്യാറല്ല.

അട്ടപ്പാടിലെ യാഥാര്‍ത്ഥ്യങ്ങള്‍ നേരിട്ടറിയാന്‍ പട്ടാമ്പി ഞാങ്ങാട്ടിരിയിലെ ഒരു സംഘം അട്ടപ്പാടി സന്ദര്‍ശിച്ചു.അവര്‍ക്കും ചിലത് പറയാനുണ്ട്. സംഘത്തിലുണ്ടായിരുന്ന അഡ്വ .ടി.കെ സുരേഷ് അട്ടപ്പാടികാ‍ഴ്ച്ചകള്‍ ഇങ്ങനെ വിവരിക്കുന്നു.

ആർക്കും പഴയ വസ്ത്രങ്ങളും പഴയ പാത്രങ്ങളും കൊണ്ടു പോയി തള്ളാനുള്ള വെയ്സ്റ്റ് ബാസ്ക്കറ്റല്ല അട്ടപ്പാടി .. അദ്ധ്വാനിച്ചു ജീവിക്കുന്ന ആത്മാഭിമാനമുള്ള ഒരു ജനത ഇവിടെ ജീവിക്കുന്നു. ആ ജനതയെ ഞങ്ങൾ സല്യൂട്ട് ചെയ്യുന്നു.

മാധ്യമങ്ങളിലൂടെ കണ്ട അട്ടപ്പാടിയിലെ ദയനീയമായ ഊരുകൾ തേടിപ്പോയ ഞങ്ങളറിഞ്ഞു.
ഗുജറാത്തിലെ മഹാനഗരങ്ങളോട് ചേർന്നു കിടക്കുന്ന ഗ്രാമപ്രാന്തങ്ങളേക്കാൾ പത്തിരട്ടി സ്വർഗ്ഗമാണ് അട്ടപ്പാടിയിലെ ആദിവാസി ഊരുകൾ.

ഞാങ്ങാട്ടിരിയിൽ നിന്നും രാവിലെ ആറര മണിക്ക് പുറപ്പെട്ട ഞങ്ങളുടെ 14 അംഗ സംഘം പത്തരമണിയോടെ അട്ടപ്പാടിയിലെത്തി . മുക്കാലിയിൽ നിന്നും 40 കിലോമീറ്റർ കിഴക്കു മാറി തമിഴ്നാട് ബോർഡറിനോട് ചേർന്ന മുള്ളി . തിരുമൂർത്തിയും ,പൊന്നുവും ഞങ്ങളെ കാത്തു നിന്നിരുന്നു. മുള്ളി ടൂറിസ്റ്റ് പ്രൊട്ടക്ഷ്ഷൻ & പോലീസ് അസിസ്റ്റൻസ് സെന്ററിന്റെ മുന്നിലെ ചായക്കടയിൽ നിന്നും ആവി പാറുന്ന ചായ ഊതിക്കുടിച്ച ശേഷം നേരേ താഴേമുള്ളി ആദിവാസി ഊരിലേക്ക്.

ചാനലിൽ നിന്നും പകർന്നു കിട്ടിയ ആദിവാസിഊരിനെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ അവിടം മുതൽ പൊളിഞ്ഞു വീഴുകയായിരുന്നു.

നിരനിരയായ കോൺക്രീറ്റു കെട്ടിടങ്ങൾ കണ്ട് ഊരിലേക്കിനി എത്ര ദൂരം പോകണമെന്ന് ആശങ്കപ്പെട്ട ഞങ്ങളോട് പൊന്നു പറഞ്ഞു ഇതു തന്നെയാണ് ഊര് .കുടുംബശ്രീ പ്രവർത്തകയും തൊഴിലുറപ്പ് മേറ്റുമായ ശ്രീമതി:വള്ളിയുടെ വീട്ടിൽ കയറി . ഏകദേശം രണ്ടേ ക്രവളപ്പിലെ കൃഷിഭൂമിയ്ക്കു നടുവിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ വീട്. വള്ളി പറഞ്ഞു.

നിങ്ങൾ കേൾക്കുന്നതൊന്നുമല്ല ഊരിലെ വിശേഷങ്ങൾ.. ഇവിടെ പട്ടിണിയും പരിവട്ടവുമൊന്നുമില്ല. ഞങ്ങൾ ഇരുള വിഭാഗത്തിൽപ്പെട്ട ആദിവാസികളാണ്. ഞങ്ങളിവിടെ കൃഷി ചെയ്തു ജീവിക്കുകയാണ്. റേഷൻ കാർഡുണ്ട്. ആവശ്യത്തിന് ഗവൺമെന്റ് സഹായങ്ങളും ലഭിക്കുന്നുണ്ട്.

വളളിയുടെ അമ്മ 80 കഴിഞ്ഞ ലക്ഷ്മിഅമ്മയും പറയുന്നത് അതു തന്നെയാണ്.
അട്ടപ്പാടിയിലെ ജനങ്ങൾക്കൊന്നേ വേണ്ടൂ..
തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇടനിലക്കാരുടെ കൊള്ളയവസാനിപ്പിച്ച് ന്യായമായ വിലലഭിക്കണം .
വിഷംകലർത്താതെ ഞങ്ങളുണ്ടാക്കുന്ന നെല്ലിനും വിളകൾക്കും, ആകാശം മുട്ടുന്ന മരങ്ങൾക്കു മേലെകയറി ഞങ്ങളെടുക്കുന്ന കാട്ടുതേനിനും നിങ്ങൾക്ക് നഗരത്തിൽ കിട്ടുന്ന വിലയ്ക്കനുസരിച്ച് ഞങ്ങൾക്കും കിട്ടണം.

വളളിയുടെ വീട്ടിൽ നിന്നും അടുത്ത ഊരുകൾ സന്ദർശിക്കാനിറങ്ങി .
മേലേമുള്ളി ഊരിലെത്തി . ഊരിലേക്ക് വീതിയേറിയ പാതയുണ്ട്. റോഡ് ടാർചെയ്യാനായി മെറ്റൽ വിരിച്ചിരിക്കുന്നു. ഇവിടെ ഒരു വിധം മേഖലകളിലേക്കെല്ലാം റോഡുണ്ട്. എവിടേക്കെങ്കിലും റോഡില്ലെങ്കിൽ അതില്ലാത്തത് അവിടെ ജീവിക്കുന്നവർ റോഡിന്റെ സാമിപ്യം ഇഷ്ട്ടപ്പെടാത്തതു കൊണ്ടും പരിസ്ഥിതിയിൽ പിക്കാസുകൊത്തിയിറക്കാൻ തദ്ദേശ വാസികൾ സമ്മതിക്കാത്തതു കൊണ്ടും മാത്രമാണ്.

മേലേമുള്ളി ഊരിലെത്തിയപ്പോൾ മുമ്പു കണ്ടതിനേക്കാൾ ഒന്നുകൂടി മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ .ഊരിലെ പഴയ വീടുകൾ ഓടുമേഞ്ഞവയും പുതിയവ ടെറസ്സ് വീടുകളുമാണ്. കോളനി ചുറ്റിനടന്നു കണ്ടു. സർക്കാറിന്റെയോ പഞ്ചായത്തിന്റെയോ ഇടപെടലിന്റെ അടയാളമില്ലാത്ത ഒറ്റ വീടു പോലുമില്ല.

പൊന്നു ഞങ്ങൾക്ക് ഊരിലെ സമൂഹഅടുക്കള കാണിച്ചു തന്നു . ഒരു വീടിനു പുറകിൽ രണ്ട് അടുപ്പുകൾ കൂട്ടി
മേലെ ഷീറ്റുകൊണ്ട് മേഞ്ഞ ഒരു ഓപ്പൺ ഷെഡ്. ഊരിലെ പ്രായമായവർക്കും കുട്ടികർക്കും ആവശ്യമായ ഭക്ഷണം ഇവിടെ പാകം ചെയ്യുന്നു. അവനവന്റെ വീട്ടിലെ ഭക്ഷണത്തിനു പുറമേയാണിത്.

അടുക്കളയുടെ വലിപ്പമല്ല കാര്യം പ്രായമായവരുടെയും കുട്ടികളുടെയും കാര്യത്തിൽ അത്ര ശ്രദ്ധാലുക്കളാണ് ഊര് നിവാസികൾ എന്ന് വിളിച്ചു പറയുന്നു സമൂഹ അടുക്കള .മൂപ്പന്റെ വീട്ടിൽ പോയപ്പോൾ മാധവൻമൂപ്പൻ പുറത്തു പോയിരിക്കയാണ്. മൂപ്പന്റെ ഭാര്യ സുന്ദരിയമ്മ ഞങ്ങളെ സ്വീകരിച്ചു .

ഒന്നിച്ചൊരു ഫോട്ടോയെടുക്കട്ടെ എന്നു ചോദിച്ചപ്പോൾ പുഞ്ചിരി കലർന്ന നിഷേധത്തോടെ അവർ പറഞ്ഞു “ഇങ്ങള് ഫോട്ടോ എടുക്കണ്ട “. പലരും വന്ന് ആദിവാസികളെ ആട്ടിൻ കൂടിനോടടുത്തു നിർത്തി ഫോട്ടോയെടുത്ത് ഇവിടത്തെ ദൈന്യതകാട്ടി പല ഏജൻസികളിൽ നിന്നും വ്യക്തികളിൽ നിന്നും പണം പിടുങ്ങാറുണ്ടെന്ന് മൂർത്തി പറയുമ്പോഴാണ് സുന്ദരിയമ്മയുടെ നിഷേധത്തിന്റെ അകംപൊരുൾ മനസ്സിലായത്.

EMS ഭവനപദ്ധതി, IAY , നിരവധിട്രൈബല്‍ സ്ക്കീമുകൾ, പഞ്ചായത്തുകളുടെ ഭവനപദ്ധതികൾ ഇതെല്ലാമുപയോഗിച്ച് ഭേദപ്പെട്ട വീടുകൾ തന്നെയാണ് ആദിവാസി കോളനികളിൽ ഉള്ളത്. എന്നാൽ മടുക്ക വിഭാഗത്തിൽപ്പെട്ട ചുരുക്കംചിലർ മാത്രമാണത്രേ മെച്ചപ്പെട്ട ആധുനിക സംവിധാനങ്ങൾ സ്വീകരിക്കാൻ തയ്യാറാകാതെ വനാന്തർഭാഗത്തു തന്നെ ജീവിക്കാൻ താൽപര്യപ്പെടുന്നത്. ഇതല്ലാതെ വീടില്ലാത്ത ആദിവാസികള്‍ അട്ടപ്പാടിയിൽ തികച്ചും കുറവാണ്.

മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളുമുണ്ട് അട്ടപ്പാടിയിൽ . എങ്കിലും തലമുറകളായി ചരക്കുഗതാഗതത്തിനുപയോഗിച്ചു വന്നിരുന്ന കഴുതകളെ അവർ ഉപേക്ഷിച്ചിട്ടില്ല. പുതിയതു കിട്ടുമ്പോൾ പഴയതിനെ വലിച്ചെറിയുന്ന ഉപഭോക്തൃ സംസ്ക്കാരത്തിനടിമപ്പെട്ടിട്ടില്ലാത്ത അട്ടപ്പാടിയിലെ നല്ലജനത ഇന്നും പഴമകളെ കൈവിടാതെ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുന്നു .

ആദിവാസികളും നാട്ടുവാസികളും തമ്മില്‍ വളരേ സൗഹാർദ്ദം നിറഞ്ഞ അന്തരീക്ഷമാണ് ഇവിടെയുള്ളത്.
ഇവരിങ്ങനെ ഒറ്റക്കെട്ടായി നിന്നാൽ ആർക്കാണോ ഭീഷണി അവർ ഈ സൗഹാർദ്ദത്തെ തകർക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടത്രേ . പരസ്പരം ആക്രമിക്കപ്പെടുമെന്ന ഭീതി ഇരുവിഭാഗത്തിന്റെയും ചിന്തകളുടെ ഉള്ളറകളിലേക്ക് കയറ്റി വിട്ട് ഐക്യം തകർക്കാനുള്ള ശ്രമം കാലങ്ങളായി തുടരുന്നതാണത്രേ .

ഇതിനെതിരെ ജാഗരൂഗരായി നിൽക്കാനുള്ള സാമൂഹ്യബോധവും വിദ്യാഭ്യാസ സംവിധാനങ്ങളും ഇന്ന് അട്ടപ്പാടിയിലുണ്ട്. തിരുമൂർത്തി ഞങ്ങളെ സ്ക്കൂൾ കാണിക്കാൻ കൂട്ടിക്കൊണ്ടുപോയി .അഗളി ബി.ആർ.സിയ്ക്കു കീഴിലെ മുള്ളി ഗവ: L. P . സ്ക്കൂൾ . നാഗരികമെന്നു കരുതുന്ന ഏതൊരിടത്തെയും പോലെ മെച്ചപ്പെട്ട സ്ക്കൂൾ .

നിലം ടൈൽസിട്ട, സൗകര്യമുള്ളക്ലാസ്സ് മുറികൾ , ശുചിത്വമുള്ള ടോയ്ലറ്റുകൾ, വൃത്തിയുള്ള അടുക്കള , സ്ക്കൂൾ കോമ്പൗണ്ടിൽ സോളാർ പാനൽ ഫിറ്റ് ചെയ്ത് സൗരോർജ്ജ മുൾപ്പെടെ ഉപയോഗിക്കുന്നു .സ്ക്കൂളിനോട് ചേർന്ന് സൗകര്യമുള്ള പ്രീമെടിക്ക് ഹോസ്റ്റൽ.

പ്രധാനാദ്ധ്യാപിക സരോജിനി ടീച്ചർ അവിടെത്തന്നെ താമസിക്കുന്നു. ഒരു ഫോട്ടോ എടുത്തോട്ടെ ടീച്ചറെ എന്നു ചോദിച്ചപ്പോൾ, എടുത്തോളൂ ഞങ്ങടെ കുട്ടികൾ പഠിക്കുന്നതും ഉയർന്ന നിലവാരത്തിൽ മാന്യമായിത്തന്നെയാണെന്ന് എല്ലാവരും അറിയട്ടെ എന്നായിരുന്നു മറുപടി . അട്ടപ്പാടിയുടെ ദൈന്യത പകർത്താൻ പോകുന്ന മാധ്യമ പ്രവർത്തകരാരും ഇതുവഴിയൊന്നും വരാറില്ലല്ലോ.

ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോൾ തിരുമൂർത്തി പറഞ്ഞു . ഞാനും ഈ മണ്ണിന്റെ മകനാണ് . ഇവിടെ ജനിച്ചു വളർന്നു ഇപ്പോൾ 59 വയസ്സായി. ഈ കഴിഞ്ഞ 59 വർഷവും അട്ടപ്പാടിയിൽ ജീവിച്ചു .ഞങ്ങൾ അട്ടപ്പാടിക്കാർ അദ്ധ്വാനിച്ച് ജീവിക്കുന്നവരാണ്.

ഊരുകളിലെ പട്ടിണിയകറ്റാനെന്നു പറഞ്ഞ് നഗരങ്ങളിൽ നിന്നും അരിയും ഗോതമ്പുപൊടിയുമായി വന്ന്
ദാനധർമ്മം നടത്തി സെല്‍ഫിയെടുത്ത് പോസ്റ്റു ചെയ്യുന്നവരിൽ ചിലരെങ്കിലുമറിയുന്നില്ല ഒരു സമൂഹത്തെയാകെ അവർ ഇകഴ്ത്തിക്കാട്ടുകയാണെന്ന്.

എപ്പോഴും ചിരിക്കുന്ന മുഖമുള്ള തിരുമൂർത്തിയുടെ കണ്ണുകളിൽ അപമാനിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ ആത്മരോഷം ഞങ്ങൾ കണ്ടുമൂർത്തിയോട് യാത്ര പറഞ്ഞ് മടങ്ങി വൈകുന്നേരം 6 മണിയോടെ മുക്കാലിയിലെത്തി . ഇരുൾ പടർന്നു തുടങ്ങുന്നു .. തട്ടുകടയിൽ നിന്നും ചായ കുടിക്കുമ്പോൾ അടുത്തുള്ള ചിലരോട് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ച് മധുവിന്റെ മരണത്തെക്കുറിച്ച് ചോദിച്ചു.

ഞങ്ങളുടെ കൂട്ടത്തിലുള്ള കൊമ്പൻ മീശക്കാരൻ മഫ്ടിയിൽ വന്ന പോലീസുകാരനാണെന്ന് കരുതിയാവണം അവർ ഉത്തരം പറയാതെ തന്ത്രപൂർവ്വം ഒഴിഞ്ഞു മാറി. മധുവിന്‍റെ മരണം സംഭവിക്കും മുമ്പും അട്ടപ്പാടി കേരളത്തിന്റെ ഭൂപടത്തിലൂണ്ടായിരുന്നു. ഒരു ജനത ഇവിടെ മാന്യമായി ജീവിച്ചിരുന്നു .

ഇപ്പോഴും ജീവിക്കുന്നു .ഒരു കാര്യം വ്യക്തമാണ്. ആദിവാസി മേഖലകളിൽ പട്ടിണിമൂലമല്ല ദുരിതങ്ങളുണ്ടാകുന്നത്.
ചൂഷണങ്ങള്‍ കൊണ്ട് മാത്രമാണ്.

എന്നാൽ. ഈ കണ്ട ഊരുകൾക്കൊപ്പം വികസിച്ചിട്ടില്ലാത്ത സഹായമാവശ്യമുള്ള ചില ഊരുക്കൾ വളരേ ഉൾപ്രദേശത്തുണ്ടെന്ന് ആത്മാർത്ഥമായി ആദിവാസികളെ സ്നേഹിക്കുന്നവർ പറയുന്നതിനെ ഇന്നത്തെ കാഴ്ച്ചകളെ അടിസ്ഥാനമാക്കി മാത്രം നിഷേധിക്കുന്നില്ല.
അവർക്കാവശ്യമായ ന്യായമായ സഹായങ്ങൾ ഒരിക്കലും നിഷേധിക്കപ്പെട്ടു കൂടാ.

ആദിവാസികളെ എങ്ങിനെ പരിഷ്കരിക്കണമെന്നും എങ്ങിനെ സംരക്ഷിക്കണമെന്നും ലോകമെമ്പാടുമുള്ള പരിഷ്കൃതരെന്ന് അവകാശപ്പെടുന്ന സമൂഹത്തിനു മുന്നിലെ അഭിപ്രായ വ്യത്യാസങ്ങളുള്ള വിഷയമാണ്.
1) ഒന്നുകിൽ പരിഷ്കൃതമെന്ന് നാം അവകാശപ്പെടുന്ന നാഗരിക സംസ്ക്കാരത്തിലേക്ക് അവരെ പറിച്ചുനടണം.
2 ) അതല്ലെങ്കിൽ അവരുടെ നിലവിലെ ആവാസ മേഖലയിലേക്ക് ആധുനിക സൗകര്യങ്ങളെത്തിക്കണം.. നാഗരികതയുടെ അടയാളങ്ങളെത്തിക്കണം .

3) അതുമല്ലെങ്കിൽ അവരുടെ നിലവിലെ ആവാസ വ്യവസ്ഥ സുരക്ഷിതമായി തുടരാൻ അവരെ അനുവദിക്കുകയും അതിൽ പുറത്തു നിന്നുള്ള അനാവശ്യ ഇടപെടലുകൾ ഒഴിവാക്കുകയും വേണം.
ഇതിൽ ആദ്യത്തെ രണ്ട് കാര്യങ്ങളോടും ആദിവാസികളിലെ ഒരു വിഭാഗത്തിന് തികഞ്ഞവിമുഖതയാണ് പതിവ്.

ഇതിലോരോന്നും ഒറ്റയ്ക്ക് നടപ്പാക്കുന്നതും അപ്രായോഗികമാണ്. അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തിയും ,സംസ്കാരത്തിലെ നന്മകളെ നിലനിർത്തിയും ഇതു മൂന്നും കൂടിയുള്ളതിന്റെ പ്രായോഗിക സമന്വയമാണ് അഭികാമ്യം. അതു തന്നെയാണ് ഇവിടെ പ്രയോഗിച്ചു കാണുന്നത്.

നമ്മുടെ ഗ്രാമങ്ങളിലെ ലക്ഷം വീടു കോളനികളോളം തന്നെ.. ഒരു പക്ഷേ അതിനേക്കാൾ .. മെച്ചപ്പെട്ട സാഹചര്യങ്ങളാണ് അട്ടപ്പാടി ആദിവാസി ഊരുകളിലുള്ളത് . ആദിവാസികളൊന്നും തന്നെ വീടില്ലാതെ ഗുഹാവാസികളായി കഴിയുന്നില്ല. കൊല്ലപ്പെട്ട മധുവിനും ഒരു വീടുണ്ടായിരുന്നു. മധുവിനും അമ്മയും സഹോദരങ്ങളുമുണ്ടായിരുന്നു.

ഒരു സർക്കാറിന്റെ ധീരമായ ഇടപെടൽ മൂലം മധുവിന്റെ സഹോദരി ഇന്ന് സർക്കാർ ജീവനക്കാരിയാണ് .
ഒരു ജീവന് പകരമാകില്ല അതെങ്കിലും ഒരു ജനപക്ഷസർക്കാറിന്റെ നയവും കാഴ്ച്ചപ്പാടുമാണത് വ്യക്തമാക്കുന്നത് .

അട്ടപ്പാടിയെ പട്ടിണിമരണത്തിന്റെ ദുരന്തഭൂമിയാക്കി എഴുതിപ്പിടിപ്പിക്കുന്ന മാധ്യമങ്ങൾ യാഥാർത്ഥ്യങ്ങളോട് നീതി പുലർത്തുന്നവയല്ല.മധു മരിച്ചത് പട്ടിണി മൂലമല്ല. മാനസിക വിഭ്രാന്തി ബാധിച്ച ഒരു ചെറുപ്പക്കാരനു നേരെയുള്ള ആൾക്കൂട്ട കാട്ടാള നീതിയുടെ ഇരയാണ് മധു .

മധുവിന്റെ മരണമുയർത്തിപ്പിടിച്ച് കേരളത്തെ നാണം കെടുത്താനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനും മാത്രമായിരുന്നു ചില തൽപ്പരകക്ഷികൾക്ക് വ്യഗ്രത.

വിശപ്പും പട്ടിണിയും താങ്ങാനാകാതെ ഭക്ഷണം മോഷ്ടിക്കാന്‍ ഇറങ്ങുന്ന ഒരാൾ പോലും ഈ അട്ടപ്പാടിയിലില്ല. പട്ടിണിയെയും പരിവട്ടത്തെയും കുറിച്ച നിറംപിടിപ്പിച്ച നുണകളാല്‍ സമ്പന്നമായ മാധ്യമങ്ങൾക്ക് കാണിച്ചു തരാനാകില്ല ഈ ഊരിൽ അങ്ങിനെ ഒരു കുടുംബത്തെപ്പോലും.

എന്തെല്ലാമോ കാരണങ്ങളാൽ മനോനില തകർന്ന് എല്ലാവരില്‍ നിന്നും ഓടിയൊളിച്ച് അമ്മയ്ക്കും സഹോദരങ്ങൾക്കും പോലും അപ്രാപ്യനായി അലഞ്ഞു ജീവിച്ചിരുന്ന മധു എന്ന ചെറുപ്പക്കാരൻ അട്ടപ്പാടിയുടെ പ്രതീകമേയല്ല .

ഇളം കാറ്റ് ചൂളമടിയ്ക്കുന്ന അട്ടപ്പാടി ചുരമിറങ്ങുമ്പോൾ. ഇന്നു കണ്ട പകൽക്കാഴ്ച്ചകൾ മനസ്സിൽ ഉറപ്പിച്ചു കൊണ്ടിരുന്നു.അട്ടപ്പാടി അധ്വാനിച്ച് ജീവിതം പുലർത്തുന്നവരുടെ സ്വപ്നഭൂമിയാണ്.കണ്ണുകളിൽ കൃതിമമായ സഹാനുഭൂതി നിറച്ച്
ഒരു കിറ്റ് അരിയും പഴകിയ വസ്ത്രങ്ങളുമായി സെൽഫി ക്യാമറയുംപേറി ആരും അങ്ങോട്ട് കയറിച്ചെല്ലേണ്ടതില്ല.
അട്ടപ്പാടി ആത്മാഭിമാനമുള്ളവരുടെ കർമ്മഭൂമിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News