ഏ‍ഴ് ഗോളിന്‍റെ കടം വീട്ടി ബ്രസീല്‍; അര്‍ജന്‍റീനയ്ക്ക് സ്പെയിന്‍ വക ആറ് ഗോള്‍ ഷോക്ക്; ലോകഫുട്ബോളിന് ഞെട്ടല്‍

നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് കളിക്കളത്തില്‍ ഏ‍ഴ് ഗോളിന്‍റെ തോല്‍വി ഏറ്റുവാങ്ങി കണ്ണീരണിഞ്ഞ് മടങ്ങിയതിന് ബ്രസീലിന്‍റെ മധുരപ്രതികാരം. ബ്രസീലിന്റെ യുവനിര ലോകചാംപ്യന്മാരായ ജർമനിയെ മുട്ടുകുത്തിച്ചു.

ഏകപക്ഷീയമായ ഒരുഗോളിനാണ് സൗഹൃദ മൽസരത്തില്‍ ജര്‍മ്മന്‍ മതില്‍ സാംബാചുവടൊച്ചയ്ക്കുമുന്നില്‍ തകര്‍ന്നടിഞ്ഞത്. 37–ാം മിനിറ്റിൽ ഗബ്രിയേൽ ജിസ്യൂസാണ് മഞ്ഞപ്പടയുടെ വിജയഗോൾ കുറിച്ചത്.

2016 യൂറോകപ്പിനു ശേഷം തോല്‍വിയറിയാതെ കുതിച്ച ലോകചാമ്പ്യന്‍മാരുടെ വമ്പൊടിക്കാനും ബ്രസീലിയന്‍ യുവനിരയ്ക്ക് സാധിച്ചു.

അതേസമയം ആരാധകരുടെ പ്രിയടീമുകളിലൊന്നായ അര്‍ജന്‍റീന സ്പാനിഷ് കരുത്തിന് മുന്നില്‍ ദയനീയമായി തകര്‍ന്നടിഞ്ഞു. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് അര്‍ജന്‍റീന തോല്‍വി ഏറ്റുവാങ്ങിയത്.

സ്പാനിഷ് സൂപ്പര്‍താരം ഇസ്കോയുടെ തകര്‍പ്പന്‍ ഹാട്രിക്കാണ് നീലപ്പടയുടെ കഥ ക‍ഴിച്ചത്. തുടര്‍ച്ചയായ 18 മത്സരങ്ങളില്‍ തോല്‍വിയറിയാതെ കുതിച്ച അര്‍ജന്‍റീനയുടെ പതനമാണ് മത്സരത്തിലുടനീളം ദൃശ്യമായത്. സൂപ്പര്‍ താലം ലയണല്‍ മെസി കളിക്കാനിറങ്ങിയില്ലെന്നതില്‍ നിലപ്പടയ്ക്ക് ആശ്വസിക്കാം.

അതേസമയം ആതിഥേയരായ റഷ്യയെ ഫ്രാന്‍സ് പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഫ്രഞ്ച് പടയുടെ വിജയം.കൈലിയൻ എംബാപെ രണ്ട് ഗോളും പോൾ പോഗ്ബ ഒരു ഗോളും നേടി.

ഇംഗ്ലണ്ടും ഇറ്റലിയുമായുള്ള പോരാട്ടം ഇരു ടീമുകളും ഒരു ഗോള്‍ വീതം നേടിയതോടെ സമനിലയില്‍ കലാശിച്ചു.


ബെൽജിയം ഏകപക്ഷിയമായ നാല് ഗോളുകള്‍ക്ക് സൗദിയെ തോൽപിച്ചു. റൊമേലു ലുകാകു രണ്ടുഗോളടിച്ച് താരമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News