പണമില്ലാത്തതിനാൽ മംഗലാപുരത്തെ സ്വകാര്യ ആശുപത്രി കയ്യൊഴിഞ്ഞു; എക്‌സ്ട്രാഡൂറൽ ഹെമറ്റോമ കാരണം മരണം മുന്നിൽകണ്ട 32കാരന് പരിയാരത്ത് രണ്ടാം ജന്മം

കണ്ണൂർ : നീണ്ട 10 മണിക്കൂർനേരം ആ യുവാവ് ഗുരുതരാവസ്ഥയിലായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചില്ലെന്ന് ഉറപ്പിച്ച മണിക്കൂറുകൾ. അപകടത്തെ തുടർന്ന് അതീവഗുരുതരാവസ്ഥയിലാണ് കുറ്റി ക്കോൽ സ്വദേശിയായ 32 കാരൻ ജയനെ കാസർഗോഡ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

തലച്ചോറിൽ വലിയ രീതി യിൽ രക്തസ്രാവമുണ്ടെന്നും പെട്ടെന്നുതന്നെ സർജറി ആവശ്യമാണെന്നും മംഗലാപുരത്തെ സ്വകാര്യ ആശുപത്രി ഡോക്ടർമാർ നിർദ്ദേശിച്ചു. ശസ്ത്രക്രിയ ആരംഭിക്കാൻവേണ്ടി കെട്ടിവെയ്ക്കാൻ പറഞ്ഞത് ഒന്നരലക്ഷം രൂപ. എത്രയും വേഗം കെട്ടിവെയ്ക്കണമെന്നും നിർദ്ദേശം.

രോഗി സ്വബോധത്തിൽ നിന്നും അർദ്ധബോധാവസ്ഥയിലേക്കും പിന്നീട് പൂർണ്ണമായും അബോധ വാസ്ഥയിലുമായി. പണം കണ്ടെത്താനുള്ള നെട്ടോട്ടം നാട്ടിൽ നടത്തുന്നതിനിടെ മണിക്കൂറുകൾ കഴിഞ്ഞു. ആശുപത്രിയിലെത്തിയപ്പോൾ പറഞ്ഞ പണം ഇല്ലാത്തതിനാൽ ശസ്ത്രക്രിയ പറ്റില്ലെന്ന് സ്വകാര്യ ആശുപത്രിയുടെ തീരുമാനം.

ഒടുവിൽ മംഗലാപുരം ആശുപത്രിയിൽ നിന്നും രാത്രി 7.30 മണിയോടെ പരിയാരം മെഡിക്കൽ കോളേജ് ആശൂപത്രിയിൽ ബന്ധപ്പെട്ടപ്പോൾ എത്രയും വേഗം എത്തിക്കാൻ പറയുകയായിരുന്നു. ആശങ്കയും വേദനയും നിറഞ്ഞ അടുത്തചോദ്യം പണം ആദ്യം തന്നെ അടക്കേണ്ടിവരുമോ എന്നായിരുന്നു.

ഫോണിൽ പറഞ്ഞ ലക്ഷണങ്ങൾവെച്ച് അബോധാവസ്ഥ യിൽ ഗുരുതരാവസ്ഥയിൽ തുടരുന്ന രോഗിയുടെ ജീവൻ രക്ഷിക്കാനാണെങ്കിൽ വേഗം എത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. രാത്രി 10 മണിയോടെ രോഗിയേയും കൊണ്ട് ആംബുലൻസ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുമ്പോഴേക്കും അതീവ ഗുരുതരാവസ്ഥയിലായിരുന്നു രോഗി. ഏതെങ്കിലും ബ്ലോക്കിൽപെട്ട് മിനുട്ടുകൾ കൂടി വൈകിയിരുന്നെങ്കിൽ ജീവൻ തന്നെ അപകടത്തിലാ വുമായിരുന്ന സ്ഥിതിയായിരുന്നുവെന്ന് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു.

പരിയാരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെത്തിച്ച രോഗിയെ എമേർജൻസി വിഭാഗം ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരുടെ നേതൃത്വത്തിൽ കാര്യങ്ങൾ പെട്ടെന്നുതന്നെ നീക്കി. ന്യൂറോ സർജനെ വിവരമറിയിച്ചു. മിനുട്ടുകൾക്കകം ന്യൂറോ സർജ്ജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ ശസ്ത്ര ക്രിയ ആരംഭിച്ചു.

ഉച്ചയോടെ അപകടം സംഭവിച്ച് പരിയാരത്തെത്തുമ്പോൾ ഏറെ വൈകിയതിനാൽ രക്തസ്രാവം തലക്കകത്ത് വ്യാപിച്ചിരുന്നു. തുടർന്ന് തലയോട്ടിതുറന്ന് അതിസങ്കീർണ്ണമായ ശസ് ത്രക്രിയ നടത്തുകയായിരുന്നു. എമേർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ ജി സുരേഷ്, ന്യൂറോ സർജ്ജൻ ഡോ പ്രേംലാൽ, അനസ്‌തേഷ്യസ്റ്റ് ഡോ മോളി ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

മംഗലാപുരത്തെ ആശുപത്രിയിൽ അഡ്വാൻസ്‌ അടക്കാൻ പറഞ്ഞതിന്റെ പകുതിതുക പോലും ആയില്ല പരിയാരത്ത്‌ ആകെ ചികിത്സാ ചെലവ്‌. രോഗി സുഖം പ്രാപിച്ച്‌ വരുന്നു. നാളെ ഡിസ്ചാർജ്ജ്‌ ചെയ്തേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here